ആധുനിക മനുഷ്യന്റെ (ഹോമോ സാപ്പിയൻസ്) ഏറ്റവും അടുത്ത ബന്ധുക്കളായിട്ടാണ് നിയാണ്ടർത്താലുകളെ കണക്കാക്കുന്നത്. നിയാണ്ടർത്താലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ എന്നും കുഴപ്പിച്ചൊരു കാര്യമാണ് അവരുടെ അവശേഷിപ്പുകളിൽ നിന്ന് കണ്ടെത്തിയ നൈട്രജന്റെ സാന്നിധ്യം. ഒരു ജീവി കൂടുതൽ മാംസം കഴിക്കുന്തോറുമാണ്, അതിൻ്റെ അവശിഷ്ടങ്ങളിൽ നൈട്രജൻ-15 എന്ന ഐസോടോപ്പ് കൂടുതലായി കാണപ്പെടുന്നത്. മിശ്രഭോജികളാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന നിയാണ്ടർത്താലുകളുടെ ശരീരത്തിൽ, ചെന്നായ്ക്കളും സിംഹങ്ങളുമടങ്ങുന്ന അതിമാംസഭോജികളുടേതിന് സമാനമായ തോതിൽ നൈട്രജൻ ഉണ്ടായിരുന്നു. അവ എവിടെനിന്ന് വന്നു എന്നത് ശാസ്ത്രജ്ഞർക്ക് മനസ്സിലായിരുന്നില്ല. ഒരുപക്ഷേ അവർ അമിതമായി മാംസം കഴിച്ചിരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇതിനെപ്പറ്റി പഠിച്ചവരെല്ലാം.

എന്നാൽ ഏറ്റവും പുതിയ പഠനത്തിൽ അതിനുള്ള മറ്റൊരു സാധ്യത കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. നിയാണ്ടർത്താലുകൾ പച്ചമാംസവും അഴുകിയ മാംസവും ഒപ്പം അതിലെ പുഴുക്കളെയും ഭക്ഷിച്ചിരിക്കാമെന്നാണ് അവർ പറയുന്നത്. അഴുകിയ മാംസം തിന്നുവളരുന്ന ഈച്ചകളുടെയും മറ്റും ലാർവകളിൽ മാംസത്തിനേക്കാളുമധികം നൈട്രജനുണ്ടാവും. സ്ഥിരമായി ഈ ലാർവകളെയും അഴുകിയ മാംസവും നിശ്ചിത അളവിൽ നിയാണ്ടർത്താലുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവാമെന്നും സംഘം പറയുന്നു.

1990-കളിൽ ഗവേഷകർ നിയാണ്ടർത്താലുകളുടെ അസ്ഥികളിലെ നൈട്രജൻ ഐസോട്ടോപ്പുകൾ പരിശോധിച്ചപ്പോൾ സിംഹം, കഴുതപ്പുലി, ചെന്നായ എന്നിവയേക്കാൾ മുകളിലാണെന്നു മനസ്സിലായി. നിയാണ്ടർത്താലുകൾ ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലാവാമെന്നാണ് അവർ കണക്കുകൂട്ടി. പക്ഷേ അപ്പോഴും ചോദ്യങ്ങൾ അവശേഷിച്ചു. ഒന്നാമത്, മാംസഭോജികളെപ്പോലെ മാംസം സംസ്കരിക്കാൻ നിയാണ്ടർത്താലുകളുടെ ശരീരത്തിന് കഴിവില്ല, രണ്ടാമത് അവർ മിശ്രഭോജികളാണ്. മാംസം മാത്രം കഴിച്ച് അവയ്ക്ക് നിലനിൽക്കാനാവില്ല. 

നിയാണ്ടർത്താലുകൾ പുഴുക്കളെ കഴിച്ചതിൻ്റെ തെളിവുകൾ അസ്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. അങ്ങനെയാണ് ശാസ്ത്രജ്ഞർ പഠനത്തിൽ പുഴുക്കളെക്കൂടി ഉൾപ്പെടുത്തിയത്. പുഴുക്കളുടെ ശരീരത്തിൽ വളരെയധികം നൈട്രജനുണ്ടെന്ന കാര്യം കൂട്ടിവായിച്ചപ്പോൾ അതിനൊരു ഉത്തരം കിട്ടി.

പല തദ്ദേശീയ സംസ്കാരങ്ങളും പ്രാണികൾ പെരുകിയ, അഴുകുന്ന മാംസം കഴിച്ചിരുന്നുവെന്നും ഇപ്പോഴും കഴിക്കുന്നുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആർട്ടിക് പ്രദേശത്തെ ചില റെയിൻഡിയർ വേട്ടക്കാർക്ക് വസന്തകാലത്തെ വിശിഷ്ട വിഭവമാണിത്. പല ഗോത്രക്കാരും ഈ ഭക്ഷണരീതി പിന്തുടരുന്നുണ്ട്. സയൻസ് അഡ്വാൻസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi