സ്ത്രീകൾ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളെ പൊതുവെ സ്ത്രീപക്ഷ സിനിമകൾ എന്നു വിളിക്കാറുണ്ട്. എന്നാൽ അത്തരം സിനിമകളെ ഇപ്പോഴും വേറിട്ട് തരംതിരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി റാണി മുഖർജി. ഈ ലേബൽ കാലഹരണപ്പെട്ടതാണെന്ന് റാണി വ്യക്തമാക്കി. "നമ്മൾ ഈ ലേബൽ ഉപയോഗിക്കുന്നത് നിർത്തണം, ഇന്നത്തെ തലമുറ ഈ കാഴ്ചപ്പാട് മാറ്റാൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം, ട്രെയിലറും ഉള്ളടക്കവും ഇഷ്ടപ്പെട്ടാൽ ആളുകൾ ഇപ്പോൾ സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്നുണ്ട്," എൻഡിടിവി ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
സിനിമകളെ നല്ല സിനിമ അല്ലെങ്കിൽ മോശം സിനിമ എന്ന് മാത്രമേ കാണാവൂ എന്നും താരം കൂട്ടിച്ചേർത്തു. റാണി തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്തിട്ടുണ്ടെന്ന് അവതാരക സൂചിപ്പിച്ചപ്പോൾ, റാണി അതിനെ തിരുത്തി: "ഈ സിനിമകളെ വിശേഷിപ്പിക്കാൻ ഏറ്റവും നല്ല രീതി - ഇതിലെ കേന്ദ്ര കഥാപാത്രം ഒരു സ്ത്രീയാണ് എന്ന് പറയുന്നതാണ്."
സിനിമയിൽ ഇപ്പോഴും ലിംഗപരമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് കാണിക്കാൻ അവർ ദൈനംദിന ഉദാഹരണങ്ങൾ നിരത്തി: "നമ്മൾ മെയിൽ പൈലറ്റ് എന്നോ ഫീമെയിൽ പൈലറ്റ് എന്നോ പറയാറില്ല. മെയിൽ ഷെഫ് എന്നോ ഫീമെയിൽ ഷെഫ് എന്നോ വിളിക്കാറില്ല. ഒരു വിമാനത്തിൽ കയറുമ്പോൾ അത് പറത്തുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നമ്മൾ അന്വേഷിക്കാറുണ്ടോ? അതോ പൈലറ്റിന്റെ ലിംഗം നോക്കിയാണോ നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്?"
സിനിമയിലും ഇതേ സമീപനം വേണമെന്ന് റാണി വിശ്വസിക്കുന്നു. "നടിമാരെ 'ഫീമെയിൽ ആക്ട്രസ്' എന്ന് വിളിക്കുന്നത് നിർത്തി 'ആക്ടർ' എന്ന് വിളിച്ചു തുടങ്ങേണ്ട സമയമായി. ഞങ്ങൾ അഭിനേതാക്കളാണ്, ഒന്നുകിൽ പ്രധാന വേഷം ചെയ്യുന്നു അല്ലെങ്കിൽ സഹനടീനടന്മാരായി വേഷമിടുന്നു. അത്രമാത്രം."
സിനിമ എന്നാൽ 'കാമുകി വേഷം' മാത്രമല്ല
"നിങ്ങൾ ഒരു കാമുകിയുടെ വേഷമാണ് ചെയ്യുന്നതെങ്കിൽ അത് ശരിയായിരിക്കാം. എന്നാൽ ഒരു ഓഫീസറുടെയോ ടീച്ചറുടെയോ വേഷമാണ് ചെയ്യുന്നതെങ്കിൽ, പ്രേക്ഷകർ അവരെ കാമുകിമാരായി കാണേണ്ടതില്ലല്ലോ?" വിവാഹിതരായ സ്ത്രീകൾക്കോ അമ്മമാർക്കോ റൊമാന്റിക് വേഷങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയായിരുന്നു റാണിയുടെ മറുപടി.
'കുച്ച് കുച്ച് ഹോതാ ഹേ'യിലെ ടീനയാകാൻ ഇനി കഴിയില്ലല്ലോ എന്ന ചോദ്യത്തിന്, "ടീനയ്ക്കും പ്രായമാകും, അവൾ കാലത്തിൽ മരവിച്ചു നിൽക്കില്ലല്ലോ. മാറ്റം പ്രകൃതിനിയമമാണ്," റാണി പറഞ്ഞു. സിനിമയെ വെറും പ്രണയത്തിലേക്ക് മാത്രം ഒതുക്കരുതെന്നും നടിമാരെ വെറും കാമുകിമാരായി മാത്രം കാണുന്നത് വളരെ ഇടുങ്ങിയ ചിന്താഗതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
റാണിയുടെ ഏറ്റവും പുതിയ ചിത്രമായ 'മർദാനി 3' ജനുവരി 30-ന് തിയേറ്ററുകളിൽ എത്തും. പോലീസ് ഓഫീസർ ശിവാനി ശിവാജി റോയ് ആയാണ് റാണി മുഖർജി എത്തുന്നത്.
"നിർഭയ കേസിന് ശേഷമാണ് 'മർദാനി' എന്ന സിനിമ ജനിച്ചത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളോടുള്ള എന്റെ ദേഷ്യമാണ് മർദാനിയിലൂടെ പുറത്തുവരുന്നത്. ഇതൊരു അഭിനയം മാത്രമല്ല, കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ഭയാനകമായ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള സിനിമ കൂടിയാണ്. ഉള്ളിലെ കരുത്തിനെക്കുറിച്ച് സഹോദരിമാരോട് സംവദിക്കാനുള്ള എന്റെ വഴിയാണിത്. യാത്ര ചെയ്യുമ്പോഴോ, വീട്ടിലോ, ജോലിസ്ഥലത്തോ എവിടെയുമാകട്ടെ, സ്ത്രീകൾ ഓരോ ദിവസവും തങ്ങളുടെ ധീരമായ വശം പ്രകടിപ്പിക്കുന്നുണ്ട്" റാണി പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rani Mukerji calls for an end to labeling films as `female-centric,` advocating for them to be simply recognized as `good films.` Learn more.
Published: 28 Jan 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented