
കോനി ഫ്രാൻസിസ് / GettyImages
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈയിടെ കേട്ടുകേട്ട് ആളുകളുടെ മനസ്സിൽ പതിഞ്ഞൊരു പാട്ടാണ് 'പ്രെറ്റി ലിറ്റിൽ ബേബി...'. അമേരിക്കൻ പോപ് സിങ്ങറും നടിയുമായ കോനി ഫ്രാൻസിസാണ് പാട്ടുപാടിയത്. ഇക്കഴിഞ്ഞ ദിവസമാണ് അവർ മരിച്ചത്. ഒരു വീഴ്ചയിൽ ഇടുപ്പെല്ലിന് ഒടിവ് പറ്റിയതിനെത്തുടർന്ന് അവർ ആസ്പത്രിയിലായിരുന്നു. അതിനിടെ ന്യുമോണിയയും പിടിപെട്ടു. മരണകാരണമായത് അതാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ 'പ്രെറ്റി ലിറ്റിൽ ബേബി'ക്കൊപ്പം റീൽ ചെയ്തപ്പോഴാണ് സംഭവം വൈറലായത്. ഹിറ്റായി മാസങ്ങൾ കഴിയുമ്പോഴാണ് കോനി വിടവാങ്ങുന്നതും.
1961-ലാണ് 'പ്രെറ്റി ലിറ്റിൽ ബേബി' റെക്കോഡ് ചെയ്യുന്നത്. ഡോൺ സ്റ്റർലിങ്, ബിൽ നോമാൻ എന്നിവർ ചേർന്നാണ് പാട്ടെഴുതിയത്. 40 പാട്ടുകൾ അടങ്ങിയ ആൽബം. എം.ജി.എം റെക്കോർഡ്‌സ് സ്റ്റുഡിയോയിൽ നാലുദിവസങ്ങളിലായി നടന്ന റെക്കോർഡിങ്ങിൽ ഈ പാട്ടുകളെല്ലാം കോനി പാടി. പക്ഷേ, അക്കാലത്ത് വലിയ ഓളമൊന്നുമുണ്ടാക്കിയില്ല. മെയ് 2025-ൽ ഇത് സിംഗിൾ ആയി പുറത്തിറക്കി. പിന്നാലെ ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തി.
ഇതുവരെ 10 ബില്യണിലധികം തവണയാണ് പാട്ട് സ്ട്രീം ചെയ്യപ്പെട്ടത്, സ്‌പോട്ടിഫൈയിൽ 83 മില്യൻ സ്ട്രീമുകളും. പാട്ട് വൈറലായതോടെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, സ്വീഡിഷ് ഭാഷകളിലുള്ള പതിപ്പുകൾ നിർമാതാക്കൾ പുറത്തിറക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള വിവിധ ചാർട്ടുകളിൽ ഈ പാട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്ത്യൻ ഇന്റർനാഷണൽ (ഐ.എം.ഐ) ചാർട്ടിൽ അഞ്ചാം സ്ഥാനത്തെത്തി 'പ്രെറ്റി ലിറ്റിൽ ബേബി'.
24 വയസ്സുള്ളപ്പോഴാണ് കോർണി പാട്ടുപാടിയത്. അത് വൈറലാവുന്നത് അവർക്ക് 87 വയസ്സുള്ളപ്പോഴും. അപ്പോഴേക്കും അവർ പാട്ടെല്ലാം വിട്ട് വിശ്രമജീവിതത്തിലേക്ക് ഒതുങ്ങിയിരുന്നു. 'പ്രെറ്റി ലിറ്റിൽ ബേബി' പോലും അവർ മറന്നിരുന്നു. പാട്ടുകേട്ടപ്പോഴാണ് ഓർത്തെടുത്തത്. സോഷ്യൽമീഡിയയെക്കുറിച്ച് ധാരണയില്ലാത്ത അവർ പാട്ട് ഹിറ്റായെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി. പിന്നീട് ചോദിച്ചതിങ്ങനെ, ''വൈറൽ എന്നുവെച്ചാൽ എന്താണ്''?
കോനിയുടെ ജീവിതം
ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വിജയിച്ച പാട്ടുകാരിയായിരുന്നു കോനി. അമേരിക്കൻ മാസികയായ 'ബിൽബോർഡി'ന്റെ ഹോട്ട് 100 ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ വനിതയും ഇവർ തന്നെ.
സ്‌കൂൾകാലം മുതലേ പാട്ട് കോനിക്കൊപ്പമുണ്ട്. കുറേ സിംഗിളുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും, അതൊന്നും ആരാധകരെ ആകർഷിച്ചില്ല. അതിനിടയിലാണ് പ്രശസ്തമായ എം.ജി.എം റെക്കോർഡ്‌സുമായി കരാറൊപ്പിടുന്നത്. അതാണ് അവരുടെ കരിയറിൽ വഴിത്തിരിവായതും. അവരുടെ കുറേ സിംഗികളുകൾ പുറത്തിറങ്ങി. അതെല്ലാം അമേരിക്കയിൽ ഹിറ്റാവുകയും ചെയ്തു. മ്യൂസിക് ഷോകളും റെക്കോർഡിങ്ങുകളുമായി തിരക്കിലായി ജീവിതം.
അതിനിടയിലാണ് അവരെ അടിമുടി തകർത്ത ഒരു സംഭവമുണ്ടാവുന്നത്. 1974-ൽ മ്യൂസിക് ഫെയറിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയതായിരുന്നു അവർ. താമസിച്ചത് ന്യൂയോർക്കിലെ തന്നെ മികച്ച ഒരു ഹോട്ടലിലും. രാത്രിയിൽ ഹോട്ടൽറൂമിന്റെ ഗ്ലാസ് ഡോർ തകർത്ത് മുറിയിൽ കയറിയ ഒരു അക്രമി അവരെ ശാരീരികമായി പീഡിപ്പിച്ചു. കത്തിമുനയിൽ നിർത്തിയായിരുന്നു ഉപദ്രവിച്ചത്. അതുകഴിഞ്ഞ് മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തു. ശേഷം അവരുടെ മുകളിലേക്ക് മെത്ത വലിച്ചിട്ടു. ശ്വാസംമുട്ടി, അനങ്ങാനും ശബ്ദമുണ്ടാക്കാനും കഴിയാതെ അവർ അവിടെ കിടന്നു. അതിനിടെയാണ് ആരോ കണ്ട് ഹോട്ടൽ അധികൃതരെ അറിയിക്കുന്നത്. ഉടനെ ആസ്പത്രിയിലെത്തിച്ചു. ആസ്പത്രിയിൽനിന്ന് ഇറങ്ങുന്നതിനുമുന്നേ തന്നെ ഹോട്ടലിനെതിരെ അവർ കേസുകൊടുത്തു. താമസക്കാർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന പരാതിയിൽ, 2.5 മില്യൻ ഡോളറാണ് നഷ്ടപരിഹാരമായി ലഭിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിധിയായി മാറിയത്. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് മതിയായി സുരക്ഷ ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കംകുറിച്ചതും ഈ സംഭവം തന്നെ. പക്ഷേ, എത്രയൊക്കെ അന്വേഷണം നടത്തിയിട്ടും ആരാണ് അക്രമിയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു 19-കാരനെ അന്നുതന്നെ ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും, തെളിവില്ലാത്തതിനാൽ വിട്ടയച്ചു. തനിക്കെതിരെ നടന്ന അതിക്രമം, കോനിയെ വിഷാദത്തിലാഴ്ത്തി.
എത്രയോ നാളുകൾ ഉറക്കഗുളികകൾ കഴിച്ചാണ് അവർ മയങ്ങിയത്. അതിനൊപ്പം 50-ഓളം വേദനാസംഹാരികളും കഴിച്ചിരുന്നുവത്രേ. വീട്ടിൽനിന്ന് പുറത്തിറങ്ങാതെയുമായി. നാലുവർഷങ്ങൾക്കുശേഷമാണ് അവർ സംഗീതത്തിലേക്ക് തിരിച്ചുവരുന്നത്. അതും റെക്കോഡിങ് മാത്രമെന്നതിലേക്ക് അവർ ചുരുങ്ങി. കുറച്ചുനാളുകൾക്കുശേഷം മൂക്കിൽ ഒരു ശസ്ത്രക്രിയ നടത്തി. അതോടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു. ഇതിനൊക്കെ അപ്പുറം സഹോദരനെ വീടിനുമുന്നിൽവെച്ച് വെടിവെച്ചുകൊന്നത് അവരെ വല്ലാതെ ബാധിച്ചു. ഒരു മാഫിയാസംഘമായിരുന്നു ഇതിനുപിന്നിൽ. നാൾക്കുനാൾ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തി. സംഗീതത്തിൽ അഭയം തേടാനുള്ള ശ്രമവും അത്രത്തോളം വിജയിച്ചില്ല. ഒന്നിലും ശ്രദ്ധചെലുത്താൻ കഴിയാതായി.
കടുത്തവിഷാദമാണെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും അവർ പറഞ്ഞു. അതിനായുള്ള മരുന്നുകളും കഴിക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് ശരിയല്ലെന്നും ആ മരുന്നുകളെല്ലാം കഴിച്ച് താൻ സോംബിയായി മാറിയെന്നും പറഞ്ഞ് കോനി രംഗത്തെത്തി. അതിനുശേഷവും വിവിധ ആസ്പത്രികളിൽ മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടി. തന്റെ സമ്മതമില്ലാതെ അച്ഛൻ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുറച്ചുനാൾ കഴിഞ്ഞ് കോനി ആരോപണമുന്നയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം കോമയിലായി. മുമ്പ് നടന്ന കടുത്ത പീഡനത്തിന്റെ ബാക്കിപത്രമാണിതെല്ലാമെന്ന് ഡോക്ടർമാർ നിഗമനത്തിലെത്തി. പതുക്കെ വീണ്ടും സംഗീതത്തിലേക്ക് തിരിച്ചുവന്നു. വർഷങ്ങളോളം സംഗീതപര്യടനങ്ങൾ നടത്തി. അവസാനത്തെ പരിപാടി 2018-ലായിരുന്നു.
കുടുംബജീവിതത്തിലെ താളപ്പിഴകൾ
20-കളുടെ തുടക്കത്തിൽ, സഹതാരമായ ബോബി ഡാരിനുമായി പ്രണയത്തിലായി കോനി. റെക്കോർഡിങ്ങുകൾക്കിടയിലും ഷോകൾക്കിടയിലും അവർ പ്രണയത്തിലായി, ഒളിച്ചോടാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ ഇതറിഞ്ഞ കോനിയുടെ പിതാവ് തോക്കുമായി വന്ന് ഡാരിനെ ഭീഷണിപ്പെടുത്തി. അതോടെ ആ പ്രണയം ഇരുവരും മനസ്സിൽ കുഴിച്ചുമൂടി. അക്കാര്യമോർത്ത് കോനി ജീവിതകാലം മുഴുവൻ വേദനിച്ചു. തന്റെ ജീവചരിത്രത്തിലും കോനി അതിനെക്കുറിച്ച് പറയുന്നുണ്ട്, 'ഡാരിനെ വിവാഹം കഴിക്കാതിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു'.
അതുകഴിഞ്ഞ് നാലുതവണ വിവാഹിതയായി. ഓരോ തവണയും ഹൃദയവേദനയോടെ ആ ബന്ധത്തിൽനിന്ന് പുറത്തുകടക്കുകയായിരുന്നു. ആദ്യത്തെയും രണ്ടാമത്തെയും നാലാമത്തെയും വിവാഹബന്ധം മാസങ്ങളേ നീണ്ടുനിന്നുള്ളൂ. മൂന്നാമത്തെ വിവാഹബന്ധം പിരിയുന്നത് അഞ്ചുവർഷത്തിനുശേഷമാണ്. മൂന്നാമത്തെ ഭർത്താവായ ജോസഫിനൊപ്പം ചേർന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തു. അഞ്ചാമതായി വിവാഹം കഴിക്കുന്നത് ടോണി ഫെറേറ്റി എന്ന ഗായകനെയാണ്. 2003-ൽ തുടങ്ങിയ ബന്ധം ഫെറേറ്റിയുടെ മരണം വരെ തുടർന്നു. തന്റെ പാട്ടുകളിലൂടെ ആരാധകരെ രസിപ്പിച്ച കോനി, ഏകാന്തതയിലും വിഷാദത്തിലും മുങ്ങിയാണ് നാളുകൾ കഴിച്ചുകൂട്ടിയത്. ഒടുവിൽ ലോകം മുഴുവൻ പ്രശസ്തയായപ്പോഴേക്കും മരണവും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: connie francis 1961 song pretty little baby goes viral on tiktok and instagram. her tragic life story resurfaces
Published: 18 Jul 2025, 11:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented