അരുമയായി നമ്മള്‍ വളര്‍ത്തുന്ന നായകൾ അസാധാരണമായ ശാരീരികലക്ഷണങ്ങളോ പെരുമാറ്റത്തിലെ വ്യത്യാസങ്ങളോ കാണിക്കുമ്പോള്‍ അവയ്‌ക്കെന്തോ ആരോഗ്യ പ്രശ്‌നമുണ്ടെന്ന സൂചന നമുക്ക് ലഭിക്കുന്നു. അത്തരം അവസരങ്ങളില്‍ ചിലര്‍ ഉടന്‍ തന്നെ വെറ്ററിനി ഡോക്ടറുമായി ബന്ധപ്പെടുകയോ, നായയെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിക്കുകയോ ചെയ്യും. മറ്റു ചിലരാകട്ടെ കുറേക്കൂടി കാത്തിരിക്കാന്‍ തയ്യാറാകുന്നു.

To advertise here,

എന്നാൽ നായകളില്‍ കാണുന്ന ഇത്തരം ചെറിയ ലക്ഷണങ്ങള്‍ പോലും നിസാര പ്രശ്‌നങ്ങളോ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പോ ആകാം. ഇതിൽ ചില ലക്ഷണങ്ങളെ 'അവഗണിക്കാന്‍ പാടില്ലാത്തത് ' എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ഈ വിഭാഗത്തിലുള്ള ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് കരുതി നായയ്ക്ക് ഗുരുതര രോഗമുണ്ടെന്ന് പറയാന്‍ സാധിക്കില്ലായെങ്കിലും, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി സഹായം തേടുകയും ഗുരുതര പ്രശ്‌നങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്രകാരം നിസാരമായി തള്ളിക്കളയാതെ ഉടമകള്‍ കരുതലോടെ സമീപിക്കേണ്ട നായകളിലെ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.

1. ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വാസോച്ഛാസത്തില്‍ ബുദ്ധിമുട്ട്

ഹൃദയത്തിനോ ശ്വാസകോശത്തിനോ മുന്‍പ് അസുഖമൊന്നുമില്ലായിരുന്ന നായകള്‍ ശ്വസനതടസ്സമോ ബുദ്ധിമുട്ടോ കാണിച്ചാല്‍ ഉടന്‍തന്നെ വെറ്ററിനറി സഹായം തേടണം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനൊപ്പം ശ്വാസകോശങ്ങളിലും നെഞ്ചിന്‍കൂടിലും ദ്രാവകം നിറഞ്ഞ് സ്ഥിതി ഗുരുതരമായേക്കാം.

2. ക്ഷീണവും മന്ദതയും

സാധാരണ കാണാത്തവിധം ഉറക്കം തൂങ്ങി, മടിപിടിച്ച്, ഉന്മേഷവും ഒന്നിലും താത്പര്യവും കാണിക്കാതിരിക്കുന്ന നായയെ ശ്രദ്ധിക്കണം. ഇതോടൊപ്പം വെളിച്ചത്തോടും ശബ്ദത്തോടുമൊന്നും പ്രതികരിക്കാതെ വന്നാല്‍ കൂടുതല്‍ കരുതല്‍ വേണ്ടിവരും. 24 മണിക്കൂറിലധികം ഇത്തരമൊരവസ്ഥ തുടര്‍ന്നാല്‍ ഡോക്ടറുടെ ഉപദേശം തേടാം.

3. ബോധം കെടുക

ക്ഷീണിതനായി വീഴുകയും, തിരിച്ചെഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും നായകളെ കാണുകയാണെങ്കിൽ സൂക്ഷിക്കണം. ഇതോടൊപ്പം ബോധം കൂടി നഷ്ടപ്പെ ടുന്ന സ്ഥിതിയും വരാവുന്നതാണ്. ഇത്തരം അവസ്ഥകളെല്ലാം ഗുരുതരമാണ്. മേല്‍പറഞ്ഞ അവസ്ഥകളില്‍ നിന്ന് പെട്ടെന്ന് തിരിച്ച് പഴയതുപോലെ ആയാലും ഗുരുതരമായ രോഗാങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. തളര്‍ന്നുവീഴുന്നതിലേക്കും ബോധം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്ന കാരണങ്ങള്‍ മിക്കവാറും ഗൗരവമേറിയ രോഗങ്ങളുടേയായതിനാല്‍ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടണം. നാഡീവ്യവസ്ഥ, മാംസപേശികള്‍, അസ്ഥിവ്യൂഹം, രക്തചംക്രമണവ്യൂഹം, ശ്വസനവ്യവസ്ഥ എന്നിവയില്‍ ഏതെങ്കിലുമൊക്കെ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം ബോധം പോയതിനുകാരണം.

4. അസ്വസ്ഥത നിറഞ്ഞ ഓട്ടം, ഓക്കാനം
വേദനയും അസുഖകരമായ അവസ്ഥയും കൊണ്ടാവും നായകൾ  ആകെ അസ്വസ്ഥരായി അങ്ങോട്ടുമിങ്ങോട്ടും നിര്‍ത്താതെ ഓടുന്നത്. ജിടിവി എന്ന ഗുരുതര ആമാശയ പ്രശ്‌നത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇതെന്നതിനാല്‍ ശ്രദ്ധിക്കണം. വയറുപെരുക്കം എന്ന് സാധാരണ ഭാഷയില്‍ വിളിക്കാവുന്ന രോഗത്തിന്റെ മറ്റൊരു ലക്ഷണം ഓക്കാനമാണ്. തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ ശ്രമിച്ചാലും ഒന്നും പുറത്തുവരികയുമില്ല. വലിപ്പം കൂടിയ നെ‍‍ഞ്ചിന് ആഴം  കൂടിയ ജനുസ്സുകളില്‍ കണ്ടുവരുന്ന ജിടിവി ജീവനുതന്നെ ഭീക്ഷണിയായ ഒന്നാണ്.

5. മൂത്രതടസ്സം / മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള ശ്രമം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. മൂത്രമൊഴിച്ചു കഴിയുമ്പോഴുള്ള ഉച്ചത്തിലുള്ള കരച്ചില്‍ പ്രത്യേക ലക്ഷണമാണ്. നായ മൂത്രമൊഴിക്കുന്ന ഭാഗത്ത് കൂടുതല്‍ സമയം ശ്രദ്ധ നല്‍കുന്നതും അമിതമായി ആ ഭാഗം നക്കുന്നതും സൂചനകളാവാം. ഗുരുതര പ്രശ്‌നങ്ങളുടെ മുന്നറിയിപ്പായി ഈ ലക്ഷണങ്ങളെ സംശയിച്ച് ഡോക്ടറുടെ ഉപദേശം തേടണം.

6. കണ്ണിന്റെ ചുവപ്പു നിറം
കണ്ണിന്റെ വെളുത്ത ഭാഗങ്ങള്‍ ചുവപ്പിലേക്ക് മാറുന്നത് കണ്ണിന്റെ ഏതെങ്കിലുമൊരു ഭാഗത്തുണ്ടായിരിക്കുന്ന അണുബാധ അല്ലെങ്കില്‍ നീര്‍വീക്കത്തിന്റെ ലക്ഷണമായിരിക്കാം. അന്ധതയിലേക്ക് വരെ നയിച്ചേക്കാവുന്ന പ്രശ്‌നങ്ങളുടെ സൂചനയാണ് ചുവന്ന കണ്ണുകള്‍ .

7. രക്തം കലര്‍ന്ന മലം / മൂത്രം / ഛര്‍ദ്ദി
നായകളുടെ മലത്തിന് കറുത്ത ടാറിന്റെ നിറത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നതു വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും രണ്ടും ഗൗരവത്തോടെ കാണണം. മലത്തില്‍ രക്തം അതേപടി കാണപ്പെടുന്നത് കുടലിലെ രക്തസ്രാവത്തിന്റെ സൂചനയാണ്. മൂത്രത്തില്‍ രക്തം കാണപ്പെടുന്നതിന്റെ കാരണവും പലതാകാം. മൂത്രനാളിയിലെ തടസ്സം, ബാക്ടീരിയല്‍ അണുബാധ തുടങ്ങി അര്‍ബുദം വരെ സംശയിക്കാവുന്നതാണ്. ഛര്‍ദ്ദിയില്‍ രക്തം ചുവപ്പു നിറത്തിലോ കാപ്പിപ്പൊടി നിറത്തിലോ കാണപ്പെടുന്നു. ഛര്‍ദ്ദിയില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടുന്നത് പല കാരണങ്ങളാലാവാം. ചിലത് നിസാരമെങ്കിലും മറ്റു പലതും ഗൗരവമേറിയതാവാമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

8. വിശപ്പില്ലായ്മ, ശരീരഭാരം കുറയുക
വിശപ്പില്ലായ്മയാണ് മിക്കവാറും രോഗങ്ങളുടെ ആദ്യലക്ഷണം. ഇതിന്റെ കാരണം പലതാകും. ഭക്ഷണം കഴിക്കാതെ ഒരു ദിവസം കഴിയുന്നതോടുകൂടി ആരോഗ്യത്തെ അത് ബാധിച്ചുതുടങ്ങും. ആറുമാസത്തില്‍ താഴെ പ്രായമുള്ള നായക്കുട്ടികളില്‍ ഈ  പ്രശ്‌നം ഗുരുതരമാണ്. സാധാരണ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിലധികമുണ്ടാകുന്ന കുറവ് അപകടസൂചനയാണ്. ശരീരഭാരം കുറയുന്നതിന് കാരണം പലതാകാം. ചിലതെങ്കിലും ഗൗരവമുള്ളതായിരിക്കാം.

9.പനി
രോഗാണുബാധയ്‌ക്കെതിരെ ശരീരം പൊരുതുന്നു എന്നതിന്റെ സൂചനയാണ് ശരീര താപനില ഉയരുന്നതിന്റെ കാരണം. 100.5 മുതല്‍ 102.5 ഡിഗ്രി ഫാറന്‍ഹേയ്റ്റാണ് നായകളിലെ സാധാരണ താപനില. ഇതിലധികമായാല്‍ വൈദ്യസഹായം തേടണം.

10. ചുമ
നായകൾ ഇടയ്ക്ക് ചുമയ്ക്കുന്നത് സ്വാഭാവികമാകാം. പക്ഷേ നിര്‍ത്താതെ തുടരുകയാണെങ്കില്‍ നിരവധി ഗൗരവപ്രശ്‌നങ്ങളുടെ സൂചനയാണ് ചുമ. ശ്വസനനാളത്തിലെ തടസ്സം, കെന്നല്‍ കഫ് രോഗം, ശ്വാസകോശത്തിലെ അണുബാധ, ഹൃദയവിരബാധ, ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം എന്നിവയുടെയൊക്കെ ലക്ഷണമായും ചുമ വരാം.

പതിവിനു വിപരീതമായി കുറച്ചധികം ഭക്ഷണം കഴിച്ചതുകൊണ്ടുണ്ടാവുന്ന വയറിന്റെ ചെറിയ അസ്വസ്ഥതയൊക്കെ തന്നെ മാറിപ്പോകും, സുഖമാകും. എന്നാല്‍ മറ്റു ചില ലക്ഷണങ്ങള്‍ പെട്ടെന്നു പ്രത്യക്ഷപ്പെടുകയും ,തീവ്രസ്വഭാവം കാണിക്കുകയും ചെയ്യുന്നവയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം വെറ്ററിനറി സര്‍വീസ് നേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi