ഹോട്ടലുകൾ എന്നുകേൾക്കുമ്പോൾ രുചികരമായ അത്താഴവിരുന്നും സ്പാകളും സ്വിമ്മിങ് പൂളുമടങ്ങുന്ന ആഢംബരപൂർണ്ണമായ താമസമായിരിക്കും മനസ്സിൽ. സീസണുകളിൽ പല ആഢംബര ഹോട്ടലുകളും വിവിധ പാക്കേജുകളിലൂടെയും ഡിസ്കൗണ്ടിലൂടെയും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പോളണ്ടിലെ ഒരു ഹോട്ടൽ ദമ്പതികൾക്ക് ഗർഭം ധരിക്കാൻ അവസരമൊരുക്കുന്നുണ്ട്. ഇതോടൊപ്പം ആകർഷമായ സമ്മാനങ്ങളും ഗർഭം ധരിക്കുന്ന ദമ്പതികളെ തേടിയെത്തുന്നുണ്ട്.
പോളിഷ് ഹോട്ടൽ ശൃംഖലയായ ആർച്ചെ ഗ്രൂപ്പിന്റെ സ്ഥാപകനായ വാഡിസോ ഗ്രോചോവ്‌സ്‌കിയാണ് തന്റെ അതിഥികൾക്കും ജീവനക്കാർക്കുമായി ഈ വിചിത്രമായ കുടുംബാസൂത്രണ ഓഫർ മുന്നോട്ടുവച്ചത്. ഓഫർ ലഭിക്കുന്നതിന് ദമ്പതികൾക്കുമുന്നിൽ ചില നിബന്ധനകളുണ്ട്.
ദമ്പതികൾ ആർച്ചെ ഗ്രൂപ്പിന്റെ ഏതെങ്കിലുമൊരു ഹോട്ടലിൽ താമസിക്കണം. രണ്ട് പങ്കാളികളും 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് ഒരാൾ പോളിഷുകാരനായിരിക്കണം. താമസിച്ച് 300 ദിവസത്തിനുള്ളിൽ കുഞ്ഞ് ജനിക്കണം. കുട്ടി ജനിച്ച് ഒരു മാസത്തിനുള്ളിൽ, ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുഞ്ഞിനെ പ്രോഗ്രാമിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. ഇതിനോടൊപ്പം ഹോട്ടൽ ബുക്കിങ്ങിന്റെ തെളിവും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകളും സമർപ്പിക്കണം.
ആനുകൂല്യങ്ങൾ
എല്ലാ നിബന്ധനകളും പാലിക്കുന്ന ആദ്യ ദമ്പതികൾക്ക് 5,000 പൗണ്ട് (ഏകദേശം 1,21,812 രൂപ) വരെ വിലയുള്ള ഒരു ബേബി സ്‌ട്രോളറും ആകർഷകമായ പാക്കേജും സമ്മാനമായി ലഭിക്കും. ആർച്ചെയിൽ നിന്ന് വീട് വാങ്ങുന്ന ജീവനക്കാർക്കോ ഉപഭോക്താക്കൾക്കോ, വീട് വാങ്ങിയശേഷം അഞ്ച് വർഷത്തിനുള്ളിൽ ജനിക്കുന്ന ഓരോ കുട്ടിക്കും പോളിഷ് കറൻസിയായ 10,000 (ഏകദേശം 2,44,091 രൂപ) ക്യാഷ് ബോണസ് ലഭിക്കും. താമസത്തിനിടയിൽ ഗർഭം ധരിക്കുന്ന ദമ്പതികൾക്ക് ഒപ്പമുള്ള പത്ത് അതിഥികളെ ഉൾപ്പെടുത്താവുന്ന രീതിയിൽ മാമോദീസ, നാമകരണം സ്വാഗത പാർട്ടി തുടങ്ങിയ സൗജന്യ ആഘോഷങ്ങളും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ആർച്ചെ പ്രോപ്പർട്ടികളിൽ ഒന്നിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ പേരിൽ ഒരു മരം നടാം. 2025 സെപ്റ്റംബർ 15 മുതൽ 2027 സെപ്റ്റംബർ 15 വരെയാണ് ഇപ്പോൾ പ്രോഗ്രാം നടക്കുന്നത്.
ഓഫറിന്റെ പിന്നാമ്പുറം
വാഡിസോ ഗ്രോച്ചോവ്‌സ്കിയും ഭാര്യയും മാനുഷിക പ്രവർത്തനങ്ങൾക്കായി ഫൗണ്ടേഷൻ നടത്തുന്നുണ്ട്. 2022-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിരവധി ഉക്രേനിയൻ അഭയാർത്ഥികൾക്ക് ഈ ദമ്പതികൾ സുരക്ഷയും താമസവും നൽകിയതായി റിപ്പോർട്ടുണ്ട്. അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി, 2023-ൽ ഐക്യരാഷ്ട്രസഭ ദമ്പതികൾക്ക് UNHCR നാൻസൻ അഭയാർത്ഥി അവാർഡ് നൽകി. പോളണ്ടിന്റെ ജനനനിരക്ക് നിലവിൽ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനസംഖ്യ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്രോചോവ്സ്കി ഇത്തരമൊരു ഓഫർ മുന്നോട്ടുവച്ചത്. 1990-കളിലാണ് ഗ്രോചോവ്‌സ്‌കി ആദ്യമായി തന്റെ കമ്പനി സ്ഥാപിച്ചത്. ഇന്ന് 4,000-ത്തിലധികം ഹോട്ടൽ മുറികളും 27 റെസ്റ്റോറന്റുകളും 10,000-ത്തിലധികം അപ്പാർട്ടുമെന്റുകളുമുള്ള ഒരു എസ്റ്റേറ്റ് അദ്ദേഹത്തിനുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A unique Polish hotel chain offers a special package for couples to conceive.
Published: 16 Oct 2025, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented