
പ്രതീകാത്മക ചിത്രം/ Freepik
അരുമമൃഗങ്ങളെ വളർത്തുന്നത് ഏറെ ഉത്തരവാദിത്തമുള്ള പണിയാണെന്ന് തിരിച്ചറിയാതെ പട്ടിയേയും പൂച്ചയേയുമൊക്കെ സ്വന്തമാക്കുകയും, പിന്നീട് ഇപ്പണി തങ്ങൾക്ക് പറ്റിയതല്ലെന്നു മനസ്സിലാക്കി സൂത്രത്തിൽ അവയെ തെരുവിലേക്കിറക്കി വിടുകയും ചെയ്യുന്നവരുണ്ട്. അങ്ങനെ ഇന്നത്തെ വീട്ടുനായ നാളത്തെ തെരുവുനായ ആകുന്നു.
തെരുവിൽ അലയുന്ന നായ്ക്കളുടെ ദൃശ്യം നമുക്കൊരു പുതുമയല്ല. എന്നാൽ പെരുവഴിയിൽ അനാഥനായി റോട്ട് വീലറോ, സെയിന്റ് ബർണാഡോ പോലെയുള്ള ബ്രീഡുകളെ കണ്ടു മുട്ടിയാലോ? പോറ്റാനും കൈകാര്യം ചെയ്യാനും കഴിയാതെ വരുമ്പോൾ പ്രായഭേദമന്യേ അവയെ തെരുവിലുപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരികയാണ്.
പെരുവഴിയിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾ മൂന്നു തരത്തിൽപ്പെടാം. ഒന്ന് തെരുവുനായ്ക്കൾ എന്നു പൂർണ്ണമായും പറയാവുന്ന ഉടമകളില്ലാതെ തെരുവിൽ ജനിച്ച്, അവിടെ പെറ്റുപെരുകി കഴിയുന്നവർ. രണ്ടാമത്തെ കൂട്ടർ ഉടമയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയവരും സ്വന്തം വീട് കണ്ടെത്താനാവാത്തവരുമാണ്. മൂന്നാമത്തെ വിഭാഗമാകട്ടെ ഒരിക്കൽ വീട്ടിൽ താമസിച്ചിരുന്നവയും പിന്നീട് ഉടമയാൽ ഉപേക്ഷിക്കപ്പെട്ടവരുമാണ്.
നായ്ക്കളെ ഉപേക്ഷിച്ചുപോകാൻ പ്രത്യേക ഷെൽട്ടറുകളും സംവിധാനങ്ങളും പരിമിതമായ കേരളത്തിൽ ഇവരുടെ സ്ഥാനവും പെരുവഴിയിൽ തന്നെ. ഒരു വ്യത്യാസം മാത്രം പരമ്പരാഗത നാടൻ തെരുവുനായ്ക്കളെപ്പോലെ ഇവർക്ക് തെരുവിൽ അതിജീവനം എളുപ്പമാകില്ല. എങ്കിലും ഈ മൂന്നു വിഭാഗവും വന്യമൃഗങ്ങളല്ല. നാം ഇണക്കി വളർത്തിയവ തന്നെയായാണ് കണക്കാക്കപ്പെടുക. കേരളത്തിൽ ഏകദേശം അഞ്ചുലക്ഷത്തോളം തെരുവുനായ്ക്കൾ (ചതുരശ്ര കിലോമീറ്ററിന് 25) ഉണ്ടെന്നാണ് കണക്ക്.
മനുഷ്യനോട് ചേർന്ന്
മുപ്പതിനായിരം വർഷം നീളുന്ന ഒരു സ്‌നേഹബന്ധമാണ് നായയും മനുഷ്യനും തമ്മിലുള്ളത്. സ്‌നേഹത്തിനും, ഭക്ഷണത്തിനും, ആശ്രയത്തിനുമായി മനുഷ്യനോട് കൂട്ടുകൂടിയവർ. സ്വന്തം ശരീരപ്രകൃതിയും, സഹജസ്വഭാവ ഗുണങ്ങളും, തലച്ചോറുപോലും നമുക്കായി മാറ്റിയെടുത്തവർ.
അൻപത്തിമൂന്നോളം ജീനുകളാണ് മനുഷ്യനൊപ്പം ജീവിക്കാൻ വേണ്ടി അവയുടെ തലച്ചോറിൽ മാറ്റംവരുത്തുകയോ, നവീകരിക്കപ്പെടുകയോ ചെയ്തത്. നാം വീട്ടിൽ നിന്ന് തെരുവിലേക്ക് ഇറക്കിവിടുമ്പോൾ പൂർണ്ണമായും ഇണക്കി വളർത്തിയ നായയ്ക്ക് കാടിനും നാടിനും ഇടയിലൊരു ഇടമില്ലായെന്നതാണ് സത്യം. മനുഷ്യനോട് പൂർണ്ണമായി ഇണങ്ങി അവനായി മാത്രം സൃഷ്ടിക്കപ്പെട്ട ശുദ്ധജനുസ്സിൽപ്പെട്ട നായ്ക്കൾ കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
വിശപ്പിനും രോഗബാധകൾക്കുമൊപ്പം കടുത്ത മാനസിക-ശാരീരിക സംഘർഷങ്ങളും ഉപേക്ഷിക്കപ്പെടുന്ന നായകൾ നേരിടുന്നു. ഒപ്പം പൊതുജനാരോഗ്യ പ്രശ്‌നങ്ങളും, പരിസര മലിനീകരണവുമുണ്ടാക്കുന്നു. ഭയം, ആകാംക്ഷ, ഏകാന്തത, സമ്മർദ്ദം, തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങൾ അവയെ അലട്ടും.
മനുഷ്യന്റെ തണലിൽ ദീർഘകാലം കഴിഞ്ഞതിനാൽ നഷ്ടപ്പെട്ടുപോയ സഹജവാസനകളും, കഴിവുകളും തുണയില്ലാത്തതിനാൽ ഇവ ഭക്ഷണവും, വെള്ളവും കിട്ടാതെ വലയും. ഏതെങ്കിലും മൃഗസ്‌നേഹിയോ, സംഘടനയോ ഏറ്റെടുക്കാത്ത പക്ഷം തെരുവിൽ തന്നെയാവും അവരുടെ മരണവും.
ഉപേക്ഷിക്കപ്പടുന്നതിൻ്റെ കാരണങ്ങൾ
മേൽത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നായ്ക്കൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നതിന്റെ കാരണങ്ങൾ നായ വളർത്താനുള്ള തീരുമാനത്തിൽ നിന്ന് തുടങ്ങുന്നു. ഒരു നായയെ പ്രത്യേകിച്ച് ഒരു പ്രത്യേക ജനുസ്സിനെ പരിപാലിക്കാനുള്ള കഴിവും, സാഹചര്യവും, മനസ്സും തനിക്കുണ്ടോയെന്ന ആത്മപരിശോധന പലരും നടത്താറില്ല.
വർഷങ്ങൾ നീളുന്ന ഒരു സവിശേഷ ബന്ധത്തിനു തുടക്കമിടുമ്പോൾ നടത്തേണ്ട ഗവേഷണവും, ഗൃഹപാഠവും നടത്താതെയാകും നായ വളർത്തൽ തുടങ്ങുക. വാങ്ങുന്ന ജനുസ്സിന്റെ തനതായ പ്രത്യേകതകൾ, ആവശ്യങ്ങൾ, പരിപാലന രീതികൾ ഇവയെക്കുറിച്ചൊന്നും അടിസ്ഥാന ധാരണ പോലും പലപ്പോഴും ഉണ്ടാകാറില്ല.
ഓരോ ഇനവും തനതായ പരിപാലനവും ആരോഗ്യത്തിലുള്ള ശ്രദ്ധയും ആവശ്യപ്പെടുന്നു. എല്ലാറ്റിനുമുപരിയായി ഞാൻ വീട്ടിലേക്ക് കൊണ്ടുവരുന്ന നായയെ എന്റെ കുടുംബാംഗത്തെപ്പോലെ എന്നും കരുതിക്കൊള്ളാം എന്ന പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്നവർക്കേ ഉത്തരവാദിത്വമുള്ള നായ ഉടമയാകാനാവൂ.
- പെറ്റ് ഷോപ്പിലോ, കൂട്ടുകാരുടെ വീട്ടിലോ, ബ്രീഡറുടെ കൈവശമോ കണ്ടുമുട്ടുന്ന കുസൃതിയായി മാത്രം കണ്ട്, മറ്റൊന്നും ചിന്തിക്കാതെ പെട്ടെന്നൊരാവേശത്തിൽ എടുത്തുചാടി വാങ്ങിയതാകാം. ചിലപ്പോഴത് വീട്ടിലെ കുട്ടിയുടെ നിർബന്ധത്താലാവാം. എന്നാൽ നായക്കുട്ടി വളരുന്നതോടെ പലപ്പോഴും കൗതുകങ്ങൾ അവസാനിക്കുന്നു. വ്യായാമത്തിനോ, പരിശീലനത്തിനോ സമയം മാറ്റിവെയ്ക്കാൻ കഴിയാതെ വരുമ്പോൾ നായ്ക്കൾ ദു:ശീലങ്ങൾ കാണിച്ചു തുടങ്ങുന്നു. അക്രമണ സ്വഭാവവും നശീകരണപ്രവണതയുമൊക്കെ ഇതുമൂലം ഉണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ സഹികെട്ട ഉടമ നായ്ക്കളെ ഉപേക്ഷിച്ചേക്കാം. ഉടമയുടെ മരണം, വിവാഹം, കുട്ടിയുടെ ജനനം, വിവാഹമോചനം, പ്രണയബന്ധം, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ സംഭവവികാസങ്ങൾ ഉടമയും വളർത്തുമൃഗവും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കാം.
- സാമ്പത്തിക പ്രശ്‌നങ്ങളാണ് നായകളെ ഉപേക്ഷിക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. തൊഴിൽ നഷ്ടം, തൊഴിൽ മാറ്റം, നായയെ വളർത്താൻ വരുന്ന അമിതച്ചെലവ് തുടങ്ങിയവ ബുദ്ധിമുട്ടുകളുണ്ടാക്കാം. വീട് നഷ്ടപ്പെടുമ്പോഴോ ഒക്കെ നായയുടെ സ്ഥാനവും, സ്ഥലംമാറ്റവും പ്രശ്‌നമാകും. പല സ്ഥലത്തും നായയെ വളർത്താൻ നിയന്ത്രണങ്ങളുണ്ടാവും. പ്രത്യേകിച്ച് അപ്പാർട്ട്‌മെന്റ്, വില്ല പോലെയുള്ള കമ്മ്യൂണിറ്റി ലിവിങ്ങ് കൂടുതലാകുന്ന സ്ഥലങ്ങളിൽ.
- ഉപഭോഗ സംസ്‌ക്കാരത്തിന്റെ ഭാഗമായി വരുന്ന ഉപയോഗവും വലിച്ചെറിയലും, സംസ്‌ക്കാരവും പെറ്റ്സിനെ വളർത്തുന്നതിനെ സ്വാധീനിക്കുന്നു. വളരെ എളുപ്പത്തിൽ ഇഷ്ടംപോലെ വാങ്ങാൻ കഴിയുന്ന വിധത്തിൽ പെറ്റ്‌ഷോപ്പുകളും, ബ്രീഡിങ്ങ് കേന്ദ്രങ്ങളും ഇന്നുണ്ട്. പലപ്പോഴും സ്റ്റാറ്റസിന്റെയും ഫാഷന്റെയും ഭാഗമായിട്ടാവും വാങ്ങലും, ഉപയോഗവും. എന്നാൽ ഒരു കാര്യം ഓർക്കുക. ഒരു നായയ്ക്ക് ശരാശരി 10 വർഷമെങ്കിലും ആയുസുണ്ടാകും. ഈ പത്തുവർഷത്തിനിടയിൽ ഉടമയ്ക്കും, ആ വളർത്തുമൃഗത്തിനും, ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാമെന്ന ബോധ്യം വേണം. ഇത്തരം മാറ്റങ്ങളുടെ സമയത്തും ഉലയാതെ നിർത്താൻ പറ്റുന്ന ബന്ധമാവണം നായ വളർത്തലിലുള്ളത്.
- വാങ്ങുന്ന ബ്രീഡിനെക്കുറിച്ച് യാതൊരു മുന്നറിവുമല്ലാതെ വാങ്ങുകയും കൊണ്ടു നടക്കാൻ പറ്റാതെ വരുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന കൾച്ചർ ആണ് ഇവയെ തെരുവിലെത്തിക്കുന്നത്. ബിസിനസ്സ് മാത്രം ലക്ഷ്യമാക്കി നായ്ക്കളെ ഒരു യന്ത്രംപോലെ പ്രജനനം നടത്തുന്നവർ അവരുടെ ആരോഗ്യം നശിപ്പിക്കുന്നതു കൂടാതെ അന്ത:പ്രജനനം മൂലം അംഗവൈകല്യമുള്ള കുട്ടികളെ ജനിപ്പിക്കുകയും അവയെ തെരുവിലേക്ക് നയിക്കുകയും ചെയ്യുന്നു.
- വാർദ്ധക്യമാണ് അരുമകളെ ഉപേക്ഷിക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം. ശരാശരി 10-15 വർഷം ആയുർദൈർഘ്യം ഉള്ള നായ്ക്കളിൽ ആറുവയസ്സു കഴിയുന്നതോടെ വാർദ്ധക്യസഹജമായ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. ജീവിതത്തിന്റെ വസന്തകാലമാണ് തനിക്ക് കളിയും ചിരിയും, സൗഹൃദവും നൽകിയ അരുമയെ അവസാനകാലത്തും പരിപാലിക്കേണ്ടത് ഉടമസ്ഥന്റെ കടമയാണ്. പ്രായം കൂടുന്നതിനനുസരിച്ചു വരുന്ന മാറ്റങ്ങളേയും രോഗങ്ങളേയും എത്രയും നേരത്തെ കണ്ടെത്താനും ആവശ്യമായ ചികിത്സ നൽകാനും ജീവിതസാഹചര്യങ്ങൾ പരിഷ്‌ക്കരിച്ച് മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അവയെ സഹായിക്കുകയും ചെയ്തില്ലെങ്കിൽ നായകൾ ഭാരമായി മാറുകയും, വഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം.
പരിഹാരങ്ങൾ
1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ നിയമസഹായമെത്തി. അനിമൽ വെൽഫെയർ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ, പെറ്റ് ഷോപ്പും ബ്രീഡിങ്ങ് കേന്ദ്രങ്ങളും, നായവളർത്തൽ കേന്ദ്രങ്ങളും നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ, വാണിജ്യ വ്യവസായ മന്ത്രാലയം ഏർപ്പെടുത്തിയ പ്രജനനത്തിനുള്ള നായ്ക്കളുടെ ഇറക്കുമതി നിരോധനം തുടങ്ങി സർക്കാർ, സർക്കാരിതര മേഖലകളിൽ നിയമങ്ങളും സ്ഥാപനങ്ങളും, സംവിധാനങ്ങളും നിരവധിയുണ്ട് നമ്മുടെ നാട്ടിൽ.
അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും നായ്ക്കളെ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്കായി ഷെൽറ്ററുകളും അനാഥാലയങ്ങളുമൊക്കെ നിർമ്മിക്കൽ പ്രായോഗികമാകാൻ വഴിയില്ല. എന്നാൽ ലൈസൻസിങ്ങ് കർശനമാക്കി പെറ്റ്‌ഷോപ്പുകൾ, പ്രജനന കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രിക്കണം.
ഉടമയുടെ ഉത്തരവാദിത്വത്തിൽ അധിഷ്ഠിതമായ വളർത്തൽ സംസ്‌ക്കാരം സമൂഹത്തിൽ വളർത്തിയെടുക്കണം. ഏറ്റവും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ഷെൽറ്ററുകൾ നിർമ്മിക്കാം. നായ്ക്കൾക്കുള്ള ക്ലിനിക്കുകളും, ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പിക്കണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the harsh reality of pets becoming strays due to irresponsible ownership.
Published: 29 Sept 2025, 02:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented