ഒരുകാലത്ത് ബോളിവുഡിന്റെ 'ഡ്രീം ഗേൾ' എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന ഹേമ മാലിനി ഇപ്പോൾ സിനിമകളിൽ വളരെ അപൂർവമായാണ് പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് പുതിയ സിനിമകളിൽ അഭിനയിക്കാത്തതെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഇന്നത്തെ സിനിമാ നിർമ്മാണരീതിയുമായി പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ടാണെന്നാണ് ഹേമ മാലിനി തുറന്നു പറഞ്ഞത്.
അടുത്തിടെ നൽകിയ അഭിമുഖത്തിലൂടെ തന്റെ അഭിനയജീവിതത്തെക്കുറിച്ചും ഇന്ത്യൻ സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഹേമ മനസ്സുതുറക്കുകയായിരുന്നു. 1970-80 കാലഘട്ടത്തെ ഇന്ത്യൻ സിനിമയുടെ സുവർണകാലമായാണ് താരം വിശേഷിപ്പിച്ചത്.
Also Read
“അത് തികച്ചും വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു. ഇന്ത്യൻ സിനിമയുടെ സുവർണയുഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായ നിരവധി മികച്ച സിനിമകൾ അന്ന് പുറത്തിറങ്ങി. സീതാ ഔർ ഗീത, സപ്‌നോ കാ സൗദാഗർ, ഖുഷ്ബൂ തുടങ്ങി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏകദേശം 200 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നു. പല നിർമ്മാതാക്കളും വീണ്ടും വീണ്ടും അവരുടെ ചിത്രങ്ങളിലേക്ക് എന്നെ ക്ഷണിക്കുമായിരുന്നു. അന്നത്തെ സിനിമകളിൽ ഗാനങ്ങൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. ഒരു ചിത്രത്തിൽ അഞ്ചോ ആറോ ഗാനങ്ങൾ ഉണ്ടാകുന്നത് സാധാരണമായിരുന്നു,” ഹേമ പറഞ്ഞു.
ഇന്നത്തെ സിനിമാലോകം പഴയതിൽ നിന്ന് പൂർണമായും മാറിയെന്നും അതാണ് അഭിനയത്തിൽ നിന്ന് അകന്നുനിൽക്കാൻ പ്രധാന കാരണമെന്നും താരം കൂട്ടിച്ചേർത്തു. “പലരും ഇപ്പോഴും എന്തുകൊണ്ടാണ് സിനിമകളിൽ അഭിനയിക്കാത്തതെന്ന് ചോദിക്കാറുണ്ട്. പക്ഷേ ഇന്നത്തെ രീതിയിൽ സിനിമകൾ നിർമ്മിക്കുന്ന രീതിയുമായി പൊരുത്തപ്പെടുക എന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്,” ഹേമ മാലിനി വ്യക്തമാക്കി.
1968-ൽ പുറത്തിറങ്ങിയ ‘സപ്‌നോ കാ സൗദാഗർ’ എന്ന ചിത്രത്തിലൂടെയാണ് ഹേമ മാലിനി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീതാ ഔർ ഗീത, ഷോലെ, ഡ്രീം ഗേൾ, സത്തേ പേ സത്താ, ബാഗ്ബാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളായി അവർ മാറി.
2020-ൽ പുറത്തിറങ്ങിയ ‘ഷിംല മിർച്ചി’യാണ് ഹേമ മാലിനി അവസാനമായി അഭിനയിച്ച ചിത്രം. രാജ്കുമാർ റാവുവും രാകുൽ പ്രീത് സിങ്ങും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.
അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ് ഹേമ മാലിനി. ബിജെപി നേതാവായ അവർ നിലവിൽ ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി പ്രവർത്തിക്കുകയാണ്. 2014, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും അവർ മഥുരയിൽ നിന്ന് വിജയിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: hema-malini-explains-why-she-stopped-acting-in-modern-films
Published: 11 Jul 2026, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented