2025-ൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ പേര് ഒരു 20-കാരന്റേതാണ്. ഡി4വിഡി (D4vd) എന്ന അമേരിക്കൻ ഗായകന്റേത്. ഡേവിഡ് ആന്റണി ബർക്ക് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള ഇഷ്ടമല്ല, മറിച്ച് കുപ്രസിദ്ധിയാണ് ആ പേര് ആളുകൾക്കിടയിൽ ഇത്ര പ്രിയമുള്ളതാക്കിയത്.

വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പേര് ആളുകൾക്ക് അത്രത്തോളം പരിചിതമായിരുന്നില്ല. എന്നാൽ, സെപ്റ്റംബറോടെ എല്ലാം മാറിമറിഞ്ഞു. അതിനൊരു കാരണവുമുണ്ട്. ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഒരു ടെസ്‌ലയുടെ ഡിക്കിയിൽനിന്ന് കണ്ടെത്തി. അതാണെങ്കിൽ ഡേവിഡിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വണ്ടിയായിരുന്നു. നിയമലംഘനത്തിന്റെ പേരിൽ പിടിച്ചെടുക്കപ്പെട്ടതായിരുന്നു ആ ടെസ്‌ല.

ഹോളിവുഡ് ഹിൽസിലായിരുന്നു ആദ്യം വണ്ടി പാർക്ക് ചെയ്തിരുന്നത്. എന്നാൽ സെപ്റ്റംബർ 3-ന് 72 മണിക്കൂറിലേറെ ഒരേസ്ഥലത്ത് പാർക്ക് ചെയ്തതിന്റെ പേരിൽ, വണ്ടി പിടിച്ചെടുത്തു. അവിടുന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടുകയും ചെയ്തു. അവിടെ നിർത്തിയിട്ട വണ്ടിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. അങ്ങനെയാണ് മൃതദേഹത്തിന്റെ അഴുകിയ അവശിഷ്ടങ്ങൾ ലഭിക്കുന്നതും.

പരിശോധനയിൽ സെലസ്‌റ്റെ റിവാസ് എന്ന 15-കാരിയുടെ മൃതദേഹമാണെന്ന് കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം കാലിഫോർണിയയിൽവെച്ചാണ് സെലസ്‌റ്റെയെ കാണാതാവുന്നത്.

ഡേവിഡ് ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം സംഗീതപരിപാടികളുമായി പര്യടനത്തിലായിരുന്നു. ഗായകനെതിരേ സംശയിക്കത്തക്ക സൂചനകളൊന്നുമില്ലെന്നും കേസ് ചാർജ് ചെയ്തിട്ടില്ലെന്നും പോലീസ് ആവർത്തിച്ചുപറഞ്ഞു.

എന്നാൽ ഇതൊന്നും ഒരുവിഭാഗം ആളുകളെ തൃപ്തിപ്പെടുത്തിയില്ല. സോഷ്യൽമീഡിയയിൽ പലരും പല കഥകളുമുണ്ടാക്കി. അതെല്ലാം ഡേവിഡ് ആണ് കുറ്റവാളിയെന്ന് സ്ഥാപിക്കുന്ന തരത്തിലായിരുന്നു. ഡേവിഡിന്റെ പേരിലാണ് വണ്ടി രജിസ്റ്റർ ചെയ്തത് എന്നതു തന്നെയായിരുന്നു കാരണം. അതിനിടെ മറ്റ് ചില കാര്യങ്ങളും ഈ ഊഹാപോഹങ്ങൾക്കും പ്രചരണത്തിനും ഊർജം പകർന്നു. സൗണ്ട്ക്ലൗഡിൽ ബർക്കിന്റേതാണെന്ന് പറയപ്പെടുന്ന ഒരു ട്രാക്ക് ചോർന്നതും ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ആ ട്രാക്കിന്റെ പേരും 'സെലസ്റ്റെ' എന്നായിരുന്നു. അസാധാരണവും പ്രകോപനപരവുമായ ചില വരികൾ ഈ ട്രാക്കിലുണ്ടെന്നതും ഒരു കാരണമായി.

പിന്നീട് മൃതദേഹാവശിഷ്ടങ്ങളുടെ ആ അവസ്ഥയിൽനിന്ന് മരണകാരണം വ്യക്തമാകുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ കേസ് കൊലപാതകമായിട്ടാണ് കണക്കാക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും അവർ പറഞ്ഞു.

ഗൂഗിളിൽ ഡേവിഡിനെ ഒരുപാട് പേർ തിരഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിനെ ഈ കണ്ടെത്തലുകൾ മോശമായി ബാധിച്ചു. പല കമ്പനികളും ബർക്കിനെ ഉൾപ്പെടുത്തിയുള്ള പ്രൊമോഷണൽ പരിപാടികൾ നീക്കം ചെയ്തു. സംഗീതപരിപാടികൾ റദ്ദാക്കി. ഇപ്പോഴും പോലീസ് അന്വേഷണം തുടരുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi