മഹാരാഷ്ട്രയിലെ കാംടിയിലെ ആർമി കന്റോൺമെന്റ് ഏരിയ. അവിടെ മലയാളി കുടുംബങ്ങളിലൊന്നിൽ ചേർത്തലക്കാരായ ഒരു അമ്മയും അച്ഛനും രണ്ട് മക്കളും താമസിച്ചിരുന്നു. കുടുംബത്തിലെ ആൺകുട്ടി പഠിത്തത്തിൽ അല്പം ഉഴപ്പനും ക്രിക്കറ്റ് പ്രേമിയും മിഥുൻ ചക്രവർത്തിയുടെ ആരാധകനുമായിരുന്നു. സ്‌കൂളിൽ ദിവസവും രാവിലെ പ്രതിജ്ഞ ചൊല്ലാനായി കൈനീട്ടിനിൽക്കുമ്പോൾ 'ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ്' എന്ന വാചകമെത്തിയാൽ ഇപ്പറഞ്ഞ പയ്യന് സന്തോഷംകൊണ്ട് രോമാഞ്ചം വരും. പ്രതിജ്ഞ പ്രകാരം എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരന്മാരാണല്ലോ. അങ്ങനെയെങ്കിൽ മിഥുൻ ചക്രവർത്തിയും ഗോവിന്ദയും സാക്ഷാൽ മോഹൻലാലുംവരെ സഹോദരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുമല്ലോ എന്ന തോന്നലുണ്ടാക്കുന്ന സന്തോഷം.
അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് കുടുംബം നാഗ്പൂരിലേക്ക് താമസംമാറി. അവിടെ അയൽപക്കത്ത് അമ്മയ്ക്ക് ഒരു കൂട്ടുകാരിയെ കിട്ടി. എറണാകുളം കത്രിക്കടവുകാരിയായ ആ കൂട്ടുകാരിയെ പയ്യൻ ഗേളി ആന്റി എന്നുവിളിച്ചു. ഹൗസിങ് കോളനിയുടെ മുറ്റത്ത് സാങ്കല്പിക യോർക്കറുകളെ നേരിടുന്ന പയ്യനെ ചൂണ്ടി ഇടയ്ക്കൊക്കെ ആന്റി അമ്മയോട് ഒരു പ്രവചനം നടത്തി. ''ശോഭനേ, ഭാവിയിൽ നിങ്ങൾ കേരളത്തിൽ സ്ഥിരതാമസമാക്കി, നിന്റെ മകന് എറണാകുളത്ത് എവിടെയെങ്കിലും ജോലികിട്ടി സിനിമാക്കാരാരെങ്കിലും അവനെ കണ്ടാൽ തീർച്ചയായും അവനെ സിനിമയിലെടുക്കും.''
Also Read
എന്തടിസ്ഥാനത്തിലാണ് ആ പ്രവചനമെന്ന് അമ്മയ്ക്കോ കഥയിലെ നായകനായ പയ്യനോ മനസ്സിലായില്ല. പക്ഷേ, കാലം പ്രവചനത്തെ യാഥാർഥ്യമാക്കി. സൈജു കുറുപ്പ് നടനായി. വിഖ്യാത സംവിധായകൻ ഹരിഹരന്റെ സിനിമയിലൂടെ അരങ്ങേറ്റം.
ഇരുപത് വർഷം പിന്നിടുമ്പോൾ നിർമ്മാതാവിന്റെയും നായകന്റെയും ഇരട്ടറോളിലെത്തിയ 'മോഹിനിയാട്ടം' എന്ന ചിത്രം ബോക്സ്ഓഫീസ് ഹിറ്റ്. പതറിയും പരാജയങ്ങൾ രുചിച്ചും ഒരു മേൽവിലാസത്തിന്റെയും പിൻബലമില്ലാതെ ഒറ്റയ്ക്ക് നടന്നുനേടിയ വിജയം. കയറ്റിറക്കങ്ങളുടെ കഥ പറയുകയാണ് സൈജു കുറുപ്പ്.
ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവുംനല്ല സീൻ ഏതായിരിക്കും?
എൻജിനീയറിങ് ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ അച്ഛൻ എന്നെ കെട്ടിപ്പിടിച്ചതാണ് ഓർമ്മയിലെ ബെസ്റ്റ് സീൻ. അച്ഛൻ സ്വതവേ അങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല. പഠിക്കാൻ കുറച്ച് ഉഴപ്പനായിരുന്നു ഞാൻ. ഈ ഉഴപ്പിന്റെ പേരിലാണ് അച്ഛൻ ആകെ വഴക്കുപറഞ്ഞതും തല്ലിയതും. ഞാൻ മൈനിങ് എഞ്ചിനീയറിങ് ആണ് പഠിച്ചത്. നാലുവർഷത്തെ കോഴ്സ് പാസാകാൻ അഞ്ചര വർഷമെടുത്തു. പേപ്പറിൽ റോൾ നമ്പർ കണ്ട് പാസ്സായെന്നറിഞ്ഞ് അച്ഛനെന്നെ ചേർത്തുപിടിച്ചു.
മഹാരാഷ്ട്രയിലായിരുന്നല്ലോ ജീവിതത്തിന്റെ വലിയൊരുകാലം?
ഡിഫൻസ് അക്കൗണ്ട്സിലായിരുന്നു അച്ഛന് ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തുന്നത്. 22-ാം വയസ്സുവരെ അവിടെ തുടർന്നു. മൂന്നരവയസ്സുവരെ ചേർത്തലയിലാണ് വളർന്നത്. അക്കാലത്ത് മലയാളം അക്ഷരങ്ങൾ പഠിച്ചിരുന്നു.
അച്ഛന്റെ ജോലിസ്ഥലത്തേക്ക് പോയതോടെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കേണ്ടിവന്നു. പക്ഷേ, മലയാളമായിരുന്നു വീട്ടിലെ സംസാരഭാഷ. മലയാളം എഴുത്തും വായനയും ഞാൻ മറന്നുപോയി. പിന്നെ സാറ്റലൈറ്റ് ചാനലുകൾ വന്നുതുടങ്ങിയപ്പോൾ അതിൽ സ്‌ക്രോൾ ചെയ്തുപോകുന്ന വാർത്തകളും മറ്റും വായിച്ച് അക്ഷരങ്ങളുടെ ഓർമ്മപുതുക്കി. അപ്പോഴും എഴുതേണ്ട ആവശ്യം വന്നിട്ടില്ല. അതുകാരണം ഇപ്പോഴും എഴുതാൻ അറിയില്ല. 'അ' എന്ന അക്ഷരം കണ്ടാൽ അത് 'അ' ആണെന്ന് അറിയാം. പക്ഷേ, എഴുതാൻ ശ്രമിച്ചാൽ തോറ്റുപോകും.
സിനിമയിൽ സീരിയസ് കഥാപാത്രമായി വന്ന് ചിരിയിലേക്ക് വഴിമാറുകയായിരുന്നു. ജീവിതത്തിലുമുണ്ടോ അതുപോലൊരു ക്യാരക്ടർ ചെയ്ഞ്ച്?
ജീവിതത്തിൽ ക്യാരക്ടർ ചേഞ്ച് ഉണ്ടായത് കല്യാണത്തിന് ശേഷമാണ്. ഇരുപത്തഞ്ചാംവയസ്സിലായിരുന്നു എന്റെയും അനുപമയുടെയും കല്യാണം. അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഒരുനേരം മാത്രം പല്ലുതേച്ചിരുന്ന ഞാൻ രണ്ടുനേരം പല്ലുതേച്ചുതുടങ്ങിയതുമുതൽക്കുള്ള മാറ്റം. ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറയുന്നൊരുശീലം എനിക്കുണ്ടായിരുന്നു. ഇത് നിരീക്ഷിച്ചിട്ട് അനുപമ ഒരുദിവസം എന്നോടുപറഞ്ഞു സൈജു ഇങ്ങനെ ഹിപ്പോക്രാറ്റ് ആവല്ലേയെന്ന്. അതോടെ ആ ശീലം ഞാൻ തിരുത്തി. അപ്രിയസത്യങ്ങൾ പറയില്ലെന്നൊഴിച്ചാൽ ഉള്ളത് ഉള്ളതുപോലെ പറയുന്ന തരത്തിലേക്ക് മാറി.
അനുപമയുടേത് ഒരു പട്ടാള കുടുംബമാണ്. അതിന്റേതായ ചിട്ടകളൊക്കെ പിന്തുടർന്നാണ് വളർന്നത്. ഒന്നിച്ചു യാത്രചെയ്യുമ്പോൾ സ്ത്രീകൾക്കുവേണ്ടി കാറിന്റെ ഡോർ തുറന്നു കൊടുക്കുക, സ്ത്രീകൾക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുക അങ്ങനെയുള്ള ശീലങ്ങൾ ഉണ്ടായി. വിവാഹത്തോടെ മനുഷ്യൻ എന്ന നിലയിൽ മെച്ചപ്പെട്ടതായാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ എന്റെ ജീവിതത്തിലൊരു തിരുത്തൽവാദിയാണ് അനുപമ. എന്റെ അഭിനയം അത്ര നന്നല്ലെന്ന് മറ്റാരെക്കാളും മുമ്പേ പറയുന്നതും അനുവാണ്. എന്റേത് ഗംഭീര പെർഫോമൻസ് ആണെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു ആ തിരുത്ത്. ''സെജു ഇതാണ് കരിയർ എങ്കിൽ അഭിനയം അത്ര പോരാ... ആക്ടിങ് കോഴ്സ് വല്ലതും എടുക്കണം.'' അങ്ങനെയാണ് അനു അക്കാര്യം അവതരിപ്പിച്ചത്.
എയർടെലിൽ സെയിൽസ് മാനേജറായിരിക്കേ ഗായകൻ എം.ജി. ശ്രീകുമാറിന് സിം കൊടുക്കാൻ പോയ പോക്കാണല്ലോ സിനിമയിലേക്ക് വഴിതുറന്നത്. അതുപോലുള്ള സർപ്രൈസുകൾ ജീവിതത്തിൽ പിന്നെയുമുണ്ടായോ?
എം.ജി. സാർ വഴിയാണ് 'മയൂഖ'ത്തിലെത്തുന്നത്. സർപ്രൈസ് എൻട്രിയായിരുന്നു. അത്തരം സർപ്രൈസുകൾ പിന്നെയും ഉണ്ടായി. അതിലൊന്ന് 'ഭരതനാട്യം' എന്ന സിനിമയാണ്. കഥ കേട്ടപ്പോഴേ ആ സിനിമ ചെയ്യണം എന്ന തോന്നലുണ്ടായി. 'ജനമൈത്രി', 'ഉപചാരപൂർവ്വം ഗുണ്ട ജയൻ', 'ജാനകി ജാനേ'... അങ്ങനെ എന്റെ ചില പടങ്ങളൊക്കെ അത്യാവശ്യം ഓടിയിട്ടുണ്ട്. പക്ഷേ, ഹിറ്റ് എന്നുപറയാനൊന്നില്ല. അതുകൊണ്ട് സ്വന്തമായി ഒരു സിനിമ ചെയ്യുമ്പോൾ പ്രൊഡക്ഷൻ ഹൗസ് കിട്ടാനൊക്കെ കുറച്ച് പ്രയാസമായിരിക്കുമെന്ന് അറിയാമായിരുന്നു.
അങ്ങനെയിരിക്കെ വീട്ടുകാരുടെ നിർബന്ധത്തിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ പോയി. അവിടെ ഒരുദിവസത്തെ ഉച്ചയൂണ് നിർമ്മാതാവ് തോമസ് തിരുവല്ലയ്ക്കൊപ്പമായിരുന്നു. സംസാരിച്ചിരിക്കുമ്പോൾ നല്ല കഥകൾ വല്ലതും കേട്ടോ എന്ന് തോമസേട്ടൻ ചോദിച്ചു. ഞാൻ രണ്ടു കഥകൾ പറഞ്ഞു.
'ഭരതനാട്യ'ത്തിന്റെ പ്ലോട്ട് കേട്ട് തോമസേട്ടന് രസംതോന്നി. 'പാപ്പച്ചൻ ഒളിവിലാണ്' എന്നൊരു ചിത്രം എന്നെ വച്ച് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അത് വിജയിച്ചതുമില്ല. ആ അവസ്ഥയിൽ എന്നെ നായകനാക്കി വീണ്ടും സിനിമ ചെയ്യാൻ ഒരു സാധ്യതയുമില്ല. പക്ഷേ, പിറ്റേ ദിവസം തോമസേട്ടൻ വിളിച്ചു. കഥ കേൾക്കണം. ജനുവരിയിൽ വരുന്നുണ്ടെന്നുപറഞ്ഞു. അങ്ങനെയാണ് 'ഭരതനാട്യം' യാഥാർഥ്യമാകുന്നത്. രണ്ടാമത്തെ സർപ്രൈസ് ആണ് 'മോഹിനിയാട്ടം'. 'ഭരതനാട്യ'ത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചൂകൂടെ എന്ന് ചോദിച്ചത് തോമസേട്ടൻ തന്നെയാണ്. 'ഭരതനാട്യം' തീയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഒടിടിയിലാണ് ആളുകൾ കണ്ടത്. പക്ഷേ അദ്ദേഹം വീണ്ടും എന്നെ വെച്ച് റിസ്‌ക് എടുക്കാൻ തയ്യാറായി. അങ്ങനെ 'മോഹിനിയാട്ട'ത്തിലേക്കും ഞാൻ എത്തി.
നടനിൽ നിന്ന് നിർമ്മാതാവിലേക്കുള്ള വളർച്ചയെങ്ങനെയായിരുന്നു?
സിനിമയിൽ വന്ന് ഒന്നൊന്നര വർഷത്തിന് ശേഷമാണ് ഇതാണെന്റെ കരിയറെന്ന് ഉറപ്പിക്കുന്നത്. എന്നെങ്കിലും ഒരു പടം നിർമ്മിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കുട്ടികളുടെ സിനിമ നിർമ്മിക്കാം എന്നാണ് കരുതിയത്. 2012-ൽ 'ട്രിവാൻഡ്രം ലോഡ്ജി'നുശേഷം കൂടുതൽ സിനിമകളും നല്ല കഥാപാത്രങ്ങളും കിട്ടിത്തുടങ്ങി. അപ്പോഴൊക്കെ ചിലരൊക്കെ ചോദിച്ചു ഇനി സിനിമ നിർമ്മിച്ചുകൂടെയെന്ന്. പക്ഷേ, അതിനൊരു കഥ വേണം. പിന്നെ ഒറ്റയ്ക്ക് പറ്റില്ല. വിശ്വസ്തനായ പാർട്ണർ വേണം. അതിനുള്ള കാത്തിരിപ്പിലായിരുന്നു. 'ഭരതനാട്യ'ത്തിന്റെ കഥ കേട്ടപ്പോൾ ഇത് കൊക്കിലൊതുങ്ങുന്നതാണെന്ന തോന്നലുണ്ടായി. തോമസേട്ടനെ എനിക്ക് നന്നായി അറിയാം. കോ-പ്രൊഡ്യൂസർ ആയിക്കോട്ടെ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിനും സന്തോഷം. അതിന് മുമ്പേ സൈജു കുറുപ്പ് എന്റർടൈൻമെന്റ്സ് എന്നപേരിൽ അനുപമയും ഞാനും പാർട്ണേഴ്സായി കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. അങ്ങനെയാണ് 'ഭരതനാട്യം' നിർമ്മിക്കുന്നത്. 'മോഹിനിയാട്ട'ത്തിലും അത് തുടർന്നു.
സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ പഠിച്ച പാഠങ്ങൾ?
പാഠങ്ങൾ ഒരുപാടുണ്ട്. ഹരിഹരൻ എന്ന ലെജൻഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോൾ ആൾക്കാര് കാണിച്ച സ്നേഹം കണ്ട് മതിമറന്നു. പടം ഓടാതെ വന്നപ്പോൾ ദിവസവും വിളിച്ചുകൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മെ അംഗീകരിച്ച് കൂടെ നിൽക്കാൻ വളരെ കുറച്ച് ആൾക്കാരേ ഉണ്ടാകൂ എന്നൊക്കെ മനസ്സിലായിത്തുടങ്ങി.
ഞാൻ മിഥുൻ ചക്രവർത്തിയുടെ വലിയ ആരാധകനാണ്. മിക്ക സിനിമകളിലും അദ്ദേഹത്തിന് പാവപ്പെട്ടവന്റെ റോളായിരിക്കും. ഒരു പടത്തിൽ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട്. 'എനിക്ക് ജീവിതത്തിൽ കാശൊന്നും വേണ്ട. കാശില്ലെങ്കിലെന്താ എനിക്ക് സുഹൃത്തുക്കൾ ഉണ്ടല്ലോ' എന്നോ മറ്റോ ആണ് അത്. പഠിത്തത്തിൽ ഉഴപ്പിയതിന് ഗുണദോഷിച്ച അച്ഛനോട് ഞാനീ ഡയലോഗ് പറഞ്ഞു. അന്ന് അച്ഛന്റെ കൈയിൽ നിന്ന് കിട്ടിയ വഴക്കിന് കണക്കില്ല. അച്ഛൻ എന്താ ഇങ്ങനെ എന്നാണപ്പോൾ തോന്നിയത്. തിരിച്ചറിവ് ഉണ്ടാവാൻ കുറേക്കാലമെടുത്തു.
കോവിഡ് സമയത്ത് ചെറുതും വലുതുമായ സഹായങ്ങൾ പലർക്കും നൽകിയിരുന്നു. അങ്ങനെ കൈയിലുണ്ടായിരുന്ന പണം മുഴുവനും തീർന്നു. അനുപമയ്ക്ക് അവളുടെ അച്ഛൻ നൽകിയ കുറച്ചുപണം അക്കൗണ്ടിൽ ഉണ്ടായിരുന്നു. മക്കളുടെ സ്‌കൂൾ ഫീസ് അടച്ചത് ആ പണംകൊണ്ടാണ്.
'ത്രീ ഇഡിയറ്റ്സിൽ' അമീർ ഖാന്റെ ഒരു ഡയലോഗ് ഉണ്ട്. 'അപ്നെ ആപ് കോ കാബിൽ ബനാവോ. കാമ്യാബി അപ്നെ ആപ് പീച്ചെ ആയേഗി.' അതായത് സ്വയം മെച്ചപ്പെടുത്തിയാൽ വിജയം നമ്മുടെ പുറകെ വരും. വിജയിച്ചാൽ പണവും വരും. സംഗതിയൊക്കെ ശരിയാണ്. എങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.
പരാജയങ്ങളെ എങ്ങനെയാണ് തരണംചെയ്തത്?
ഭാര്യയുടെ പിന്തുണ ഉണ്ടായിരുന്നു. എനിക്ക് സിനിമകൾ ഇല്ലാത്ത സമയത്ത് അവളാണ് ചെലവുകളെല്ലാം നോക്കിയത്. ഭാര്യയ്ക്ക് ജോലിയുണ്ടോയെന്ന് ആരെങ്കിലും ഇപ്പോൾ ചോദിക്കുമ്പോൾ ഞാൻ തമാശക്ക് പറയാറുണ്ട്, ഇല്ല, അറ്റ് എ ടൈം ഞങ്ങൾ ഒരാൾ മാത്രമേ ജോലി ചെയ്യൂവെന്ന്. എനിക്ക് ജോലിയില്ലാതിരുന്നപ്പോൾ അവൾ എന്നെ പോറ്റി. ഇപ്പോൾ എനിക്ക് സിനിമകൾ ഉള്ളതുകൊണ്ട് ഞാൻ അത് തിരിച്ചുചെയ്യുന്നു. പിന്നെ അന്ന് പ്രായം കുറവാണല്ലോ. ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിക്കാൻ കഴിഞ്ഞിരുന്നു. ഇന്നായിരുന്നെങ്കിൽ ഉറപ്പായും ഞാൻ വേറെ ഏതെങ്കിലും ജോലി നോക്കിയേനേ. ഞങ്ങളിരുവരുടെയും കുടുംബവും ഒപ്പംനിന്നു. പരിശ്രമിക്ക്, എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നുള്ള പ്രതീക്ഷ അവർ തന്നുകൊണ്ടിരുന്നു. പിന്നെ സുഹൃത്തുക്കൾ ഉൾപ്പെടെ കുറച്ചുപേരും കൂടെനിന്നു.
പക്ഷേ, എനിക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു എന്റെ അഭിനയം കുറച്ച് പ്രശ്നമാണെന്ന്. എല്ലാ ദിവസവും ദൈവത്തെ കുറ്റപ്പെടുത്തി പ്രാർഥിച്ചുകൊണ്ടിരുന്നു. ഞാൻ സിനിമയുടെ പുറകെ പോയിട്ടില്ല. നിങ്ങളായിട്ടാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. എന്നിട്ടിപ്പോൾ എന്നെ ബുദ്ധിമുട്ടിക്കുന്നു. അതുകൊണ്ട് ദൈവം തന്നെ എന്നെ അഭിനയം ശരിയാക്കണമെന്ന്. ദൈവത്തിന് ഇരിക്കപ്പൊറുതി കൊടുക്കാതെ ഒടുവിൽ പതിയെ ഒരു താളം കിട്ടിത്തുടങ്ങി.
ഗുണ്ടജയൻ, അറക്കൽ അബു എന്നിങ്ങനെ വ്യത്യസ്തമായ പേരുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ സ്വന്തം പേര് മാറ്റാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്?
നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ചെയ്തുപോയതാണ്. സിനിമകൾ കിട്ടാതെയായപ്പോൾ ഇനിയിപ്പോ ഈ പേര് കാരണമാണോ എന്നൊരു തോന്നൽ വന്നു. ആ സമയത്ത് നടൻ സുനിൽ, നരേൻ എന്ന് പേരുമാറ്റി. 'ക്ലാസ്മേറ്റ്'സും 'ചിത്തിരംപേശുതെടി'യും പോലെയുള്ള സിനിമകൾ വരുന്നത് അതിനുശേഷമാണ്. പേര് മാറ്റിയപ്പോഴേക്കും പുള്ളി രക്ഷപ്പെട്ടു. എങ്കിൽ പിന്നെ ഞാനും മാറ്റിയേക്കാം എന്നായി. ഞാൻ അനിരുദ്ധ് എന്ന് പേര് മാറ്റി. പക്ഷേ, കാര്യമൊന്നും ഉണ്ടായില്ല.
അതിനിടയ്ക്ക് സ്‌ക്രിപ്റ്റും കൈകാര്യം ചെയ്തല്ലോ?
നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ എന്നുകരുതി എഴുതിയതാണ് ആ തിരക്കഥ. എനിക്കു വേണ്ടിത്തന്നെ എഴുതിയ സ്‌ക്രിപ്റ്റ്. അത് വിജയിക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ 'മൈ ഫാൻ രാമു' എന്ന ആ സിനിമ രക്ഷപ്പെട്ടില്ല. പിടിച്ചുനിൽക്കാൻ അങ്ങനെ പല അടവും പയറ്റി. ദൈവം മറ്റൊന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 47-ാം വയസ്സിൽ ഇവനൊരു ഹിറ്റ് കൊടുത്തേക്കാം എന്നായിരുന്നു പുള്ളിയുടെ തീരുമാനം. അതറിഞ്ഞിരുന്നെങ്കിൽ വേവലാതിപ്പെടാതെ സമാധാനമായി ഇരിക്കാമായിരുന്നു.
അച്ഛന്റെ വിയോഗം ഉണ്ടാക്കിയ ആഘാതം?
ഞാൻ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് വരുന്നത്. തുടർന്ന് സിനിമയില്ലാതായി. കുടുംബവും അതിന്റെതായ ഉത്തരവാദിത്വങ്ങളും ഉണ്ട്. ആ സമയത്ത് അച്ഛന് എന്നെക്കുറിച്ച് ടെൻഷനുണ്ടായിരുന്നു. അത് മാറിയത് 'ട്രിവാൻഡ്രം ലോഡ്ജി'ന് ശേഷമാണ്. അച്ഛൻ മരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് 'തീവണ്ടി' റിലീസ് ആയത്. ചേർത്തലയിലെ രണ്ട് തിയേറ്ററിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയൊക്കെ വന്നപ്പോൾ അച്ഛൻ സന്തോഷിച്ചിരുന്നു. സ്‌കൂട്ടർ അപകടത്തിലായിരുന്നു അച്ഛന്റെ മരണം. അച്ഛനും അമ്മയും അമ്പലത്തിൽപോയി വരുന്ന വഴി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചതാണ്.
മരിക്കുമ്പോഴും അച്ഛന്റെ മനസ്സിൽ എന്റെ ഭാവിയെ പറ്റി ആശങ്ക ഉണ്ടായിരുന്നോ എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു, 'എടാ, അച്ഛൻ സന്തോഷത്തോടെയാണ് മരിച്ചത്. നിന്നെപ്പറ്റി അങ്ങനെ ഭയങ്കര ടെൻഷൻ ഒന്നുമില്ലായിരുന്നു'വെന്ന്. അച്ഛന്റെ മരണം ഇപ്പോഴും ഒരു വേദനയാണ്.
എന്റെ ഒരു സിനിമയുടെ പ്രൊമോഷൻ ബുക്ക്ലെറ്റുകൾ അച്ഛൻ നേരിട്ടുകൊണ്ടുപോയി വിതരണം ചെയ്തതൊക്കെ വളരെ വൈകിയാണ് ഞാനറിഞ്ഞത്. ഞാനൊന്ന് വിജയിച്ചുകാണാൻ എന്നെക്കാളധികം ആഗ്രഹിച്ചിരുന്നു അച്ഛൻ. ഒരു ഹിറ്റ് കൈയിൽ വന്നുചേർന്നപ്പോൾ അതിന്റെ സന്തോഷംപങ്കിടാൻ അച്ഛൻ ഒപ്പമില്ല.
അമ്മയും എല്ലാ ഘട്ടത്തിലും ഒപ്പംനിന്നു. അമ്മയുടെ ഒപ്പമിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. ഒരുപാട് സംസാരിക്കും. രസകരമായി കഥപറയും. ആളുകളുടെ ശൈലി അനുകരിക്കും. ശോഭനയുടെ മകൻ എന്നതായിരുന്നു ഒരുകാലത്ത് എന്റെ മേൽവിലാസം. ഇപ്പോൾ സൈജു കുറുപ്പിന്റെ അമ്മ എന്ന മേൽവിലാസം അമ്മ ആസ്വദിക്കുന്നു.
അന്തർമുഖനാണെന്ന് പറഞ്ഞല്ലോ. ജീവിതത്തിൽ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യേണ്ടിവന്നിട്ടുണ്ടാകുമല്ലോ?
എല്ലാദിവസവും കംഫർട്ട് സോൺ ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുന്നു. വലിയ ആൾക്കൂട്ടത്തിന് മുന്നിൽ പരിഭ്രമിച്ചുപോകാറുണ്ട്. പ്രൊമോഷന്റെ ഭാഗമായി തിയേറ്റർ സന്ദർശനത്തിന് പോകുമ്പോൾ നമ്മുടെ പടം കാണാൻ വേണ്ടി ഇത്രയും ആളുകൾ തിയേറ്ററിലേക്ക് വരുന്നുണ്ടല്ലോ എന്ന സന്തോഷം തോന്നാറുണ്ട്. ആ സന്തോഷം ഉള്ളിലെ അന്തർമുഖനെ പിന്നോട്ട് മാറ്റും. ഞാൻ ആ തിരക്ക് ആസ്വദിക്കും.
ഭാര്യ അനുപമ നിർമ്മാതാവിന്റെ വേഷം ആസ്വദിക്കുകയാണോ?
അതെ. ഇതുവരെ ഞാൻ അഭിനയിച്ച സിനിമ കണ്ട് ആരെങ്കിലുമൊക്കെ അവളെ വിളിക്കാറുണ്ടായിരുന്നു. പക്ഷേ, 'മോഹിനിയാട്ടം' കണ്ട് അനുപമ എന്ന നിർമ്മാതാവിനെ പലരും വിളിക്കുന്നു, അഭിനന്ദിക്കുന്നു. മക്കളും സന്തോഷത്തിലാണ്. മകൾ മയൂഖ മുംബൈയിൽ ബിരുദ വിദ്യാർഥിയാണ്. മകൻ അഫ്താബ് ആറാം ക്ലാസിൽ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saiju Kurup's transition from a struggling actor to a successful producer., The impact of his wife Anupama as his biggest critic and partner in Saiju Kurup Entertainments., Insights into his early life in Maharashtra and his entry into Malayalam cinema., Reflections on his career milestones, including 'Mohiniyattam' and 'Bharathanatyam'., Overcoming personal and professional challenges through resilience and family support.
Published: 19 May 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented