പല ദാമ്പത്യബന്ധങ്ങളും വേര്‍പിരിയാതെ തുടരുന്നത് ഭവനവായ്പ ഉള്ളതുകൊണ്ടാണ് എന്നൊരു പറച്ചില്‍ കേരളത്തില്‍ പരക്കെ ഉണ്ട്. അതില്‍ കാര്യമില്ലാതില്ല. ഭാര്യയും ഭര്‍ത്താവുംകൂടി ജോയിന്റായി എടുത്ത ഭവന വായ്പയുടെ അടവ് ഡിവോഴ്‌സായാല്‍ ഒറ്റയ്ക്ക് അടയ്‌ക്കേണ്ടിവരുന്നതുമൂലമുള്ള ബാധ്യത പേടിച്ചാണത്രേ തത്കാലം എതിര്‍പ്പൊക്കെ മാറ്റിവെച്ച് ബന്ധം തുടരുന്നത് എന്നാണ് പറച്ചില്‍. സംഭവം സത്യമാണ് എങ്കില്‍ അതൊന്നും അത്ര നല്ലതിനല്ല എന്നുമാത്രമേ അതേക്കുറിച്ച് പറയാനുള്ളൂ.

പക്ഷേ ഇപ്പോള്‍ അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു സംഭവമുണ്ട്. ഭവന വായ്പയുടെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന് അതിന് ലഭിച്ചിരുന്ന ആദായ നികുതി ഇളവാണ്. ഭവനവായ്പാ തിരിച്ചടവില്‍ പലിശയിലേക്ക് അടയ്ക്കുന്ന രണ്ട് ലക്ഷം രൂപയ്ക്കും മുതലിലേക്ക് അടയ്ക്കുന്ന 1.5 ലക്ഷം രൂപയ്ക്കും ആദായ നികുതി ഇളവ് ഉണ്ടായിരുന്നു. അതായത് മൂന്നര ലക്ഷം രൂപയ്ക്ക് വരെ ഇളവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ന്യൂ ടാക്‌സ് റെജിമില്‍ 12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി ഇളവ് പ്രാബല്യത്തിലായതോടെ എല്ലാവരും ഓള്‍ഡ് ടാക്‌സ് റെജിം തഴഞ്ഞ് ന്യൂ റെജിമിലേക്ക് മാറുകയാണ്. ന്യൂ റെജിമില്‍ ഭവന വായ്പയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കില്ല.

ഭവന വായ്പയ്ക്ക് മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. ഏറ്റവും കൂടുതല്‍ കാലാവധിയുള്ളത്‌ ഈ വായ്പയ്ക്കാണ്. 30 വര്‍ഷം വരെ കാലാവധി ലഭിക്കും. 30 ലക്ഷം ഭവന വായ്പ എടുത്ത് വീട് വെച്ചാല്‍ വായ്പ അടച്ചുതീര്‍ക്കുമ്പോഴേക്ക് 30 ലക്ഷത്തിന്റെ വീടിന്റെ മൂല്യം ഒരു കോടിയിലെത്തുമായിരുന്നു. തവണകളായി കുറേശെ വായ്പ അടച്ച് വലിയ ഒരു ആസ്തി ഉണ്ടാക്കാന്‍ ഭവന വായ്പ തുണയായിരുന്നു. കൂടെ അത്രയും വര്‍ഷം ആദായ നികുതി ഇളവും ലഭിക്കും.

ആദായ നികുതി ഇളവ് ഇല്ലാതാകുന്നതോടെ ഭവനവായ്പയുടെ ദീര്‍ഘകാലയളവ് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. 30 ലക്ഷം രൂപ 30 വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശയ്ക്ക്‌ വായ്പ എടുക്കുന്നവര്‍ മൊത്തം തിരിച്ചടയ്‌ക്കേണ്ടത്‌ 80 ലക്ഷം രൂപയാണ്. ഇതില്‍ പലിശയിനത്തില്‍ മാത്രം തിരിച്ചടയ്ക്കുന്നത് 50 ലക്ഷം രൂപയാണ്. അതായത് വായ്പ എടുത്ത തുകയുടെ ഒന്നര ഇരട്ടിയിലേറെ തുക. കേട്ടിട്ട് തലകറങ്ങുന്നുണ്ടോ. തലകറങ്ങുന്നവര്‍ ഇനി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങളില്‍ ഭവന വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കുക എന്നത് കൂടി ഉള്‍പ്പെടുത്തണം.

കാരണം പണം സേവ് ചെയ്യുന്നത് പുതുതായി പണം ഉണ്ടാക്കുന്നതിന് തുല്യമാണല്ലോ. ചിട്ടിയിലും മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും മാസാമാസം പണം നിക്ഷേപിക്കുന്നുണ്ടല്ലോ. അതുപോലെ അപ്രതീക്ഷിതമായി കുറച്ച് പണം കയ്യില്‍ വന്നാല്‍ അതിലൊരു പങ്ക് ഭവനവായ്പയിലേക്ക് തിരിച്ചടയ്ക്കൂ. ഇനി ഇതിന് കഴിയാത്തവര്‍ ഭവന വായ്പയുടെ ഇഎംഐയിലും എല്ലാവര്‍ഷവും കാര്യമായ വര്‍ധന വരുത്തുക. വളരെ അല്‍ഭുതാവഹമായിരിക്കും ഫലം. ഭവന വായ്പയുടെ ആദ്യകാല തിരിച്ചടവിന്റെ നല്ലൊരു പങ്കും പലിശയിലേക്കാണ് പോകാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് വായ്പ എടുത്ത ആദ്യകാലയളിവില്‍ എത്ര തുക കൂടുതല്‍ തിരിച്ചടയ്ക്കുന്നോ അത്രയും ലാഭം കൂടുതല്‍ കിട്ടും. വായ്പാ കാലവധിയുടെ അവസാന നാളുകളിലെത്തിയവര്‍ കൂടുതല്‍ തുക തിരിച്ചടച്ചതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എന്നത് കൂടി ഓര്‍ക്കുക.

ഭവന വായ്പപലിശ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് ഇടയ്ക്കിടയ്ക്ക് കുറച്ചു പണം ഒരുമിച്ച് അടയ്ക്കുകയും എല്ലാവര്‍ഷവും ഇഎംഐ തുക കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്. ഒരു വര്‍ഷം ചുരുങ്ങിയത് 11.5 ലക്ഷം മൊത്തമായും 10-12 ശതമാനം വാര്‍ഷിക ഇഎംഐ വര്‍ധന കൂടി വരുത്താമെങ്കില്‍ 30 ലക്ഷം രൂപവായ്പ എടുത്തവര്‍ക്ക് 10-12 ലക്ഷം രൂപവരെ പലിശയിനത്തില്‍ ലാഭിക്കാനാകും. 30 വര്‍ഷത്തെ വായ്പ 30 വര്‍ഷത്തേക്ക് എടുത്തയാള്‍ പ്രതിവര്‍ഷം ഇഎംഐ തുകയില്‍ 10 ശതമാനം വര്‍ധന വരുത്തിയാല്‍ 30 വര്‍ഷക്കാലാവധി 12-15 വര്‍ഷമായെങ്കിലും കുറയ്ക്കാന്‍ കഴിയും. നല്‍കേണ്ട പലിശയില്‍ 35 ശതമാനമെങ്കിലും ലാഭമുണ്ടാക്കാനും ഇത് വഴിതുറക്കും.

ഇനി നിങ്ങള്‍ സാമ്പത്തിക അച്ചടക്കമില്ലാത്തയാളാണ് എങ്കില്‍ പലിശയിനത്തില്‍ ലഭിക്കുന്ന ലാഭത്തിന് തുല്യമായ തുക ഏതെങ്കിലും നിക്ഷേപത്തിലേക്ക് മാറ്റാനും ശ്രദ്ധിക്കണം. അല്ലാതെ അത് ചെലവഴിച്ച് തീര്‍ക്കരുത്. ചെലവഴിച്ച് തീര്‍ത്താല്‍ ഭവന വായ്പ നേരത്തേ അടച്ചുതീര്‍ക്കാന്‍ പറ്റിയേക്കാം. പക്ഷേ കയ്യില്‍ അഞ്ചുപൈസയുടെ സമ്പാദ്യം ഉണ്ടാകില്ല. അങ്ങനെ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ വായ്പ നേരത്തേ തിരിച്ചടച്ച് തീര്‍ക്കുന്നതില്‍ മാത്രമാകരുത് ശ്രദ്ധ. ചിട്ടിയും മ്യൂച്വല്‍ ഫണ്ടും അതുപോലുള്ള മറ്റു നിക്ഷേപങ്ങളും തുടരുകയും വേണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi