ജപ്പാനിലെ കീനോകാവയിലുള്ള കീഷി റെയിൽവേ സ്‌റ്റേഷൻ ഒരിക്കൽ അടച്ചുപൂട്ടലിന്റെ വക്കിൽ വരെയെത്തിയിരുന്നു. 1933-ലാണ് പ്രവർത്തനം തുടങ്ങിയത്. 2004-ൽ സാമ്പത്തികപ്രശ്‌നങ്ങൾ കാരണം സ്റ്റേഷൻ അടച്ചുപൂട്ടാൻ തീരുമാനിച്ചു. എന്നാൽ ആളുകളുടെ എതിർപ്പിനെ തുടർന്ന് ആ തീരുമാനം മാറ്റി. അതേ സമയത്താണ് അവിടുത്തെ അനൗദ്യോഗിക സ്‌റ്റേഷൻ മാസ്റ്ററായ കൊയാമ, ഒരു പൂച്ചയെ ദത്തെടുക്കുന്നത്. അതിന് താമ എന്ന് പേരുമിട്ടു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ താമയ്ക്ക് സ്‌റ്റേഷൻ മാസ്റ്റർ പദവിയും അധികൃതർ നൽകി. സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കുക എന്നതായിരുന്നു അവളുടെ ഡ്യൂട്ടി. വാർഷികശമ്പളത്തിനൊപ്പം ക്യാറ്റ് ഫുഡും പേരും സ്ഥാനവും പതിപ്പിച്ചിട്ടുള്ള ഒരു ഗോൾഡൻ ടാഗുമായിരുന്നു അവൾക്ക് ലഭിച്ചത്. അവിടെത്തിയ ഒരു യാത്രക്കാരൻ അവളുടെ ടാഗ് മോഷ്ടിച്ചുകൊണ്ടുപോയെങ്കിലും, പുറകെ പുതിയത് നിർമിച്ചു. താമയുടെ പ്രശസ്തി കാരണം അവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണം കൂടി. മാസങ്ങൾക്കുള്ളിൽ ടോപ് സ്റ്റേഷൻ റണ്ണർ പുരസ്‌കാരം അവളെ തേടിയെത്തി. പിന്നാലെ പൂച്ചയുടെ ചിത്രങ്ങൾ പതിപ്പിച്ച ഒരു താമ ട്രെയിൻ പോലും കമ്പനി പുറത്തിറക്കി. 2010-ൽ സ്റ്റേഷൻ കെട്ടിടം പൊളിച്ച്, 'ക്യാറ്റ് തീമി'ൽ പുതിയ കെട്ടിടം നിർമിച്ചു. 2015-ലാണ് താമ അന്ത്യശ്വാസം വലിക്കുന്നത്. രാജകീയമായിട്ടാണ് താമയുടെ അവസാനയാത്ര അധികൃതർ സംഘടിപ്പിച്ചത്.

പിന്നാലെ താമയുടെ അപ്രന്റീസായിരുന്ന നിതാമ സ്റ്റേഷൻ മാസ്റ്ററായി. പത്തുവർഷത്തെ സേവനത്തിനുശേഷം നിതാമ, കഴിഞ്ഞമാസമാണ് ചത്തത്. ഇക്കഴിഞ്ഞ ദിവസമാണ് നിതാമയുടെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി 1000-ത്തോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. പൂച്ചയുടെയും ഈ റെയിൽവേ ലൈനിന്റെയും ആരാധകരാണ് എത്തിയത്. ചടങ്ങുകൾക്കുശേഷം നിതാമയുടെ ഛായാചിത്രത്തിന് മുന്നിൽനിന്ന് ആളുകൾ അവളുടെ സമാധാനപരമായ മരണാനന്തരജീവിതത്തിനായി പ്രാർത്ഥിച്ചു. സ്റ്റേഷനിൽ സ്ഥാപിച്ച സ്മാരക ബലിപീഠത്തിൽ പൂച്ചെണ്ടുകളും ക്യാറ്റ് ഫുഡും വെക്കാനും ആളുകൾ മറന്നില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi