അപൂർവവും വിലപിടിപ്പുള്ളതുമായ വസ്തുക്കളോടുള്ള റാപ്പർ ബാദ്‌ഷായുടെ താല്പര്യം ആരാധകർക്കിടയിൽ പ്രശസ്തമാണ്. 2025-ൽ 12.45 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് കലിനൻ കാർ വാങ്ങിയതിലൂടെ അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, വാച്ചുകളോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചും വാച്ച് നിർമ്മാണം പഠിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

അപൂർവ വസ്തുക്കൾ ശേഖരിക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും 500-ലധികം ജോഡി സ്നീക്കറുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കേർളി ടെയിൽസ്' എന്ന പ്രോഗ്രാമിൽ നൽകിയ അഭിമുഖത്തിലാണ് ബാദ്‌ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.

"എന്റെ പക്കൽ അധികം വാച്ചുകളില്ല, വെറും 10-15 എണ്ണമേ ഉള്ളൂ. പക്ഷേ അവയെല്ലാം വളരെ അപൂർവവും വിലപിടിപ്പുള്ളതുമാണ്. ഈ വാച്ചുകൾ നിർമ്മിക്കാൻ എടുക്കുന്ന കഠിനാധ്വാനം എന്നെ അതിശയിപ്പിക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, എല്ലാം ഉപേക്ഷിച്ച് വാച്ച് നിർമ്മാണം പഠിക്കാനായി സ്വിറ്റ്‌സർലൻഡിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിച്ചിരുന്നു."

വർഷത്തിൽ വെറും 10 വാച്ചുകൾ മാത്രം നിർമ്മിക്കുന്ന കലാകാരന്മാരുണ്ടെന്നും, കൈത്തണ്ടയിൽ കെട്ടുന്ന ഈ ചെറിയ യന്ത്രത്തിന് പിന്നിൽ മനുഷ്യന്റെ ആയിരക്കണക്കിന് മണിക്കൂറുകളുടെ അധ്വാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചില വാച്ചുകൾ ഇവയാണ്: റോളക്സ് 'ബാർബി', ലോകത്ത് ആകെ 10 എണ്ണം മാത്രമുള്ള ഈ വാച്ചിന് 9 കോടി രൂപയാണ് വില. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പക്കലും ഇത്തരത്തിലൊന്നുണ്ട്.

ഗ്രൂബെൽ ഫ്രോസി; കൈകൊണ്ട് നിർമ്മിച്ച ഈ വാച്ചിൽ ഏകദേശം 500 മുതൽ 700 വരെ ഭാഗങ്ങളുണ്ട്. ഒരു വാച്ച് നിർമ്മിക്കാൻ എട്ട് മാസത്തോളം സമയമെടുക്കും. ഇതിന്റെ വില ഏകദേശം 3.6 കോടി രൂപയാണ്. വാച്ചിന്റെ മധ്യഭാഗത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ ഒരു കൊച്ചു മാതൃകയുമുണ്ട്.

പാടെക് ഫിലിപ്പ് നോട്ടിലസ്, റിച്ചാർഡ് മിൽ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളുടെ പല അപൂർവ മോഡലുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

വാച്ചുകൾ വെറുമൊരു ആഡംബരമല്ല, മറിച്ച് കലയുടെയും സാങ്കേതികവിദ്യയുടെയും വിസ്മയമാണെന്നാണ് ബാദ്‌ഷായുടെ പക്ഷം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi