പലതരം വിശ്വാസങ്ങളും ആരാധനകളും നാം കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബുളളറ്റിനെ ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്, അങ്ങ് ജോധ്പൂരിൽ. കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഇവിടുത്തെ വിഗ്രഹം 350 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റാണെന്നതാണ് കൗതുകം. രാജസ്ഥാനിലെ ജോധ്പൂർ-പാലി ഹൈവേയിൽ സ്ഥിതിചെയ്യുന്ന ബാബ മന്ദിർ അഥവാ ഓം ബന്ന ക്ഷേത്രത്തിലാണ് ബുള്ളറ്റിനെ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തിനും ഇവിടുത്തെ ആരാധനയ്ക്കും പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
350 റോയൽ എൻഫീൽഡ്
1988-ൽ നടന്ന ഒരു സംഭവമാണ് ഈ ക്ഷേത്ര നിർമാണത്തിന് കാരണം. ജോധ്പൂരിലെ ഒരു പ്രമുഖ കുടുംബത്തിൽ നിന്നുള്ള ഓം സിംഗ് റാത്തോഡ് എന്ന ഓം ബന്ന തന്റെ റോയൽ എൻഫീൽഡ് 350 ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യവെ, പാലിക്ക് സമീപമുണ്ടായ ഒരു റോഡപകടത്തിൽ മരണപ്പെട്ടു. ഇതേത്തുടർന്ന് ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അപകടത്തിൽപ്പെട്ട ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷേ, പിറ്റേന്ന് രാവിലെ, പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടിരുന്ന ബുള്ളറ്റ് അപ്രത്യക്ഷമായി. അന്വേഷണത്തിൽ, ബൈക്ക് അപകടസ്ഥലത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതി, പോലീസ് വീണ്ടും ബൈക്ക് ചങ്ങല കൊണ്ടു ബന്ധിച്ച്, പെട്രോൾ കാലിയാക്കി കർശനമായ സുരക്ഷയോടെ സൂക്ഷിച്ചു. എന്നാൽ പിറ്റേന്നും അതുതന്നെ സംഭവിച്ചു. ചങ്ങലയും പൂട്ടുകളും തകർത്ത് ബുള്ളറ്റ് വീണ്ടും അപകടസ്ഥലത്ത് പാർക്ക് ചെയ്തതായി കണ്ടെത്തി.അതിനുശേഷം ഒരു മനുഷ്യനും ബൈക്ക് അവിടെ നിന്ന് എടുത്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ബൈക്കിൽ ഏതോ നിഗൂഢ ശക്തിയുടെ സ്വാധീനമുണ്ടെന്നാണ് അവിടുത്തെ നാട്ടുകാരുടെ വിശ്വാസം.
ബുള്ളറ്റിനെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന്, ഓം ബന്നയുടെ ആത്മീയ ശക്തിയുടെ പ്രതീകമായി ബുള്ളറ്റിനെ നാട്ടുകാർ ആരാധിക്കുകയും അപകടം നടന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയുകയും ചെയ്തു. അതിനുശേഷം, ഇവിടം 'ബുള്ളറ്റ് ബാബ' അല്ലെങ്കിൽ 'ഓം ബന്ന മന്ദിർ' എന്ന പേരിൽ പ്രശസ്തമായി. കൂടാതെ ബുള്ളറ്റ് ബാബയെ ആരാധിക്കാതെ ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഡ്രൈവർമാരും യാത്രക്കാരും അപകടത്തിൽപ്പെടുമെന്ന വിശ്വാസം വര്‍ധിച്ചു.
സുരക്ഷിതമായ യാത്രയ്ക്കായി ബുള്ളറ്റിൽ വളകൾ, കുങ്കുമം, പൂക്കൾ എന്നിവ അർപ്പിക്കുന്നത് പതിവായി. യാത്രക്കാരെല്ലാം ഇവിടെ സന്ദർശിച്ച് ആരാധന നടത്തിയതോടെ അപകടങ്ങൾ കുറഞ്ഞുവെന്നും പറയപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the unique Om Banna Temple in Jodhpur, Rajasthan, where a Royal Enfield 350 Bullet is worshipped.
Published: 09 Oct 2025, 03:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented