ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ സ്വതന്ത്രസിനിമകളുടെ മുഖമുദ്രകളിലൊരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. ദി ലഞ്ച്ബോക്സ്, ഫോട്ടോഗ്രാഫ്, ഗ്യാങ്സ് ഓഫ് വാസേപൂര്‍ തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുഖ്യധാരാ വാണിജ്യ സിനിമകളോട് മത്സരിച്ച് ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ഇന്ത്യയിലെ സ്വതന്ത്ര സിനിമകള്‍ക്ക് വേണ്ടത്ര ശ്രദ്ധയോ ബോക്സ് ഓഫീസ് വിജയമോ ലഭിക്കാത്തതില്‍ 51-കാരനായ അദ്ദേഹം അടുത്തിടെ നടന്ന ഒരു സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ചു.
'ഞാന്‍ സ്വതന്ത്ര സിനിമകള്‍ ചെയ്യുന്നത് തുടരും. ചിലതരം മാസ് സിനിമകളുമായി ഇതിനെ സന്തുലിതമാക്കേണ്ടത് വളരെ പ്രധാനമാണ്. സ്വതന്ത്ര സിനിമ ഇല്ലാതായാല്‍ അത് വളരെ മോശമായ കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അത്തരം സിനിമകള്‍ തുടര്‍ന്നും നിര്‍മ്മിക്കപ്പെടണം... നമ്മുടെ ശാസ്ത്രീയ കലാരൂപങ്ങളായ സംഗീതവും നൃത്തവുമൊന്നും ഒരിക്കലും ജനപ്രിയമായിരുന്നില്ല. കാരണം അത് മനസ്സിലാക്കാന്‍ കുറച്ച് ആളുകള്‍ക്ക് മാത്രമേ സാധിക്കൂ' അദ്ദേഹം പറഞ്ഞു.
ബജ്റംഗി ഭായിജാന്‍, കിക്ക്, റയീസ് തുടങ്ങിയ ഹിറ്റുകള്‍ക്കൊപ്പം തന്റെ സ്വതന്ത്ര സിനിമാ പ്രോജക്റ്റുകളും ഒരുപോലെ കൊണ്ടുപോയ ആളാണ് നവാസുദ്ദീന്‍ സിദ്ദിഖി.
സ്വതന്ത്രസിനിമകള്‍ ശാസ്ത്രീയ കലാരൂപങ്ങള്‍ പോലെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുഖ്യധാരാ പ്രേക്ഷകര്‍ക്കായി ചെയ്യുമ്പോള്‍ സിനിമകളിൽ ചിലത് ഉള്‍പ്പെടുത്തേണ്ടി വരും. ശുദ്ധമായ കലയും ക്ലാസിക്കല്‍ കാര്യങ്ങളും ഒരിക്കലും അവര്‍ക്കായി നിര്‍മ്മിക്കപ്പെട്ടിട്ടില്ല'
മുഖ്യധാരാ സിനിമകള്‍ ചെയ്യുന്നത് തനിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുവെന്നും, അത് തന്റെ സ്വതന്ത്ര സിനിമകള്‍ക്കും കുറച്ച് പ്രേക്ഷകരെ ലഭിക്കാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വലിയ സിനിമകളുടെ ഏറ്റവും വലിയ പ്രയോജനം കൂടുതല്‍ ആളുകള്‍ നിങ്ങളെ കാണുമെന്നതാണ്.
അതിനാല്‍ ചെറിയ സിനിമകള്‍ ചെയ്യുമ്പോള്‍ ആ പ്രേക്ഷകരുടെ അഞ്ച് ശതമാനം ലഭിച്ചാല്‍ പോലും അത് വലിയ നേട്ടമാണ്. ഈ സിനിമകളിലൂടെയാണ് കൂടുതല്‍ ആളുകള്‍ എന്നെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. മിക്ക സ്വതന്ത്ര സിനിമകളും ചെറിയ തോതിലാണ് റിലീസ് ചെയ്യുന്നത് എന്നതാണ് വാസ്തവം. അവയ്ക്ക് കുറച്ച് സ്‌ക്രീനുകളേ ലഭിക്കൂ, കൂടുതല്‍ ആളുകള്‍ അത് കാണാന്‍ വരുന്നുമില്ല' നവാസുദ്ദീന്‍ പറയുന്നു.
ആദിത്യ സര്‍പോത്ദാറിന്റെ ഹൊറര്‍ കോമഡി ചിത്രമായ 'തമ്മ'യിലെ രക്തരക്ഷസ്സിന്റെ വേഷത്തിന് നടൻ ഇപ്പോള്‍ കൈയടി നേടുകയാണ്. ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രം മാഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിന്റെ ഭാഗമാണ്, ഇതില്‍ നവാസുദ്ദീന്‍ പ്രതിനായകനായാണ് എത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: nawazuddin siddiqui laments the lack of attention and box office success for Indian independent cinema, comparing it to classical art forms. He emphasizes the importance of balancing commercial hits with his indie projects.
Published: 25 Oct 2025, 11:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented