നായകളെ സ്വന്തം മക്കളെപ്പോലെ വളർത്തുന്നവരാണ് പലരും. സ്വന്തം നായക്കുട്ടിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ പോലും പലപ്പോഴും അതിന്റെ അമിതമായ കുര മൂലം വെട്ടിലാകാറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥികളും ഓരോ ഡോർബെൽ ശബ്ദവും നിങ്ങളുടെ നായയെ അസ്വസ്ഥരാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിർത്താതെ കുരച്ച് മറ്റുള്ളവരുടെയും നിങ്ങളുടെയും സ്വസ്ഥത കെടുത്തിയേക്കാം.
വിദഗ്ധരുടെ അഭിപ്രായത്തിൽ പലപ്പോഴും ഉടമയോട് എന്തെങ്കിലുമൊന്ന് പറയാനാണ് നായകൾ കുരയ്ക്കുന്നത്. ഭയവും ആവേശവും കരുതലുമെല്ലാം പ്രകടിപ്പിക്കാനായും അവ കുരയ്ക്കാറുണ്ട്. പ്രത്യേകിച്ച് കാരണമില്ലാതെയുള്ള നായകളുടെ കുര, അവയുടെ ശാരീരികമോ മാനസികമോ ആയ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനയുമാകാം.
ഒരു പെറ്റ് പേരന്റ് എന്ന നിലയിൽ, അവർ എന്താണ് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പലപ്പോഴും ഉടമകൾ 'ബാഡ് ഡോഗ്' എന്ന് ഉച്ചത്തിൽ വിളിച്ച് വളർത്തുനായകളെ പരുഷമായി ശാസിക്കാറുണ്ട്. എന്നാൽ ഉച്ചത്തിൽ ശകാരിക്കുന്നതിന് പകരം, ആദ്യം അതിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും അവ പരിഹരിക്കാനുള്ള മാർഗം കണ്ടെത്തുകയുമാണ് വേണ്ടത്. നായകളുടെ അമിതമായ കുര ഇല്ലാതാക്കാൻ ചില പരിഹാരമാർഗങ്ങൾ ഇതാ:
1. വ്യായാമവും ഊർജ്ജം ഇല്ലാതാക്കലും
- നന്നായി വ്യായാമം ചെയ്യുന്ന നായ ശാന്തനായിരിക്കും. അമിതമായ കുര, ഇവയുടെ ഉപയോഗിക്കാത്ത ഊർജ്ജത്തിൽ നിന്നാണ് ഉണ്ടാകുന്നത്.
- ഇനം, പ്രായം, കായികക്ഷമത എന്നിവയ്ക്ക് അനുയോജ്യമായ ദൈനംദിന പരിശീലനങ്ങൾ ശാരീരിക ക്ഷമത കൂട്ടുകയും അസ്വസ്ഥത കുറച്ച് അവയെ ശാന്തരാക്കുകയും ചെയ്യുന്നു.
2. പരിചയപ്പെടുത്തലും ആത്മവിശ്വാസവും
- ഭയമോ അനിശ്ചിതത്വമോ പലപ്പോഴും കുരയ്ക്കാൻ കാരണമാകാറുണ്ട്. വിവിധ സാഹചര്യങ്ങൾ, ശബ്ദങ്ങൾ എന്നിവയുമായി പരിചയപ്പെടുത്തുന്നത് നായകളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.
- പരിചയം സുരക്ഷിതത്വം വർധിപ്പിക്കുന്നു. ഇത് ഉത്കണ്ഠ മൂലമുണ്ടാകുന്ന കുരയ്ക്കൽ കുറയ്ക്കാൻ സഹായിക്കും.
3. ലക്ഷ്യബോധമുള്ള ഇടപെടലുകൾ
- നായകൾക്ക് ജോലികൾ ചെയ്യാനും ആക്ടീവായിരിക്കാനും ഇഷ്ടമാണ്. സാധനങ്ങൾ കൊണ്ടുപോകുക, വസ്തുക്കൾ എടുത്തുകൊണ്ടുവരിക, അല്ലെങ്കിൽ അനുസരണ ശീലിപ്പിക്കുക തുടങ്ങിയ ചെറിയ ജോലികൾ നൽകുന്നത് മാനസിക സംതൃപ്തി നൽകുന്നു.
- പ്രൊട്ടക്ഷൻ സ്പോർട്സ്, ഗന്ധം തിരിച്ചറിയൽ അല്ലെങ്കിൽ തെറാപ്പി വർക്ക് പോലുള്ള ചിട്ടയായ പ്രോഗ്രാമുകൾ ഊർജ്ജത്തെ ലക്ഷ്യബോധമുള്ള കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്നു. ഇത് അനാവശ്യമായി കുരയ്ക്കുന്നതിനുള്ള അവസരം കുറയ്ക്കുന്നു.
4. ക്രെയ്റ്റ് പരിശീലനം (Crate training)
- ഒരു ക്രെയ്റ്റ്, ശരിയായി പരിചയപ്പെടുത്തുന്നത് നായകളുടെ സുരക്ഷിത താവളം മനസ്സിലാക്കാനും വിശ്രമിക്കാനും അവയെ ബോധവന്മാരാക്കുന്നു.
- ഈ താവളം വിശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും അമിത ഉത്തേജനം കുറയ്ക്കുകയും വൈകാരിക സ്ഥിരത കെെവരിക്കാനും അവയെ സഹായിക്കുന്നു. ഇത് സമ്മർദ്ദം മൂലമുള്ള കുര കുറയ്ക്കാൻ സഹായിക്കുന്നു.
5. ഘ്രാണശേഷിക്കും തലച്ചോറിനും ഉത്തേജനം
- വീടിനോ പൂന്തോട്ടത്തിനോ ചുറ്റും ഭക്ഷണം ഒളിപ്പിക്കുന്നതുപോലുള്ള കളികളും സ്വാഭാവികമായ വേട്ടയാടലിനെ പ്രോത്സാഹിപ്പിക്കുന്നു.
- മാനസികമായ വ്യായാമം പലപ്പോഴും ശാരീരിക അധ്വാനത്തിന് തുല്യമായ ക്ഷീണവും സംതൃപ്തിയും നൽകുന്നു.
എന്നാൽ ഇതിന് ശേഷവും കുര തുടരുകയാണെങ്കിൽ, ഒരു സർട്ടിഫൈഡ് കനൈൻ ബിഹേവിയറിസ്റ്റിൽ (certified canine behaviourist) നിന്നോ അല്ലെങ്കിൽ പരിശീലന വിദഗ്ധനിൽ നിന്നോ പ്രൊഫഷണൽ പരിശീലനം ആവശ്യമായി വന്നേക്കാം.
കുരയ്ക്കുന്നത് നായകളുടെ ആശയവിനിമയ രീതിയാണ്. അതിനാൽ കൂടുതൽ ശ്രദ്ധ നൽകാൻ ശ്രമിക്കുക. ഒരു പെറ്റ് പേരന്റ് എന്ന നിലയിൽ നിങ്ങൾക്ക് അവരുടെ ശാരീരികവും വൈകാരികവും മാനസികവുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.
(പൊതുവായ വിവരങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Is your dog barking too much? Discover effective strategies for managing excessive barking, understanding its causes, and fostering a calmer, happier dog.
Published: 05 Nov 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented