രണ്ട് പ്രശസ്ത താരകുടുംബങ്ങളിൽനിന്നുള്ളവരാണ് സൽമാൻ ഖാനും റൺബീർ കപൂറും. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഒരിക്കലും സുഗമമായിരുന്നില്ല. ഒരിക്കൽ സൽമാനും റൺബീറും തമ്മിലുള്ള തർക്കം, കൈയാങ്കളി വരെ എത്തിയെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അന്ന് റൺബീർ ബോളിവുഡിൽ താരതമ്യേന പുതുമുഖമായിരുന്നു. സൽമാൻ ആണെങ്കിൽ സൂപ്പർസ്റ്റാറും. മുംബൈയിലെ ഒരു ആഡംബര ക്ലബിൽ വെച്ചാണ് സംഭവം. അവർ തമ്മിലുള്ള സംസാരം ഒടുവിൽ ചൂടേറിയ വാഗ്വാദത്തിലേക്ക് മാറി. അവസാനം സൽമാൻ നിയന്ത്രണം നഷ്ടപ്പെട്ട് റൺബീറിനെ അടിക്കുകയായിരുന്നുവത്രെ.

To advertise here,

ഈ ഘട്ടത്തിൽ സഞ്ജയ് ദത്ത് ഇടപെട്ടു. ഒടുവിൽ നാണക്കേട് മൂലം റൺബീർ അവിടുന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പിറ്റേന്ന്, സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ രൺബീറിന്റെ വീട്ടിൽ എത്തി. തലേദിവസം രാത്രി സംഭവിച്ച എല്ലാത്തിനും ഋഷി കപൂറിനോട് ക്ഷമ ചോദിച്ചു. പ്രശ്‌നപരിഹാരമെന്ന നിലയിൽ സൽമാൻ, റൺബീറിന് ഒരു വാച്ച് സമ്മാനിച്ചതായും പറയപ്പെടുന്നു.

ഒരിക്കൽപ്പോലും റൺബീറുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സൽമാൻ സംസാരിച്ചിട്ടില്ല. എന്നാൽ, വർഷങ്ങൾക്കുശേഷം മറ്റൊരു പ്രശ്‌നത്തെക്കുറിച്ച് ഉള്ള കഥ പറയുകയാണ് 'ഒലീവ് ബാർ ആന്റ് കിച്ചൺ' ഉടമ എ.ഡി.സിങ്. ഒരുകാലത്ത് ബോളിവുഡ് താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും ഇഷ്ടകേന്ദ്രമായിരുന്നു ഇവിടം. റിഷി കപൂറും റൺധീർ കപൂറും ഇവിടുത്തെ സ്ഥിരം അതിഥികളായിരുന്നു. റിഷിയിൽനിന്നാണ് ഫിലിം സ്‌കൂളിൽ പഠിച്ച അദ്ദേഹത്തിന്റെ മകനെക്കുറിച്ച് എ.ഡി.സിങ് അറിയുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ റൺബീറും അങ്ങോട്ടുവരാൻ തുടങ്ങി. ഒരിക്കൽ അറിയാതെ റൺബീർ സൽമാനെ പ്രകോപിപ്പിച്ചു. ഇതിൽ ക്ഷുഭിതനായ സൽമാൻ, റൺബീറിനെ ഫിഷ് പോണ്ടിലേക്ക് തള്ളിയിടാൻ നോക്കി. അപ്പോൾ സൽമാന്റെ സഹോദരങ്ങൾ ഓടിയെത്തി തടഞ്ഞു.

എന്നാൽ, അതിനുശേഷവും സൽമാനും റൺബീറും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നു. സൽമാനും കത്രീനയും ഒരുകാലത്ത് ഡേറ്റിങ്ങിലായിരുന്നു. പിന്നീട് റൺബീറും കത്രീനയും പ്രണയത്തിലായപ്പോൾ, സൽമാനും റൺബീറും തമ്മിലുള്ള ബന്ധം കൂടുതൽ മോശമായി. എന്നാൽ, ഒരിക്കലും താരങ്ങൾ ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ല. പിന്നീട് രൺബീറും കത്രീനയും വേർപിരിഞ്ഞപ്പോൾ, അദ്ദേഹം കത്രീനയുടെ പക്ഷത്ത് നിൽക്കുകയും ചെയ്തു.

പിന്നീട് ഒരു ഈദ് ദിനത്തിൽ സൽമാന്റെ ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിൽ നടന്ന ആഘോഷങ്ങളിൽ ഇരുവരും പങ്കെടുത്തു. അങ്ങനെയാണ് ഇരുവർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ തീരുന്നതും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi