ക്രിക്കറ്റിലാണെങ്കിലും ഫുട്‌ബോളിലാണെങ്കിലും പത്താം നമ്പര്‍ ജേഴ്‌സിക്ക് വലിയ പ്രാധാന്യമുണ്ട്. ഫുട്‌ബോളില്‍ ടീമിലെ ഏറ്റവും മികച്ച കളിക്കാരാണ് പത്തില്‍ ഇറങ്ങുന്നത്. പത്താം നമ്പറില്‍ തിളങ്ങിയ അല്ലെങ്കില്‍ പത്തിനെ ആളുകളിലേക്ക് അടുപ്പിച്ച ചില താരങ്ങളെ പരിചയപ്പെടാം.  

പെലെ-ബ്രസീലിന്റെ ഐതിഹാസികതാരം. ക്ലബ് താരമായി പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച പെലെ, ബ്രസീല്‍ ദേശീയടീമിലിടം പിടിക്കുന്നത് 16-ാമത്തെ വയസ്സിലാണ്. പത്താം നമ്പര്‍ ജേഴ്‌സിക്ക് ആളുകള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കുന്നതും പെലെയാണ്. അദ്ദേഹത്തിന്റെ കരിയറില്‍ 77 ഗോളുകളാണ് നേടിയിട്ടുള്ളത്. മൂന്ന് ലോകകപ്പുകളില്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച്, വിജയികളാക്കിയതും പെലെ തന്നെ.  

ഡീഗോ മാറഡോണ-പെലെയെ പോലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോളറായ അര്‍ജന്റീന താരം. നാല് ലോകകപ്പുകളില്‍ ടീമിലിടം പിടിച്ചുവെങ്കിലും, ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്നത് 1986 ലോകകപ്പാണ്. അതില്‍ മാറഡോണയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ഫൈനലില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതും മാറഡോണ തന്നെ. ആ മത്സരത്തിലാണ് 'ദൈവത്തിന്റെ കൈയൊപ്പുള്ള ഗോള്‍' അദ്ദേഹം നേടിയതും. 

placeholder
മാറഡോണ / Photo: AFP

സിനദിന്‍ സിദാനെ- ഫ്രാന്‍സിന്റെ 10-ാം നമ്പര്‍ താരം. റയല്‍ മാഡ്രിഡിന്റെയും ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. 1998 ലോകകപ്പില്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ചത് സിദാനാണ്. 1994 മുതല്‍ 2006 വരെയാണ് ഫ്രാന്‍സിന്റെ ഭാഗമായിരുന്നത്. 

റൊണാള്‍ഡീഞ്ഞോ-ബാര്‍സലോണയുടെയും ബ്രസീലിന്റെയും മികച്ച താരം. 2002-ല്‍ ലോകകപ്പില്‍ വിജയിച്ച ബ്രസീലിയന്‍ ടീമിന്റെ നട്ടെല്ലായിരുന്നു റൊണാള്‍ഡീഞ്ഞോ. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ബാര്‍സലോണയെ സഹായിച്ചതും ഈ താരത്തിന്റെ മികവ് തന്നെ.

ലയണല്‍ മെസ്സി-റൊണാള്‍ഡീഞ്ഞോയ്ക്കുപിന്നാലെ ബാര്‍സലോണയുടെ പത്താം നമ്പര്‍ താരമായിരുന്നു മെസ്സി. മികച്ച ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ഫിഫനല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ കളിക്കാരനും മെസ്സി തന്നെ. എട്ടുതവണയാണ് മെസ്സി അത് കരസ്ഥമാക്കിയത്.   

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-ക്രിക്കറ്റില്‍ പത്താം നമ്പര്‍ ജേഴ്‌സി ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണം സച്ചിന്‍ എന്ന എക്കാലത്തെയും മികച്ച കളിക്കാരന്‍ കാരണമാണ്. സച്ചിന്‍ ക്രീസിലുള്ളപ്പോഴെല്ലാം '10-dulkar' എന്ന പേര് ചേര്‍ത്ത ഫ്‌ളക്‌സുകളും ഗ്യാലറിയില്‍ ഉയര്‍ന്നുനില്‍ക്കും. ആദ്യം നമ്പര്‍ 99-ഉം പിന്നീട് 33-ഉം ആയിരുന്നു സച്ചിന്റെ ജേഴ്‌സി. ഒടുവിലാണ് 10-ലെത്തുന്നത്. ട്വന്റി-ട്വന്റിയില്‍ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങിയപ്പോഴും സച്ചിന്‍ ധരിച്ചത് 10-ാം നമ്പര്‍ ജേഴ്‌സി തന്നെ. സച്ചിനുശേഷം ബൗളര്‍ ഷാര്‍ദുല്‍ താക്കുര്‍ തന്റെ അരങ്ങേറ്റമത്സരത്തില്‍ പത്താം നമ്പര്‍ ധരിച്ചെങ്കിലും, അത് ആരാധകര്‍ക്ക് അത്രയ്ക്കങ്ങ് ദഹിച്ചില്ല. അവര്‍ ബി.സി.സി.ഐയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോയി തലങ്ങും വിലങ്ങും പോസ്റ്റുകളിട്ടു. അതോടെ സച്ചിനോടുള്ള ആദരസൂചകമായി നമ്പര്‍ 10-ഉം ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.  

placeholder
പെലെ

മാര്‍ത്ത-എക്കാലത്തെയും മികച്ച വനിതാഫുട്‌ബോള്‍കളിക്കാരിലൊരാളായ മാര്‍ത്ത, പതിനേഴാമത്തെ വയസ്സിലാണ് ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫിഫയുടെ മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരം ആറു തവണയും വേള്‍ഡ് പ്ലെയര്‍ ഓഫ് ദ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട് ഇവര്‍. ബ്രസീലിയന്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും മാര്‍ത്ത തന്നെയാണ്. 2019-ല്‍ അഞ്ച് ലോകകപ്പുകളിലും ഗോളടിക്കുന്ന ഏകതാരവുമാണിവര്‍. 

ഫുട്‌ബോളില്‍ ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ, ബ്രസീലിന്റെ നെയ്മര്‍ ജൂനിയര്‍, ഫ്രാന്‍സിന്റെ എംബാപ്പെ എന്നിവരും ക്രിക്കറ്റില്‍ പാകിസ്താന്റെ ഷാഹിദ് അഫ്രീദി, ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, ന്യൂസിലന്‍ഡിന്റെ ക്രെയ്ഗ് മക്മില്ലന്‍, ഓസ്‌ട്രേലിയയുടെ ഡാരന്‍ ലീമാന്‍ തുടങ്ങിയവരും പത്താം നമ്പറില്‍ ശോഭിച്ചവരാണ്.