രാം ഗോപാല്‍ വര്‍മ്മയുടെ ഗ്യാങ്സ്റ്റര്‍ ഡ്രാമയായ 'കമ്പനി'യിലെ പ്രകടനത്തിലൂടെ നടന്‍ അജയ് ദേവ്ഗണ് വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍, താന്‍ ആദ്യം ഈ സിനിമ ഷാരൂഖ് ഖാന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹത്തിനും അത് ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും ആര്‍ജിവി വെളിപ്പെടുത്തി. അടുത്തിടെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

''എന്‍. മല്ലിക് എന്ന കഥാപാത്രമായി ഷാരൂഖ് ഖാനെ അഭിനയിപ്പിക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത. ഞാന്‍ പോയി അദ്ദേഹത്തോട് കഥ പറഞ്ഞു. അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. മല്ലിക് എന്ന കഥാപാത്രം ശാന്തനും തണുപ്പന്‍ സ്വഭാവവുമുള്ള ഒരാളായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ സ്വാഭാവികമായ ശരീരഭാഷ വളരെ ഊര്‍ജ്ജസ്വലമായിരുന്നു. ആ ഊര്‍ജം കഥാപാത്രത്തിന്റെ സവിശേഷതകളുമായി ഒത്തുപോവില്ലെന്ന് എനിക്ക് തോന്നി. പലരും പലവിധമുള്ള അഭിനേതാക്കളാണ്. ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് അഭിനയത്തിന്റെ വ്യത്യസ്തമായ ശൈലിയാണ്. ഷാരൂഖിനെപ്പോലൊരാളെ അദ്ദേഹത്തിന്റെ വഴിക്ക് വിടണം. അദ്ദേഹത്തെ വ്യത്യസ്തമായ ഒരു കഥാപാത്രത്തിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

എന്നാല്‍ അജയ് ആ വേഷത്തിന് സ്വാഭാവികമായും യോജിച്ചവനായിരുന്നു. അജയ്ക്ക് ശാന്തപ്രകൃതിയാണ്. ഷാരൂഖുമായി എനിക്ക് ഒരു കൂടിക്കാഴ്ചയേ ഉണ്ടായിരുന്നുള്ളൂ. അതില്‍ത്തന്നെ ഇത് ശരിയാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ ഞാനത് അദ്ദേഹത്തോട് പറഞ്ഞില്ല'' ആര്‍ജിവി പറയുന്നു.

ഷാരൂഖുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ അതേ ദിവസം തന്നെ അജയിയെ വിളിച്ച് ആ ഡേറ്റ് ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രകാന്ത് എന്ന മറ്റൊരു കഥാപാത്രത്തിനായി എന്റെ ആദ്യത്തെ ചോയിസ് അഭിഷേക് ബച്ചനായിരുന്നു. ആ സമയത്ത് അഭിഷേക് മറ്റുപല സിനിമകളുടെയും തിരക്കിലായിരുന്നതിനാല്‍ ഒരു പുതുമുഖത്തെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ വിവേക് ഒബ്‌റോയിയിലെത്തുകയായിരുന്നു. 

ആര്‍ജിവി സംവിധാനം ചെയ്ത് ജയ്ദീപ് സാഹ്നി രചന നിര്‍വ്വഹിച്ച കമ്പനിയിൽ മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, മനീഷ കൊയ്രാള, അന്തര മാലി, സീമ ബിശ്വാസ് എന്നിവര്‍ അഭിനയിച്ചു. ഹിന്ദി സിനിമയിലെ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. സത്യയ്ക്ക് (1998) ശേഷം ആര്‍ജിവിയുടെ ഗ്യാങ്സ്റ്റര്‍ ട്രൈലോജിയിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. 9.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം 25.02 കോടി രൂപ നേടി വാണിജ്യവിജയം കൈവരിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi