ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2019 ലാണ് ബത്തേരി സര്‍വജന ഗവ:ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. സ്‌കൂളുകളിലെ ക്ലാസ് മുറികളിലേക്ക് എത്തുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അന്ന് കേരളം മുഴുവന്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ കുട്ടികളുടെ സുരക്ഷ കര്‍ശനമാക്കണമെന്നും അതിന് കൃത്യമായ നിയമങ്ങളും പരിശോധനകളും നിര്‍ബന്ധമാക്കുമെന്നുമെല്ലാം അന്ന് ഭരണാധികാരികള്‍ ഉറപ്പുനല്‍കിയിരുന്നു. അധ്യാപകരെയും ഭരിക്കുന്ന സര്‍ക്കാരിനെയും വിശ്വസിച്ച് പൊതുവിദ്യാലയങ്ങളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളുടെ ഇനി അത്തരത്തിലൊരു സംഭവമുണ്ടാകില്ലെന്ന് ആശ്വസിച്ചിരുന്നു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായി ഒരുകുട്ടിയുടെ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുകയാണ്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ 13 വയസ്സുകാരന്‍ മിഥുനാണ് ഇത്തവണ ഉത്തരവാദിത്തപ്പെട്ടവരുടെ അശ്രദ്ധമൂലം മരണപ്പെട്ടിരിക്കുന്നത്. അതും സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ഷോക്കേറ്റ്. എന്ത് ധൈര്യത്തിലാണ് തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ വിടേണ്ടതെന്ന ചോദ്യമാണ് കേരളത്തിലെ ഓരോ രക്ഷിതാവും ഈ സംഭവത്തോടെ ഉന്നയിക്കുന്നത്.

നിയമങ്ങളുണ്ട്...

ഈ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് കേരളസര്‍ക്കാര്‍ സ്‌കൂള്‍ സുരക്ഷയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളരെ വിശദമായി തന്നെ പുറത്തിറക്കിയിട്ടുണ്ട്.

അതില്‍ സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോ സ്‌കൂളില്‍ സ്‌കൂള്‍ സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാനും ഇവര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറാനും പറയുന്നുണ്ട്. ജില്ലാതലത്തില്‍ കലക്ടര്‍ക്കും സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ദുരന്തനിവാരണ അതോറിറ്റിയുമാണ് ഈ സമിതിക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂള്‍ തലത്തില്‍ രൂപീകരിക്കുന്നപ്പെടുന്ന പ്രാഥമിക സമിതിയുടെ അധ്യക്ഷന്‍ സ്‌കൂള്‍ മേധാവിയായിരിക്കും. മറ്റൊരു പ്രധാനാധ്യാപകന്‍, മേഖലയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍, പി.ടി.എ അധ്യക്ഷന്‍, എന്‍.സി.സി., എന്‍.എസ്.എസ്, സ്‌കൗട്ട് വിഭാഗങ്ങളില്‍ നിന്നുള്ള ഒരുപ്രതിനിധി, ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും ഓരോപ്രതിനിധി തുടങ്ങി അഗ്നിശമന സേന, പൊലീസ്, ആരോഗ്യവകുപ്പ്, സിവില്‍ ഡിഫന്‍സ് എന്നീ പ്രധാന വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാണ് ഈ സമിതി രൂപീകരിക്കേണ്ടത്. ഈ സമിതിയുടെ സഹായത്തോടെ എല്ലാ സ്‌കൂളുകളും സ്‌കൂള്‍ സുരക്ഷാ ആസൂത്രണ രേഖ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ഓരോ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സ്‌കൂള്‍ കെട്ടിടവും ചുറ്റുപാടും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് കൃത്യമായി പറയുന്നുണ്ട്. അപകടകരമാം വിധം നിലകൊള്ളുന്ന വൈദ്യുത കമ്പികളും വയറുകളും സുരക്ഷിതമാക്കണമെന്നും ഈ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ വേറെയും വൈദ്യുതിയുമായി സ്‌കൂള്‍ പ്രദേശത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ രൂപരേഖയിലുണ്ട്. എന്നാല്‍ തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഈ രൂപരേഖ പ്രകാരമുള്ള ഒരുനടപടികളും സ്വീകരിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് മിഥുന്‍ എന്ന വിദ്യാര്‍ഥിയുടെ മരണം. അപകടകരമാം വിധം സ്‌കൂള്‍ കോമ്പൗണ്ടില്‍ വൈദ്യുത ലൈനുകള്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നതും ദുരൂഹമാണ്.

കോടതി പറഞ്ഞു..

ഒരാഴ്ച മുമ്പാണ് കേരള ഹൈക്കോടതി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ഉന്നതതലയോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്. യോഗം ചേര്‍ന്ന് ഈ മാസം 28നകം മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ കരട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട അഡ്വ.കുളത്തൂര്‍ ജയ്‌സിങ് ഫയല്‍ചെയ്ത ഹര്‍ജിയും പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കോടതി നിര്‍ദേശം കൊടുത്ത് ഒരാഴ്ച തികയുംമുമ്പേ ഒരുകുട്ടിയുടെ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുകയാണ്.

മയക്കം നടിക്കല്ലേ..

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ കുട്ടി പാമ്പുകടിയേറ്റ് മരിച്ച ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സമാനമായ സംഭവം ആവര്‍ത്തിക്കുമ്പോള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. നിയമങ്ങളും നിര്‍ദേശങ്ങളും കടലാസുകളില്‍ ഒരുപാട് ഉണ്ടെങ്കിലും അതെന്നും സ്‌കൂളില്‍ പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് സത്യം. സുരക്ഷ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് പരിശോധിക്കാന്‍ പോലും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും താത്പര്യം കാണിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് തേവലക്കരയിലെ സംഭവം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi