''ശമ്പളം അതേപടി. ചെലവ് മാത്രം കൂടിക്കൊണ്ടിരിക്കുന്നു. മാസാവസാനം അക്കൗണ്ടിൽ ഒന്നും ബാക്കി ഇല്ല. ഇത്രയധികം സമ്മർദ്ദത്തിനിടയിൽ സമ്പാദിക്കാനോ നിക്ഷേപിക്കാനോ എങ്ങിനെയാണ് കഴിയുന്നത്?'' ഇതാണ് ഇന്ന് മിക്ക വീട്ടമ്മമാരുടെയും ജോലി ചെയ്യുന്ന സ്ത്രീകളുടെയും പരാതി. വിലക്കയറ്റം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ആരോഗ്യചെലവ്, വീട്ടുചെലവ്, കടബാധ്യതകൾ... എല്ലാം ചേർന്ന് ശ്വാസം മുട്ടിക്കുകയാണ്. ഇതിനിടിയിൽ എന്ത് സമ്പാദ്യം, എന്തു നിക്ഷേപം, എന്ത് സാമ്പത്തിക സ്വാതന്ത്ര്യം.

വരുമാനം കൂടിയാൽ മാത്രമേ സമ്പാദിക്കാനാകൂ എന്ന ധാരണ തെറ്റാണ്. സമ്പാദ്യവും നിക്ഷേപവും തുടങ്ങുന്നത് വരുമാനത്തിന്റെ അളവിൽ നിന്നല്ല; ചിന്താഗതിയിലെ മാറ്റത്തിൽ നിന്നാണ്.

സമ്പാദ്യം എന്നത് 'ബാക്കി'യല്ല, 'ആദ്യ ചെലവാണ്'

''എല്ലാ ചെലവും കഴിഞ്ഞാൽ ബാക്കി ഉണ്ടെങ്കിൽ സേവ് ചെയ്യാം.'' എന്നാണ് എല്ലാവരും കരുതുന്നത്. പ്രായോഗികമായി ഇത് നടക്കാറില്ല. കാരണം ചെലവുകൾക്ക് അവസാനമില്ല. അതിനാൽ സാമ്പത്തികമായി മുന്നേറണമെങ്കിൽ വരുമാനം കിട്ടുന്ന ഉടൻ തന്നെ ഒരു ഭാഗം മാറ്റിവയ്ക്കുക. ബാക്കി ഉപയോഗിച്ച് ജീവിക്കുക. ഇത് വലിയ തുകയായിരിക്കണമെന്നില്ല. മാസത്തിൽ 500 രൂപയോ 1000 രൂപയോ മതിയാകും. തുക ചെറുതാണെന്നതുകൊണ്ട് മാറ്റിവയ്ക്കാതിരിക്കരുത്. സ്ഥിരതയാണ് പ്രധാനം.

ഇതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. പറയാൻ എളുപ്പമാണ്. പക്ഷേ ഒന്നും നടക്കില്ല. എന്നൊക്കെയാകും നിങ്ങൾ പറയുക.

''എനിക്ക് വരുമാനം തന്നെ ഇല്ല , അപ്പോഴാണ് സമ്പാദിക്കലും നിക്ഷേപിക്കലും'' എന്ന് പറയുന്ന സ്ത്രീകൾ ഇന്നും ധാരാളം ഉണ്ട്. ഇവിടെയാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. വീട്ടമ്മയ്ക്ക് വരുമാനം ഇല്ല എന്ന ധാരണ സമൂഹം തന്നെ സൃഷ്ടിച്ചതാണ്. വീട്ടമ്മ ചെയ്യുന്ന ജോലി - കുട്ടികളുടെ പരിപാലനം, ഭക്ഷണം, വീട്ടുനടത്തിപ്പ് - എല്ലാം പുറത്തുനിന്ന് ആളെ വച്ചാൽ വൻ ചെലവാണ്. അതിനാൽ തന്നെ വീട്ടമ്മയാണ് കുടുംബത്തിന്റെ ഏറ്റവും വലിയ സാമ്പത്തികപിന്തുണ. ഭർത്താവിന്റെ വരുമാനം മുഴുവനായും 'അവന്റെ' പണമല്ല; അത് കുടുംബത്തിന്റെ പണമാണ്. അതിൽ നിന്ന് ഒരു ഭാഗം വീട്ടമ്മയുടെ പേരിൽ സമ്പാദ്യത്തിനായി മാറ്റിവയ്ക്കുന്നത് ദാനമല്ല, അവകാശമാണ്.

ചെലവ് നിയന്ത്രിക്കലല്ല, ചെലവിനെ നിയന്ത്രിക്കുന്നത്

പലരും ചെലവ് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? കാരണം 'കുറയ്ക്കുക' എന്നത് നെഗറ്റീവ് അനുഭവമാണ്. പകരം ചെലവിനെ നിയന്ത്രിക്കുക എന്ന സമീപനം സ്വീകരിക്കണം.

ചെലവ് മൂന്നു വിഭാഗങ്ങളാക്കാം:

  1. അത്യാവശ്യ ചെലവ് - ഭക്ഷണം, വാടക, വൈദ്യുതി, വെള്ളം
  2. പ്രധാന ചെലവ് - വിദ്യാഭ്യാസം, യാത്ര, ആരോഗ്യചെലവ്
  3. ആവശ്യമില്ലാത്ത ചെലവ് - അനാവശ്യ ഷോപ്പിംഗ്, ആവർത്തിച്ച ഓൺലൈൻ ഓർഡറുകൾ

മൂന്നാമത്തെ വിഭാഗത്തിൽ നിന്നാണ് സമ്പാദ്യത്തിന് വഴി കണ്ടെത്തേണ്ടത്. ചെറിയ തുകകൾ ഇവിടെ വൻ മാറ്റമുണ്ടാക്കും.

നിക്ഷേപം പണക്കാരുടെ കാര്യമല്ല

'നിക്ഷേപം' എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പല സ്ത്രീകളും പിന്നോട്ട് പോകും. വലിയ തുക, വലിയ റിസ്‌ക്, വലിയ അറിവ് - ഇങ്ങനെയാണ് പൊതുവെ കരുതുന്നത്. പക്ഷേ ഇന്ന് നിക്ഷേപം മാസം 500 രൂപ മുതൽ തുടങ്ങാൻ കഴിയും. മ്യൂച്വൽ ഫണ്ടിലെ എസ്‌ഐപി, റിക്കറിങ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് സ്‌കീമുകൾ - എല്ലാം സാധാരണ സ്ത്രീകളെ ലക്ഷ്യമിട്ടുള്ളവയാണ്. നിക്ഷേപം തുകയുടെ വലിപ്പത്തിൽ അല്ല; സമയത്തിന്റെ ദൈർഘ്യത്തിലാണ് വളരുന്നത്.

'ഇപ്പോൾ തുടങ്ങാമോ?' എന്ന സംശയം

''ഇപ്പോൾ തന്നെ തുടങ്ങാമോ? സാഹചര്യം മെച്ചപ്പെട്ടാൽ നോക്കാം'' - ഇതാണ് മറ്റൊരു സാധാരണ മറുപടി. പക്ഷേ സാമ്പത്തിക ജീവിതത്തിലെ ഏറ്റവും വലിയ ശത്രു ഇങ്ങനെ ഒരു കാര്യവുമില്ലാതെ എല്ലാം വൈകിപ്പിക്കുന്നത് ആണ്.

ഇന്ന് തുടങ്ങുന്ന 1000 രൂപയുടെ എസ്‌ഐപി, അഞ്ച് വർഷം കഴിഞ്ഞ് തുടങ്ങുന്ന 5000 രൂപയേക്കാൾ ശക്തമായിരിക്കും. കാരണം സമയം തന്നെയാണ് നിക്ഷേപത്തിന്റെ യഥാർത്ഥ ശക്തി.

സ്ത്രീകൾക്ക് നിക്ഷേപത്തിൽ ആത്മവിശ്വാസം കുറവാകുന്നത് എന്തുകൊണ്ട്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ സാമ്പത്തികമായി കൂടുതൽ ഉത്തരവാദിത്വമുള്ളവരാണ്. പക്ഷേ ആത്മവിശ്വാസം കുറവാണ്. കാരണം ചെറുപ്പം മുതൽ തന്നെ സാമ്പത്തിക കാര്യങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരാണ് അവർ. ഇത് മാറണം. ബാങ്ക് അക്കൗണ്ട്, നിക്ഷേപ രേഖകൾ, ഇൻഷുറൻസ് - എല്ലാം സ്ത്രീകൾ തന്നെ അറിയുകയും കൈകാര്യം ചെയ്യുകയും വേണം.

ചെറിയ ശീലങ്ങൾ, വലിയ മാറ്റങ്ങൾ

  • മാസത്തിൽ ഒരിക്കൽ ചെലവുകളുടെ പട്ടിക എഴുതുക
  • ഒരു സമ്പാദ്യ അക്കൗണ്ട് നിർബന്ധമായും ഉണ്ടാക്കുക
  • നിക്ഷേപം ഓട്ടോമാറ്റിക് (ഓട്ടോ ഡെബിറ്റ്) ആക്കുക (എസ്‌ഐപി പോലെ)
  • 'എനിക്ക് പറ്റില്ല' എന്ന വാക്ക് ഉപേക്ഷിക്കുക

ഇവ ചെറിയ കാര്യങ്ങളായി തോന്നാം. പക്ഷേ വർഷങ്ങൾക്കുശേഷം ഇവയാണ് സാമ്പത്തിക സുരക്ഷയായി മാറുന്നത്. വരുമാനം കൂടുന്നില്ല എന്നത് സത്യം തന്നെയാകാം. പക്ഷേ അതിന്റെ പേരിൽ സമ്പാദ്യവും നിക്ഷേപവും അസാധ്യമാണെന്ന് കരുതുന്നത് തെറ്റാണ്.

സമ്പാദ്യം ഒരു ശീലമാണ്. നിക്ഷേപം ഒരു ശാസനമാണ്. ഇതുരണ്ടും സ്ത്രീകളുടെ കൈകളിലാകുമ്പോഴാണ് കുടുംബത്തിനും സമൂഹത്തിനും യഥാർത്ഥ സാമ്പത്തിക സുരക്ഷ ഉണ്ടാകുന്നത്. ഇന്ന് തന്നെ ചെറിയൊരു തുടക്കം കുറിക്കൂ. കാരണം സാമ്പത്തിക സ്വാതന്ത്ര്യം ഒരു ദിവസം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഇന്ന് എടുത്ത ഒരു ചെറുതീരുമാനം ആണ് നാളെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരുക. തീരുമാനം ഒന്നും എടുക്കുന്നില്ലേ, ഒരു മാറ്റവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കില്ല.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)