ലോകമെമ്പാടും മനുഷ്യര്‍ പിടിക്കുന്ന മീനിന്റെ ആറ് ശതമാനത്തിലധികവും പൂച്ചകള്‍ക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടല്‍മത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയില്‍ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ജൈവശാസ്ത്രപരമായ വിശദീകരണം നല്‍കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. കെമിക്കല്‍ സെന്‍സസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

To advertise here,

പൂച്ചയ്ക്ക് വേണ്ടത് ഉമാമി സ്വാദ്
പൂച്ചകളുടെ സ്വാദ് മുകുളങ്ങളില്‍ (taste buds) ഉമാമി (umami) എന്ന രുചി തിരിച്ചറിയാന്‍ സഹായിക്കുന്ന ഗ്രാഹികള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധുരം, ചവര്‍പ്പ്, ഉപ്പ്, കയ്പ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. മാംസത്തിനുള്ള രുചിയാണ് ഉമാമി. പൂര്‍ണ്ണമായും മാംസഭോജികളായ പൂച്ചകള്‍ ഈ രുചി ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷേ മറ്റു മാംസങ്ങളുടെ രുചിയേക്കാള്‍ ട്യൂണയുടെ സ്വാദ് പൂച്ചകള്‍ക്ക് പ്രിയതരമാകുന്നതെന്തുകൊണ്ടാണെന്നതിനുള്ള കാരണവും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്യൂണയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക

രുചിതന്മാത്രകളെ തിരിച്ചറിയാന്‍ പറ്റുന്ന വിധമാണത്രേ പൂച്ചകളിലെ ടേയ്സ്റ്റ് ബഡുകള്‍ വികസിച്ചിരിക്കുന്നത്. പൂച്ചകള്‍ക്ക് ഏറെ ഇഷ്ടമാകുന്ന വിഭവങ്ങള്‍ തയ്യാറാക്കാന്‍ പെറ്റ് ഫീഡ് നിര്‍മ്മാതാക്കളെ ഈ പഠനം സഹായിക്കുമെന്ന് കരുതാം.

പൂച്ചയുടെ രുചിപരീക്ഷണള്‍

ഏറെ സവിശേഷതകളുള്ള അണ്ണാക്കാണ് ( palate) പൂച്ചകള്‍ക്കുള്ളത്. രുചിയില്‍ നിര്‍ണ്ണായകമായ ഒരു പ്രോട്ടീന്റെ കുറവ് കാരണം പൂച്ചകള്‍ക്ക് മധുരം രുചിച്ചറിയാനാവില്ല. മാംസത്തിന് മധുരമില്ലാത്തതിനാല്‍ പൂച്ചകള്‍ക്ക് ആ കഴിവ് ആവശ്യമില്ലാതാവുകയും സാവധാനം നഷ്ടപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം. കയ്പറിയാനുള്ള കഴിവും പൂച്ചകളില്‍ മനുഷ്യനേക്കാള്‍ കുറവാണ്. പക്ഷേ പൂച്ചകള്‍ രുചിക്കുന്ന ഒന്നുണ്ട് .അത് ഇറച്ചിയുടെ ഗംഭീരമായ ഫ്‌ളേവറാണ്. മനുഷ്യനിലും മറ്റു ചില മൃഗങ്ങളിലും TAS1R1/TAS1R3 എന്നീ ജീനുകള്‍ കോഡ് ചെയ്യുന്ന രണ്ടു പ്രോട്ടീനുകളാണ് സ്വാദ് മുകുളങ്ങളില്‍ ഒന്നുചേര്‍ന്ന് ഉമാമി എന്ന സ്വാദ് അറിയാനുള്ള ഗ്രാഹികളാവുന്നത്. പൂച്ചകളില്‍ TAS1R3 മാത്രമേ പ്രകടമാകുന്നുള്ളൂ എന്നാണ് മുന്‍പ് വിചാരിച്ചിരുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഗവേഷണപ്രകാരം പൂച്ചകളിലും ഉമാമി സ്വാദറിയാനുള്ള രണ്ടു ജീനുകള്‍ പ്രകടമാകുന്നുവെന്ന് ആദ്യമായി കണ്ടെത്തിയിരിക്കുന്നു.

എന്നാല്‍ പഠനത്തിന്റെ അടുത്ത ഘട്ടത്തില്‍ മേല്‍ പ്രസ്താവിച്ച രണ്ടു ജീനുകള്‍ കോഡ് ചെയ്യുന്ന പ്രോട്ടീന്‍ ശ്രേണികള്‍ മനുഷ്യരിലും പൂച്ചകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഉമാമി സ്വാദ് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ഭക്ഷണത്തിലെ ഗ്ലൂട്ടാമിക് ആസിഡ്, അസ്പാര്‍ട്ടിക് ആസിഡ് എന്നിവയെ സ്വാദ് മുകുളങ്ങളിലെ ഗ്രാഹികള്‍ക്ക് സ്വീകരിക്കാന്‍ കഴിയണം ( ഭക്ഷണത്തിന് ഉമാമി രുചി നല്‍കാന്‍ ചേര്‍ക്കുന്ന അജിനോമോട്ടോ, മോണോ സോഡിയം ഗ്‌ളൂട്ടാമേറ്റ് ആണെന്ന് ഓര്‍ക്കുക). മനുഷ്യന്റെ സ്വാദ് മുകുളങ്ങളിലെ ഗ്രാഹികളില്‍ ഇതിനുള്ള രണ്ടു പ്രധാന സ്ഥലങ്ങളുണ്ട്. എന്നാല്‍ പൂച്ചകളില്‍ ആ ഭാഗങ്ങള്‍ മ്യൂട്ടേറ്റ് ചെയ്യപ്പെട്ടതായി കണ്ടതോടെ പൂച്ചകള്‍ക്ക് ഉമാമി സ്വാദറിയാനുള്ള കഴിവില്ലേയെന്ന സംശയം ഗവേഷകരിലുണ്ടായി. ഈ സംശയം മാറ്റാനായി നടത്തിയ പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ പൂച്ചകളിലെ ഉമാമി ഗ്രാഹികള്‍ അടങ്ങിയ കോശങ്ങള്‍ അവര്‍ നിര്‍മ്മിച്ചെടുത്തു. എന്നിട്ട് ഉമാമി രുചി നല്‍കുന്ന അമിനോ ആസിഡുകളായ ഗ്‌ളൂട്ടാമിക്, അസ്പാര്‍ട്ടിക് ആസിഡുകളും ന്യൂക്ലിയോടൈഡുകളും കോശങ്ങള്‍ക്ക് നല്‍കി നോക്കി. പൂച്ചയുടെ ഗ്രാഹികളുള്ള കോശങ്ങള്‍ ഉമാമി രുചി തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല, അത് മനുഷ്യരിടേതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഗവേഷകര്‍ ഇരുപത്തിയഞ്ച് പൂച്ചകളെ ഒരു ടേസ്റ്റ് ടെസ്റ്റിനു വിധേയരാക്കി. കുറച്ചു വെള്ളപ്പാത്രങ്ങള്‍ അവരുടെ മുന്നില്‍ വച്ചു കൊടുത്തു. ഉമാമി രുചി നല്‍കുന്ന അമിനോ ആസിഡുകളും ന്യൂക്ലിയോടൈഡുകളും വ്യത്യസ്ത അളവില്‍ അടങ്ങിയ വെള്ളപ്പാത്രങ്ങളും, വെറും പച്ചവെള്ളം മാത്രമുള്ള പാത്രങ്ങളും ഇതോടൊപ്പം വച്ചു. ഉമാമി സ്വാദ് നല്‍കുന്ന തന്മാത്രകള്‍ കലര്‍ത്തിയ വെള്ളപ്പാത്രങ്ങളായിരുന്നു പൂച്ചകള്‍ കൊതിയോടെ കുടിച്ചു തീര്‍ത്തത്.

ട്യൂണ തന്നെ പ്രിയങ്കരം
മധുരം മനുഷ്യന് എത്രമാത്രം പ്രിയപ്പെട്ടതാണോ അതു പോലെയാണ് ഉമാമി സ്വാദ് പൂച്ചകള്‍ക്ക്. അതേസമയം നായകള്‍ക്ക് മധുരവും ഉമാമിയും രുചിക്കാന്‍ കഴിയും. അതാവാം നായകള്‍ക്ക് മീന്‍ കാണുമ്പോള്‍ അത്ര ആക്രാന്തം ഇല്ലാത്തത്. പൂച്ചകളില്‍ നടത്തിയ പരീക്ഷണത്തിന്റെ കഥ അവിടെ തീരുന്നില്ല. മേല്‍പറഞ്ഞ വെള്ളപ്പാത്രങ്ങളില്‍ ഹിസ്റ്റിഡിന്‍, ഇനോസിന്‍ മോണോഫോസ്ഫേറ്റ് എന്നിവ കലര്‍ത്തിയ വെള്ളമുള്ള പാത്രങ്ങളും പൂച്ചകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഈ രണ്ടു തന്മാത്രകള്‍ ഉയര്‍ന്ന അളവില്‍ ട്യൂണയില്‍ അടങ്ങിയിട്ടുണ്ടത്രേ! അപ്പോള്‍ ഗ്ലൂട്ടാമിക് ആസിഡും, ആസ്പാര്‍ട്ടിക് ആസിഡും ഹിസ്റ്റിഡിനും ഇനോസിന്‍ മോണോഫോസ്‌ഫേറ്റും ഒക്കെ ചേര്‍ന്നുള്ള ട്യൂണയുടെ ഉമാമി രുചി പൂച്ചകളുടെ ഏറ്റവും വലിയ വീക്ക്‌നെസ്സ് ആയി മാറുന്നു.

മണലാരണ്യത്തില്‍ നിന്ന് ഉമാമിയിലേക്ക്

പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മധ്യപൂര്‍വേഷ്യയിലെ മണലാരണ്യത്തില്‍ പരിണമിച്ചുണ്ടായ പൂച്ചകളുടെ മെനുവില്‍ മീന്‍ ഉള്‍പ്പെടുവാനുള്ള യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും മീനിനോട് ഇത്ര കൊതിയുണ്ടായതിന്റെ രഹസ്യം ഇനിയും വെളിവായിട്ടില്ല. സമയമെടുത്ത് സാവധാനത്തില്‍ നടന്ന ഒരു പരിണാമപ്രതിഭാസമായിട്ടാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്. ബിസി 1500-ല്‍ പുരാതന ഈജിപ്തിലെ കലാസൃഷ്ടികളില്‍ മീന്‍ തിന്നുന്ന എലികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ കിഴക്കന്‍ തുറമുഖങ്ങളിലെ പൂച്ചകള്‍ ട്യൂണ ഉള്‍പ്പടെയുള്ള മീനുകള്‍ ധാരാളമായി കഴിച്ചിട്ടുണ്ടാകാം. മീന്‍ പിടിക്കുന്നവര്‍ ബാക്കി വയ്ക്കുന്ന അവശിഷ്ടങ്ങള്‍ അവര്‍ക്ക് സദ്യയായി മാറിയിരിക്കാം. ഇത്തരം ഘട്ടങ്ങളിലൂടെ മീന്‍രുചി, പ്രത്യേകിച്ച് സവിശേഷമായ ട്യൂണയുടെ രുചിയറിയുന്ന വിധം അവര്‍ പരിണമിച്ചിട്ടുണ്ടാകാം. എന്തായാലും വളര്‍ത്തുപൂച്ചകള്‍ക്ക് ഏറെ ഇഷ്ടമാകുന്ന പുതിയ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനങ്ങള്‍ സഹായിക്കുമെന്ന് കരുതാം. ആലങ്കാരികമായി പറഞ്ഞാല്‍ ഒരു സ്പൂണ്‍ ഉമാമി രുചിയുണ്ടെങ്കില്‍ ഏതു മരുന്നും തീറ്റയും പൂച്ച അകത്താക്കിയിരിക്കും. പൂച്ചയ്ക്ക് മരുന്ന് കൊടുത്ത് വിരലു പോയവര്‍ക്ക് ഇത് ആശ്വാസമാകുമെന്ന് തീര്‍ച്ച. പൂച്ചകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരനുഭവം ഗവേഷണ സംഘത്തിലൊരാള്‍ പങ്കു വയ്ക്കുന്നു. വിശപ്പില്ലായ്മ പ്രശ്‌നമായിരുന്ന പൂച്ചകള്‍ക്ക് അവരുടെ തീറ്റയില്‍ ബോനിറ്റോ ( ട്യൂണ ഇനത്തില്‍പ്പെട്ട) മീനിന്റെ ഉണങ്ങിയ പൊടി വിതറി നല്‍കിയത് ഫലപ്രദമായിരുന്നുവത്രേ! ജപ്പാനില്‍ ഉമാമി രുചിയുണ്ടാക്കാന്‍ ചേര്‍ക്കുന്നതാണ് ബോനിറ്റോ മീനിന്റെ ഉണങ്ങിയ ഫ്‌ളേക്കുകള്‍.

ഹെല്‍ത്തി ഫുഡ്
സമ്പൂര്‍ണ്ണമായി ഒരു മാംസഭുക്കാണ് പൂച്ച. അതിനാല്‍ പൂച്ചകളെ പൂര്‍ണ്ണമായൊരു വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. മാംസത്തില്‍ നിന്നു ലഭിക്കുന്ന ടോറിന്‍ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചകള്‍ക്ക് അനിവാര്യമാണ്. ടോറിന്‍ ഏറ്റവുമധികം ഉള്ള എലിയും മീനും പൂച്ചകള്‍ക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയാകാം. നായകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ വേണം. കൂടാതെ പത്തുശതമാനത്തോളം കൊഴുപ്പും വേണം. മാംസഭുക്കായ പൂച്ചയ്ക്ക് പ്രോട്ടീനായി പുഴുങ്ങിയ മുട്ട, നേര്‍പ്പിച്ച പാല്‍, മാംസം, മത്സ്യം എന്നിവ നല്‍കാം. അന്നജം ലഭിക്കാന്‍ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകള്‍ ലഭിക്കാന്‍ കാരറ്റ് പോലുള്ള പച്ചക്കറികളും ഉള്‍പ്പെടുത്താം.

സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് കുറവാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ തയ്യാറാക്കുന്ന തീറ്റ വൈവിധ്യമുള്ളതാക്കാം. ഇത്തരം തീറ്റ 25-50 ഗ്രാം/ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവില്‍ നല്‍കാം. എല്ലില്ലാത്ത മാംസവും, മത്സ്യവും മാത്രമാണ് നല്‍കുന്നതെങ്കില്‍ കാല്‍സ്യം, വിറ്റമിന്‍ എ എന്നിവയുടെ കുറവുണ്ടാകാമെന്നതിനാല്‍ എല്ലിന്‍ പൊടി, ലിവര്‍ എന്നിവകൂടി കൊടുക്കണം. മീനെണ്ണ കൊടുത്താല്‍ വിറ്റമിന്‍ എ കിട്ടും. ചിക്കന്റെ കഴുത്ത് വേവിച്ച് നല്‍കുന്നതും നല്ലത്. ഇതോടൊപ്പം ധാരാളം ശുദ്ധജലം നല്‍കണം.പൂച്ചകള്‍ക്ക് ഇടയ്ക്ക് വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. അവ പലപ്പോഴും പുല്ല് തിന്നാറുണ്ട്. പുല്ല് തീറ്റി വിറ്റാമിനുകള്‍ക്കൊപ്പം ശരീരം വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പോകുന്ന രോമം ഛര്‍ദ്ദിച്ച് പുറത്ത് കളയാനും സഹായിക്കുന്നു.

ശ്രദ്ധിക്കാം
വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകള്‍ക്ക് നല്‍കരുത്. ഇത് ബാക്ടീരിയ, പരാദബാധകള്‍ എന്നിവയ്ക്ക് കാരണമാകും. വലിയ അളവില്‍ പാല്‍ നല്‍കരുത്. വിറ്റാമിന്‍ മിശ്രിതം നല്‍കുമ്പോള്‍ കരള്‍ അധികമായി നല്‍കരുത്. ചോക്ലേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും അധിക ഭക്ഷണവും, ശുദ്ധജലവും ആവശ്യമാണ്. ഗര്‍ഭിണികള്‍ക്ക് 25 ശതമാനം അധികം തീറ്റ വേണം. മുലയൂട്ടുന്ന പൂച്ചകള്‍ക്ക് രണ്ട് മുതല്‍ നാല് ഇരട്ടി ഭക്ഷണവും ശുദ്ധജലവും നല്‍കണം. പൂച്ചകള്‍ക്ക് ആവശ്യമായ സന്തുലിത തീറ്റയെന്ന് അവകാശപ്പെടുന്ന ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകള്‍ ഇന്ന് വിപണിയില്‍ ധാരാളമുണ്ട്. വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകള്‍. പൂച്ചകളുടെ പ്രായത്തിനും, തൂക്കത്തിനും അനുസരിച്ച് നല്‍കേണ്ട കൃത്യമായ അളവുകള്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. പൂച്ചകുട്ടികള്‍, പ്രായം കൂടിയവർ, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയ പല അവസ്ഥയുള്ളവര്‍ക്കും നല്‍കാവുന്ന തീറ്റകള്‍ ഇന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi