സംഗീത വ്യവസായത്തിലെ മാറുന്ന സാഹചര്യങ്ങളെക്കുറിച്ച് എ.ആർ. റഹ്മാൻ നടത്തിയ പ്രസ്താവനകളോട് താൻ യോജിക്കുന്നില്ലെന്ന് നടി റാണി മുഖർജി വ്യക്തമാക്കി. ‘സർഗ്ഗാത്മകതയില്ലാത്ത ആളുകൾക്ക്’ ഇപ്പോൾ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമുണ്ടെന്നും ഇത് ഒരുപക്ഷേ ‘വർഗീയപരമായ’ കാര്യമായിരിക്കാം എന്നുമാണ് റഹ്മാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ സിനിമാ മേഖല ഏറ്റവും മതേതരമായ ഇടമാണെന്നാണ് റാണിയുടെ അഭിപ്രായം.

To advertise here,

"ബോളിവുഡ് ഏറ്റവും മതേതരമായ ഇടമാണ്, ഞാൻ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനമില്ല. ഈ മേഖലയിലെ എന്റെ 30 വർഷത്തെ ജീവിതത്തിനിടയിൽ, എനിക്ക് അങ്ങനെയൊന്ന് അനുഭവപ്പെട്ടിട്ടില്ല. ഞാൻ ഈ ഇൻഡസ്ട്രിയെ സ്നേഹിക്കുന്നു. അതാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ പറയുന്നു, ഇവിടെ കഴിവിനാണ് മുൻഗണന" ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ റാണി പറഞ്ഞു.

"നിങ്ങളുടെ ജോലി നിങ്ങളെ പ്രതിനിധീകരിക്കും. ഒടുവിൽ പ്രേക്ഷകർ ആരുമായാണോ സംവദിക്കുന്നത്, അവരാണ് ഇവിടെ നിലനിൽക്കുന്നതും വിജയിക്കുന്നതും. എന്നെ സംബന്ധിച്ചിടത്തോളം ബോളിവുഡ് ഏറ്റവും മതേതരവും മികച്ചതുമായ ഒരിടമായി തുടരുന്നു."

ബംഗാളി, പഞ്ചാബി അല്ലെങ്കിൽ മലയാളി ഗ്രൂപ്പുകൾ എന്നിങ്ങനെ സിനിമാ മേഖലയിൽ വിവിധ ലോബികൾ ഉണ്ടോ എന്ന ചോദ്യത്തിന്, താൻ ഇത്തരം ഗ്രൂപ്പുകളിൽ നിന്നും ചർച്ചകളിൽ നിന്നും അകന്നു നിൽക്കുകയാണെന്ന് റാണി വ്യക്തമാക്കി. അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാതെ തന്റെ സിനിമകളിലും കുടുംബത്തിലും മകളിലും മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.

വിവാദമായ എ.ആർ. റഹ്മാന്റെ പരാമർശം
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഈ പരാമർശം നടത്തിയത്. തമിഴ് സംഗീതസംവിധായകൻ എന്ന നിലയിൽ ബോളിവുഡിൽ എപ്പോഴെങ്കിലും വിവേചനം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു: "കഴിഞ്ഞ എട്ട് വർഷമായി ഒരു അധികാര മാറ്റം സംഭവിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയില്ലാത്തവർക്ക് ഇപ്പോൾ അധികാരമുണ്ട്. ഇതൊരു വർഗീയപരമായ കാര്യവുമാകാം... പക്ഷേ അത് എന്റെ മുഖത്ത് നോക്കി ആരും പ്രകടിപ്പിച്ചിട്ടില്ല."

ഈ പ്രസ്താവന വലിയ വിവാദമായതിനെത്തുടർന്ന് റഹ്മാൻ പിന്നീട് മാപ്പ് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കി. "സംഗീതം എപ്പോഴും നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാനും ആഘോഷിക്കാനുമുള്ള മാർഗ്ഗമാണ്. ഇന്ത്യയാണ് എന്റെ പ്രചോദനവും ഗുരുവും വീടും. ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷേ സംഗീതത്തിലൂടെ സേവിക്കാനും ബഹുമാനിക്കാനുമാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല," എന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi