ഹിന്ദി സിനിമയിലൂടെയാണ് തമന്ന ഭാട്ടിയ അഭിനയരംഗത്തേക്ക് കടക്കുന്നത്, അതും പതിനേഴാമത്തെ വയസ്സില്‍. ആദ്യചിത്രം പൂര്‍ണപരാജയപ്പോള്‍, അതോടെ ആ പെണ്‍കുട്ടിയുടെ കരിയര്‍ കഴിഞ്ഞുവെന്ന് പലരും കരുതി. പക്ഷേ പിന്നെയും നല്ല അവസരങ്ങള്‍ തമന്നയെ തേടിയെത്തി. തമിഴ് സിനിമയിലും പിന്നീട് തെലുഗുവിലുമായി അവര്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്തു. ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ സജീവമാവുകയാണ് തമന്ന. നല്ല റോളുകള്‍ മാത്രമല്ല, ഐറ്റംഡാന്‍സുകളും അവര്‍ പരീക്ഷിക്കുന്നു. അങ്ങനെ കരിയര്‍ പുതുമയോടെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണവര്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഭിനയത്തോടുള്ള തന്റെ അഭിനിവേശം തീര്‍ന്നിട്ടില്ലെന്നാണ് തമന്ന പറയുന്നത്. ''ഇന്നും ദിവസവും രാവിലെ എണീക്കുന്നത് ക്യാമറയെ അഭിമുഖീകരിക്കണം എന്ന ആഗ്രഹത്തോടെയാണ്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നു. പിന്നെ ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് നല്ല സമയമാണ്. ഇഷ്ടംപോലെ അവസരങ്ങള്‍ വരുന്നുണ്ട്''.  

മുംബൈയിലാണ് ജനിച്ചതെങ്കിലും കോളിവുഡാണ് തമന്നയ്ക്ക് ഭാഗ്യമായി മാറിയത്. കല്ലൂരി, ഹാപ്പി ഡേയ്‌സ് എന്നീ സിനിമകള്‍ തമിഴില്‍ അവര്‍ക്ക് ബ്രേക്ക് സമ്മാനിച്ചു. പിന്നീട് മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി. പതിനെട്ട് വര്‍ഷം കൊണ്ട് കുറേ നല്ല റോളുകള്‍ ചെയ്തു. കരിയറിലെന്നും തമന്നയ്ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു, ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നതായിരുന്നുവത്. അതിനൊപ്പം ഇന്റിമേറ്റ് രംഗങ്ങളില്‍നിന്ന് കഴിയുന്നത്ര വിട്ടുനില്‍ക്കുമെന്നതും. അതവര്‍ അതൊരിക്കലും തെറ്റിച്ചിട്ടുമില്ല.

പക്ഷേ, ആ തീരുമാനം അവര്‍ പിന്‍വലിച്ചത് ബോളിവുഡില്‍ സജീവമായപ്പോഴാണ്. 'ലസ്റ്റ് സ്‌റ്റോറീസ് 2'-ലൂടെയാണ് ഹിന്ദിയിലേക്ക് മടങ്ങിവന്നത്. അതിനെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ. ''ചുംബിക്കുന്നത് സിനിമയില്‍ കാണുമ്പോള്‍ ആളുകള്‍ക്ക് അത് ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് അത് ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചത്. പക്ഷേ ആളുകള്‍ക്ക് ഇപ്പോഴെന്തും വിരല്‍ത്തുമ്പിലാണ്. അതുകൊണ്ട് ഇപ്പോള്‍ ചുംബനരംഗങ്ങളും പ്രശ്‌നമല്ലാതായി. അതുകൊണ്ടാണ് എന്റെ തോന്നലുകളൊക്കെ ഞാന്‍ മാറ്റിവെച്ചത്''. അതിനുശേഷം ബബ്ലി ബൗണ്‍സര്‍, സ്ത്രീ 2 എന്നീ സിനിമകളിലും തമന്ന അഭിനയിച്ചു. ഏറ്റവുമൊടുവില്‍ റിലീസായത് ജോണ്‍ എബ്രഹാമിനൊപ്പമുള്ള വേദാ എന്ന സിനിമയാണ്. 

ഒ.ടി.ടി റിലീസായ 'ലസ്റ്റ് സ്‌റ്റോറീസ് 2'-ല്‍ അഭിനയിച്ചതോടെ അതിലെ നായകനായ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനൊപ്പം തമന്നയുടെ ഐറ്റംസോങ്ങുകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 'ജെയിലര്‍'-ലെ 'കാവാലാ...' എന്ന പാട്ടിനൊപ്പം തന്നെ തമന്നയുടെ നൃത്തച്ചുവടുകളും ആളുകളെ ആകര്‍ഷിച്ചു. 'സ്ത്രീ 2'-ലെ 'ആജ് കീ രാത്' എന്ന പാട്ടിലെ നൃത്തവും വൈറലായി. സിനിമയില്‍ ആ നൃത്തരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും, അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ബോളിവുഡിലെ അവസരങ്ങളും പുതിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളുമായി തിരക്കൊഴിയുന്നേയില്ല തമന്നയ്ക്ക്. രസ്‌നയുടെ അംബാസഡറായി കരാറിലൊപ്പിട്ടതും ഈ വര്‍ഷം തന്നെയാണ്. അതിനൊപ്പം ഷിസെയ്‌ദോ എന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ അംബാസഡറും തമന്ന തന്നെ.