ഒരു പെൺകുട്ടിക്ക് ജോലി കിട്ടുമ്പോൾ അല്ലെങ്കിൽ സ്വന്തമായി വരുമാനം ഉണ്ടാക്കിത്തുടങ്ങുമ്പോൾ കുടുംബം സന്തോഷിക്കും. ''മോൾക്ക് നല്ല ജോലി കിട്ടി'' എന്നത് ഇന്നും പല വീടുകളിലും അഭിമാനത്തിന്റെ വിഷയമാണ്. പക്ഷേ അതേ പെൺകുട്ടി വിവാഹത്തിന് ശേഷം അല്ലെങ്കിൽ മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾ കാരണം ജോലി നിർത്തുമ്പോൾ ആ അഭിമാനമൊക്കെ എവിടെയോ പോയി മറയുന്നു. ആ കരിയർ ബ്രേക്ക് അപ്പ് വളരെ സ്വാഭാവികമായ ഒന്നായി മാറുന്നു. അതിൽ ആർക്കും അദ്ഭുതവുമില്ല, ആശ്ചര്യവുമില്ല. എന്നാൽ ആൺകുട്ടികളുടെ കരിയറിനാണ് ബ്രേക്ക് അപ്പ് വരുന്നതെങ്കിൽ ഇതല്ല സ്ഥിതി. ആധി മൂത്ത് ഭ്രാന്തുപിടിക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും സമൂഹത്തിനും.

പെൺകുട്ടികളുടെ കരിയർ ബ്രേക്ക് അപ്പിനെ നോർമലൈസ് ചെയ്യാൻ എന്തെല്ലാം കാരണങ്ങളാണ് നിരത്തുന്നത്.

'കുട്ടികളെ നോക്കേണ്ടതല്ലേ...'
'വീടും ജോലിയുമൊക്കെ എങ്ങനെ ഒരുമിച്ച്?'
'ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത് തന്നെ നല്ലത്...'

ഇങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടും. പക്ഷേ ഈ തീരുമാനത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ സത്യം പലപ്പോഴും നമ്മൾ ചർച്ച ചെയ്യാറില്ല - സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നതാണ് അത്. ജോലി നിർത്തിയതോടെ വരുമാനം അവസാനിക്കുന്നു. ബാങ്ക് അക്കൗണ്ടിൽ ശമ്പളം എത്തുന്നത് നിലയ്ക്കുന്നു. അതിനൊപ്പം തന്നെ പതുക്കെ മറ്റൊരു മാറ്റവും സംഭവിക്കും. സാമ്പത്തിക കാര്യങ്ങളിൽ പങ്കാളിത്തം കുറയുന്നു. തീരുമാനങ്ങൾ മറ്റൊരാളുടെ കൈകളിലേക്ക് പോകുന്നു.

ആദ്യം മനസ്സിലാക്കേണ്ട ഒരു സത്യം
''ജോലി ഇല്ലെങ്കിൽ വരുമാനം ഇല്ല'' - നമ്മളിൽ പലരും സ്വാഭാവികമായി വിശ്വസിക്കുന്ന ഒരു ധാരണയാണ് ഇത്. ഒരാൾ ജോലി വിട്ടാൽ അവിടെത്തന്നെ വരുമാനം അവസാനിക്കുന്നു എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഇന്നത്തെ സാമ്പത്തിക ലോകം അത്ര ലളിതമായ ഒരു സമവാക്യമല്ല. ഒരു കാലത്ത് വരുമാനം ഉണ്ടാക്കാൻ ജോലി മാത്രമായിരുന്നു പ്രധാന വഴി. മാസാവസാനം ശമ്പളം കിട്ടുക - അതായിരുന്നു സാമ്പത്തിക സുരക്ഷയുടെ ഏക അടിത്തറ. പക്ഷേ കാലം മാറി. സാമ്പത്തിക ലോകവും മാറി. ഇന്ന് വരുമാനം ഉണ്ടാക്കാൻ ഒരൊറ്റ വഴിയല്ല. നിക്ഷേപങ്ങൾ വഴി വരുമാനം നേടാം. ചെറിയ സംരംഭങ്ങൾ ആരംഭിക്കാം. വീട്ടിൽ നിന്നുതന്നെ ചെയ്യാവുന്ന ഓൺലൈൻ ജോലികൾ ലഭ്യമാണ്. സ്വന്തം കഴിവുകൾ ഉപയോഗിച്ച് സേവനങ്ങൾ നൽകാം.

പാചകം നന്നായി അറിയുന്ന ഒരാൾക്ക് ചെറിയ ഫുഡ് ബിസിനസ് തുടങ്ങാം. പഠിപ്പിക്കാൻ കഴിവുള്ളവർക്ക് ഓൺലൈൻ ട്യൂഷൻ നടത്താം. എഴുത്ത്, ഡിസൈൻ, കൈത്തറി, ആർട്ട് - പല കഴിവുകളും ഇന്ന് വരുമാനമായി മാറുന്ന കാലമാണ് ഇത്.

അതുകൊണ്ട് വിവാഹം അല്ലെങ്കിൽ മാതൃത്വം കാരണം ജോലി നിർത്തിയ സ്ത്രീകൾ ആദ്യം മനസ്സിലാക്കേണ്ട ഒരു പ്രധാന സത്യമുണ്ട്. ജോലി നിർത്തിയതോടെ ജീവിതത്തിലെ സാമ്പത്തിക വഴികൾ അടഞ്ഞുപോയിട്ടില്ല. വഴികൾ മാറിയിരിക്കാം. രീതികൾ മാറിയിരിക്കാം. പക്ഷേ അവസരങ്ങൾ ഇന്നും ഉണ്ട്.

അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തിക സ്വാതന്ത്ര്യം വീണ്ടും നേടാൻ ഒരിക്കലും വൈകിയിട്ടില്ല. ചെറിയൊരു തീരുമാനത്തിൽ നിന്ന് അത് തുടങ്ങാം. ഒരു ചെറിയ സമ്പാദ്യത്തിൽ നിന്ന് തുടങ്ങാം. ഒരു ചെറിയ ശ്രമത്തിൽ നിന്ന് തുടങ്ങാം. പലപ്പോഴും വലിയ സാമ്പത്തിക ശക്തി വലിയ ശമ്പളങ്ങളിൽ നിന്നല്ല, ചിന്താഗതിയിലെ ചെറിയ മാറ്റത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഏതാനും ചില ലളിതമായ ചുവടുവയ്പുകളിലൂടെ നഷ്ടപ്പെട്ടതിനെ സ്ത്രീകൾക്ക് തിരിച്ചുപിടിക്കാം

എങ്ങനെ
സ്റ്റെപ് 1

1. സ്വന്തം സാമ്പത്തിക അവസ്ഥ മനസ്സിലാക്കുക
നമ്മുടെ സമൂഹത്തിൽ പല വീടുകളിലും ഒരു പതിവുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഒരാൾ മാത്രം കൈകാര്യം ചെയ്യും. പലപ്പോഴും അത് ഭർത്താവായിരിക്കും. സ്ത്രീകൾ വീട്ടിലെ ചെലവുകൾ നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിച്ചാലും, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ വലിയ സാമ്പത്തിക തീരുമാനങ്ങളിൽ അവർക്ക് മുഴുവൻ വിവരങ്ങളും അറിയണമെന്നില്ല.

  1. ബാങ്ക് അക്കൗണ്ടിൽ എത്ര പണം ഉണ്ട്?
  2. ഇൻഷുറൻസ് പോളിസികൾ എന്തൊക്കെ?
  3. നിക്ഷേപങ്ങൾ എവിടെയൊക്കെയുണ്ട്?

ഇവയെക്കുറിച്ച് പല സ്ത്രീകളും വ്യക്തമായ ധാരണയില്ലാതെ ജീവിക്കുന്നതും ഒരു യാഥാർത്ഥ്യമാണ്. ഇത് ഒരു കുറ്റമല്ല; വർഷങ്ങളായി രൂപപ്പെട്ട ഒരു കുടുംബ സംസ്‌കാരത്തിന്റെ ഭാഗമാണ്. പക്ഷേ സാമ്പത്തികമായി ശക്തരാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയ്ക്ക് ആദ്യമായി വേണ്ടത് സാമ്പത്തിക വിവരങ്ങളാണ്.

  1. കുടുംബത്തിന്റെ മൊത്തം വരുമാനം എത്രയാണ്?
  2. ഓരോ മാസവും ചെലവാകുന്ന തുക എത്ര?
  3. ഏതെങ്കിലും തരത്തിലുള്ള കടങ്ങൾ ഉണ്ടോ?
  4. നിക്ഷേപങ്ങൾ എന്തൊക്കെ ഉണ്ട്?

ഈ വിവരങ്ങൾ മനസ്സിലാക്കിയാൽ ഒരു വലിയ മാറ്റം സംഭവിക്കും. സാമ്പത്തിക കാര്യങ്ങൾ ഇനി അന്യമായ ഒരു ലോകമായി തോന്നുകയില്ല. മറിച്ച് കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കാളിയാകാൻ കഴിയുന്ന ഒരു നിലയിലേക്ക് എത്തും. സാമ്പത്തിക ശക്തിയുടെ ആദ്യ ചുവടുവെപ്പ് പണത്തിൽ നിന്ന് അല്ല-അറിവിൽ നിന്നാണ്.

ആ അറിവ് ലഭിക്കുന്ന നിമിഷം മുതൽ തന്നെ ഒരു സ്ത്രീയുടെ സാമ്പത്തിക യാത്ര ആരംഭിക്കുന്നു.

സ്റ്റെപ് 2

2. ചെറിയ സമ്പാദ്യം ആരംഭിക്കുക
''ജോലി ഇല്ലെങ്കിൽ സേവിംഗ്‌സ് എങ്ങനെ ഉണ്ടാക്കും?'' - ജോലി നിർത്തിയ പല സ്ത്രീകളും ആദ്യം ചോദിക്കുന്ന ചോദ്യമാണ് ഇത്. വരുമാനം ഇല്ലാത്തപ്പോൾ സമ്പാദ്യം എങ്ങനെ തുടങ്ങും എന്ന സംശയം സ്വാഭാവികമാണ്. പക്ഷേ സാമ്പത്തിക ലോകത്തിലെ ഒരു വലിയ സത്യം നമ്മൾ പലപ്പോഴും മറക്കുന്നു - സേവിംഗ്‌സ് വലിയ തുകയോടെ തുടങ്ങേണ്ടതില്ല. പലരും കരുതുന്നത് നിക്ഷേപം തുടങ്ങാൻ വലിയ തുക വേണമെന്നാണ്. പതിനായിരങ്ങൾ, ലക്ഷങ്ങൾ ഉണ്ടായാൽ മാത്രമേ നിക്ഷേപം തുടങ്ങാനാകൂ എന്നാണ് പലരുടെ ധാരണ. എന്നാൽ യാഥാർത്ഥ്യം അതല്ല.

ഒരു മാസം 500 രൂപ പോലും മാറ്റിവയ്ക്കാം. അല്ലെങ്കിൽ 1000 രൂപ. ആ ചെറിയ തുക പോലും ഒരു നിക്ഷേപ യാത്രയുടെ തുടക്കമാകാം. ഇന്ന് മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപി (Systematic Investment Plan) വഴിയോ ചിട്ടികളിലൂടെയോ ബാങ്ക് റിക്കറിംഗ് ഡിപ്പോസിറ്റ് വഴിയോ വളരെ ചെറിയ തുകയോടെ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. മാസംതോറും ഒരു നിശ്ചിത തുക മാറ്റിവെച്ച് നിക്ഷേപിക്കുമ്പോൾ അത് പതുക്കെ ഒരു ശീലമായി മാറും. ചെറിയ തുകകളെ പലപ്പോഴും നമ്മൾ വിലകുറച്ച് കാണാറുണ്ട്. ''ഇതുകൊണ്ട് എന്ത് നടക്കും?'' എന്ന ചിന്ത നമ്മളെ പിന്നോട്ട് പിടിക്കും. പക്ഷേ സാമ്പത്തിക ലോകത്ത് ചെറിയ തുകകൾക്ക് ഒരു വലിയ ശക്തിയുണ്ട് - സമയത്തിന്റെ ശക്തി.

ഒരു മാസം 1000 രൂപ നിക്ഷേപിച്ചാൽ അത് വളരെ ചെറിയതാണെന്ന് തോന്നാം. എന്നാൽ അതേ തുക 10 വർഷം, 15 വർഷം, 20 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ അത് വലിയ സമ്പാദ്യമായി വളരാൻ കഴിയും. ഇവിടെ പ്രധാനപ്പെട്ടത് തുകയുടെ വലുപ്പമല്ല; നിക്ഷേപ ശീലത്തിലെ സ്ഥിരതയാണ്. സേവിംഗ്‌സ് എന്നത് ഒരു സാമ്പത്തിക പ്രവർത്തനം മാത്രമല്ല. അത് ഒരു മനോഭാവമാണ്. ഇന്ന് ചെറിയ തുക മാറ്റിവയ്ക്കാൻ തുടങ്ങുന്ന ഒരാൾ നാളെ വലിയ നിക്ഷേപങ്ങൾ ചെയ്യാൻ തയ്യാറാകുന്നവളായി മാറും. അതുകൊണ്ട് സാമ്പത്തികമായി വീണ്ടും ശക്തരാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് സ്റ്റെപ് 2 വളരെ ലളിതമാണ്:

സ്റ്റെപ്: 3

3. കഴിവുകൾ തിരിച്ചറിയുക
സാമ്പത്തികമായി വീണ്ടും ശക്തരാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് അടുത്ത പടി വളരെ പ്രധാനപ്പെട്ടതാണ് - സ്വന്തം കഴിവുകൾ തിരിച്ചറിയുക. നമ്മുടെ സമൂഹത്തിൽ അനേകം സ്ത്രീകൾക്ക് അതിശയകരമായ കഴിവുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അവയിൽ പലതും വീടിന്റെ ചുമരുകൾക്കുള്ളിൽ തന്നെ ഒതുങ്ങിപ്പോകുന്നു.

പാചകം നന്നായി ചെയ്യുന്നവർ ഉണ്ടാകും. പഠിപ്പിക്കാൻ കഴിവുള്ളവർ ഉണ്ടാകും. എഴുത്ത്, ചിത്രരചന, ഡിസൈൻ, കൈത്തറി, തയ്യൽ, ഹോം ഡെക്കർ - ഇങ്ങനെ നിരവധി കഴിവുകൾ പല സ്ത്രീകളിലും ഒളിഞ്ഞിരിക്കുന്നു. പക്ഷേ ഇവയെ അവർ പലപ്പോഴും ഒരു വരുമാന സാധ്യതയായി കാണുന്നില്ല. ''ഇത് ഒരു ഹോബിയാണ്'' എന്ന നിലയിലാണ് അവർ അത് കാണുന്നത്.

കാലം മാറിയിരിക്കുകയാണ്. ഇന്ന് അതേ കഴിവുകൾ വരുമാനമായി മാറ്റാനുള്ള വഴികൾ മുമ്പത്തേക്കാൾ വളരെ കൂടുതലാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, ചെറിയ ഹോം ബിസിനസ്സുകൾ - എല്ലാം പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുന്നുണ്ട്. ഒരു നല്ല പാചകക്കാരിക്ക് ഹോം ഫുഡ് സർവീസ് തുടങ്ങാം. പഠിപ്പിക്കാൻ കഴിവുള്ളവർക്ക് ഓൺലൈൻ ട്യൂഷൻ നടത്താം. കൈത്തറി ചെയ്യുന്നവർക്ക് സോഷ്യൽ മീഡിയ വഴി അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാം.

ഇവയെല്ലാം വലിയ ബിസിനസുകളായിരിക്കണമെന്നില്ല. ചെറിയ ശ്രമങ്ങളായിരിക്കാം. എന്നാൽ അതിന് ഒരു വലിയ പ്രത്യേകതയുണ്ട് - അത് സ്വന്തം വരുമാനം ആയിരിക്കും. സ്വന്തമായി സമ്പാദിച്ച ഒരു ചെറിയ തുകയ്ക്ക് പോലും നിങ്ങളിൽ വലിയ കരുത്ത് നൽകാൻ ശേഷിയുണ്ട്. അത് ആത്മവിശ്വാസം നൽകും. സാമ്പത്തിക തീരുമാനങ്ങളിൽ കൂടുതൽ ഉറച്ച നിലപാട് എടുക്കാൻ സഹായിക്കും.

പലപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ തുടക്കം വലിയ ശമ്പളങ്ങളിൽ നിന്നല്ല. സ്വന്തം കഴിവുകൾക്ക് വില നൽകുന്ന ആ ആദ്യ ചെറിയ ശ്രമത്തിൽ നിന്നാണ് അത് ആരംഭിക്കുന്നത്.

സ്റ്റെപ് 4

4. നിക്ഷേപത്തെക്കുറിച്ച് പഠിക്കുക
പല സ്ത്രീകളും സാമ്പത്തിക ലോകത്തെക്കുറിച്ച് ഒരു ഭയം പുലർത്തുന്നു. ''ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്'' എന്ന ധാരണ അവർക്കുണ്ട്. പക്ഷേ ഇന്ന് വിവരങ്ങൾ ലഭിക്കാൻ വളരെ എളുപ്പമാണ്. പുസ്തകങ്ങൾ, ലേഖനങ്ങൾ, ഓൺലൈൻ കോഴ്‌സുകൾ... എല്ലാം ലഭ്യമാണ്. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാക്കിയാൽ തന്നെ വലിയ മാറ്റം സംഭവിക്കും.

സ്റ്റെപ് 5

5. സ്വന്തം പേരിൽ നിക്ഷേപങ്ങൾ
പല കുടുംബങ്ങളിലും നിക്ഷേപങ്ങൾ ഉണ്ടാകും. പക്ഷേ അവ പലപ്പോഴും ഭർത്താവിന്റെ പേരിലായിരിക്കും. ഇവിടെ ഒരു ചെറിയ കാര്യമാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീകൾക്ക് സ്വന്തം പേരിലും നിക്ഷേപങ്ങൾ വേണം. ബാങ്ക് അക്കൗണ്ട്, SIP, ഇൻഷുറൻസ്, പെൻഷൻ - ഇവയുണ്ടെങ്കിൽ അത് ഒരു സാമ്പത്തിക സുരക്ഷയായി മാറും.

സാമ്പത്തികസ്വാതന്ത്ര്യം എന്തുകൊണ്ട് പ്രധാനമാണ്?

1. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പണം മാത്രം അല്ല. അതൊരു ആത്മവിശ്വാസമാണ്.

2. സ്വന്തമായി ചിലവഴിക്കാനുള്ള സ്വാതന്ത്ര്യം. സ്വന്തമായി തീരുമാനമെടുക്കാനുള്ള ധൈര്യം.

3. ജീവിതത്തിൽ അനിശ്ചിതത്വങ്ങൾ വന്നാലും നിലകൊള്ളാനുള്ള ശക്തി.

വിവാഹവും മാതൃത്വവും സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളാണ്. പക്ഷേ അതിനുവേണ്ടി പെൺകുട്ടികൾ മാത്രം അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം ത്യജിക്കേണ്ടതില്ല. ജോലി നിർത്തിയതോടെ ജീവിതം നിൽക്കേണ്ടതില്ല. പുതിയ വഴികൾ തേടാം. ചെറിയ സമ്പാദ്യങ്ങൾ ആരംഭിക്കാം. കഴിവുകൾ ഉപയോഗിക്കാം. പലപ്പോഴും വലിയ മാറ്റങ്ങൾ ചെറിയ തീരുമാനങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. അതുകൊണ്ട് കരിയർ ബ്രേക്കായ സ്ത്രീകൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട സാമ്പത്തികശക്തി വീണ്ടും നേടാം. അതിന് മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് തുടക്കമിടാനുള്ള മനോഭാവം മാത്രം ഉണ്ടായാൽ മതിയാകും.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)