മലയാള സിനിമയുടെ മഞ്ഞണിക്കൊമ്പില്‍ പാട്ടിന്റെ വസന്തവുമായി എത്തിയ രാപ്പാടി. ആത്മാവില്‍ തൊടുന്ന ഗാനങ്ങളിലൂടെ, ഈണത്തിന്റെ സൗന്ദര്യത്തിലൂടെ ഒരു സംഗീതകാരന്‍ ജൈത്രയാത്ര തുടങ്ങി. 1980- ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെയാണ് ജെറി അമല്‍ദേവ് എന്ന സംഗീതസംവിധായകന്‍ മലയാളിയുടെ ഹൃദയത്തില്‍ കൂടുകൂട്ടിയത്. ആയിരം കണ്ണുമായി, മിഴിയോരം, പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, മേലേ മേലേ വാനം... ആരും മറക്കാത്ത ഗാനങ്ങള്‍. ജെറി അമല്‍ ദേവ് മലയാളിയുടെ താളവും താരാട്ടുമായി.

ഒരു വര്‍ഷം 12 സിനിമകളില്‍ വരെ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട് അദ്ദേഹം. ഇതിനിടയില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി. കാരണമറിയാതെ മാറ്റിനിര്‍ത്തപ്പെട്ട ഇരുപത് വര്‍ഷങ്ങളുമുണ്ടായി. തന്നെത്തേടി അവസരങ്ങളെത്താത്തതിന്റെ പരിഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായില്ല. ഭക്തിഗാനങ്ങളായും ലളിത ഗാനങ്ങളായും ആല്‍ബങ്ങളായും ആ സംഗീതമാധുര്യം അപ്പോഴും മലയാളിയുടെ കൂടെയുണ്ടായി. വര്‍ഷമേറെക്കഴിഞ്ഞ്, 'ആക്ഷന്‍ ഹീറോ ബിജു'വിലെ പൂക്കള്‍ പനിനീര്‍ പൂക്കളെന്ന ഗാനം കേട്ട പഴയ തലമുറ പറഞ്ഞു, ഇതാ ആ ഈണം തിരിച്ചു വന്നിരിക്കുന്നു. പുതുതലമുറ ആ പാട്ടിനെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിലേക്ക് ചേര്‍ത്തുവെച്ചു. ജെറി അമല്‍ദേവെന്ന അനശ്വരനായ സംഗീതസംവിധായകന്‍ ഇവിടെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ആ ഗാനം.

തൃപ്പൂണിത്തുറയിലെ ചോയിസ് സ്‌കൂളിന് മുന്നില്‍ ഇലച്ചെടികള്‍ക്കരികിലൂടെ ചെറിയ ചാറ്റല്‍ മഴയെ തട്ടിത്തെറിപ്പിച്ച് അദ്ദേഹം വന്നു. 86-ാം വയസ്സിലും പുത്തനീണങ്ങളുടെ ചുറുചുറുക്കോടെ. മഴയുടെ താളമുള്ള അദ്ദേഹത്തിന്റെ സംസാരത്തിലേക്ക്...

പാട്ടിന്റെ വഴിയില്‍ പ്രചോദനം?
ഫോര്‍ട്ട്കൊച്ചിയില്‍ നസ്രത്ത് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. കുടുംബത്തിലുള്ളവരെല്ലാം പാരമ്പര്യമായി ആയുര്‍വേദ വൈദ്യന്‍മാരായിരുന്നു. ഞങ്ങള്‍ ഏഴ് മക്കള്‍. ഞാന്‍ നാലാമന്‍. അപ്പന്‍ ചെറുതായി ഓടക്കുഴല്‍ വായിക്കും. അമ്മയും അമ്മയുടെ അമ്മയും പള്ളിയില്‍ പാടിയിരുന്നു. ഇതായിരുന്നു സംഗീതപാരമ്പര്യം. നാലാം വയസ്സില്‍ ഞാനും പാടിത്തുടങ്ങി.
 

എന്റെ അമ്മുമ്മ ആരെങ്കിലും വീട്ടില്‍ വരുമ്പോള്‍ പറയും, 'എടാ.. ജെറീ നീയൊരു പാട്ടുപാട്'. ഞാന്‍ പാടും. അമ്മാവന്‍മാര്‍ക്ക് എന്റെ പാട്ടില്‍ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഒരു അമ്മാവന്‍ പോള്‍ (മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോളിന്റെ അച്ഛന്‍). മറ്റൊരു അമ്മാവന്‍ ജേക്കബ്, സാഹിത്യകാരനും 'നിര്‍മ്മല' എന്ന സിനിമയുടെ കഥാകൃത്തും ഒക്കെയായിരുന്നു. മൂന്നാമത്തെ അമ്മാവന്‍ ജോണ്‍ എന്നെ പള്ളിയിലെ പരിപാടികള്‍ക്കൊക്കെ പാട്ടുപാടാന്‍ കൊണ്ടുപോകും. അന്ന് മലയാളം സിനിമകള്‍ അധികമില്ല. ഹിന്ദി, തമിഴ് സിനിമകളാണ് ഏറെയും. അമ്മാവന്‍മാര്‍ ഹിന്ദിസിനിമാഗാനങ്ങള്‍ വീട്ടിലെ ഗ്രാമഫോണില്‍ കേള്‍പ്പിച്ചുതരുമായിരുന്നു. അന്ന് കൊല്‍ക്കത്തയിലാണ് സിനിമകള്‍ പിറന്നിരുന്നത്. മുംബൈ സിനിമകളുടെ നാടായിട്ടില്ല. കൊല്‍ക്കത്തയില്‍നിന്നാണ് റെക്കോര്‍ഡ്സ് ഒക്കെ വരിക. പങ്കജ് മല്ലിക്കിന്റെയും ആര്‍.സി. ബോറാളിന്റെയും പാട്ടുകള്‍ കേട്ടുപഠിച്ച് പാടിനടക്കുമായിരുന്നു. അന്ന് ലത്തീന്‍ പള്ളിയിലാണ് കുര്‍ബാനയ്ക്ക് പോവുക. കുര്‍ബാന ലത്തീന്‍ ഭാഷയിലാണ്. ഒന്നും മനസ്സിലായില്ലെങ്കിലും പാട്ടുകളെല്ലാം കൂടെപ്പാടും. ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നതിനെപ്പറ്റി വീട്ടിലാരും ചിന്തിച്ചിരുന്നില്ല. ഒരാളുടെകീഴില്‍ പാട്ടുപഠിച്ചിരുന്നെങ്കില്‍ ഞാന്‍ സംഗീതസംവിധായകന്‍ ആകുമായിരുന്നില്ല, പിന്നണി ഗായകനായേനെ.

സംഗീതമാണ് വഴിയെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?
പതിമ്മൂന്നാം വയസ്സില്‍ ഒരു പരിപാടിയില്‍ ഈശ്വരപ്രാര്‍ഥന സ്വയം എഴുതി ട്യൂണ്‍ ചെയ്തു. അതാണ് കംപോസിങ്ങിലെ ആദ്യ ചുവട്. ഹൈക്കോര്‍ട്ടിനടുത്ത് ഉണ്ണിമിശിഹാ ആംഗ്ലോ ഇന്ത്യന്‍ പള്ളിയുണ്ട്. അവിടെ ഇമ്മാനുവല്‍ ലോപ്പസ് എന്നൊരു അച്ചനുണ്ടായിരുന്നു. ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ കലകള്‍ സഹായിക്കുമെന്ന തോന്നലില്‍ 'ബോസ്‌കോ' എന്നപേരില്‍ ഒരു കലാസമിതി ആ പള്ളിയില്‍ അദ്ദേഹം ആരംഭിച്ചു. അമ്മാവന്‍ ജോണ്‍ എന്നെ അവിടെക്കൊണ്ടുപോയിച്ചേര്‍ത്തു. എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ഞാനവിടെ പാടാന്‍പോകും. അല്ലിയാമ്പല്‍ കടവിലന്ന് അരയ്ക്കുവെള്ളം.. എന്ന പാട്ടൊക്കെചെയ്ത സംഗീത സംവിധായകനായ ജോബ് സാര്‍ അന്നവിടെ വീണ വായിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ സന്തതസഹചാരിയും മൃദംഗവാദകനുമായ ജോര്‍ജും സമിതിയിലെ അംഗമായിരുന്നു. പിന്നീട് 'ജോബ് ആന്‍ഡ് ജോര്‍ജ്' എന്നൊരു കൂട്ടായ്മ അവിടെ പിറന്നു. അന്നത്തെക്കാലത്ത് നാടകങ്ങള്‍ക്കൊക്കെ സംഗീതം ചെയ്തിരുന്നവരില്‍ പ്രമുഖരായിരുന്നു ഇരുവരും. അവര്‍ക്കൊപ്പം പാടിത്തെളിയാന്‍ ബോസ്‌കോ കലാസമിതിയിലൂടെ എനിക്കും അവസരംകിട്ടി. പത്താംക്ലാസെത്തിയ സമയം. ലോപ്പസച്ചന്‍ എന്നോട് പറഞ്ഞു: ''ജെറീ നമുക്കിവിടെയൊരു നാടകം കളിക്കാം. അതിലെ പാട്ട് നീ ചെയ്യണം.'' അന്നുചെയ്ത ആ പാട്ടിന്റെ ഒരു കഷണം ഞാന്‍ പിന്നീട് ഒരു സിനിമാപ്പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്... മൗനങ്ങളേ ചാഞ്ചാടുവാന്‍... ('എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്').
 

വൈദികനാകാന്‍ പോയ കാലവുമുണ്ടല്ലോ?
പണ്ടേ അമ്മുമ്മയും അമ്മയും പറയും, ഇവന്‍ സൈക്കിള്‍ ചവിട്ടില്ല, മതിലിലും മരത്തിലുമൊന്നും കയറില്ല... ഇവന്‍ അച്ചനാവും. അങ്ങനെ ഞാന്‍ അച്ചനാകാന്‍പോയി. ആ കാലഘട്ടമാണ് ജീവിതത്തെ മാറ്റിമറിച്ചത്. മിഷണറി വൈദികനാകാനായിരുന്നു ആഗ്രഹം. അങ്ങനെ ഒരു ജര്‍മന്‍ മിഷനറി സഭയുടെ കീഴില്‍ പഠിക്കാന്‍ ഇന്ദോറിലേക്ക്. ക്രിസ്തുവിന്റെ സന്ദേശം ഇന്ത്യയിലെ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും നല്ലമാര്‍ഗം കലകളാണ് എന്നായിരുന്നു ആ വൈദികരുടെ വിശ്വാസം. ഏതെങ്കിലും കലകള്‍ പഠിക്കണം എന്നവിടെ നിര്‍ബന്ധമായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍നിന്ന് മുഹമ്മദ് ഖാന്‍ എന്നൊരു തബലിസ്റ്റ് എല്ലാ ആഴ്ചയും വൈകുന്നേരം ഞങ്ങളില്‍ കുറച്ചുപേരെ തബല പഠിപ്പിക്കും. അവിടെയുള്ള ആംഗ്ലോ ഇന്ത്യന്‍ അധ്യാപകര്‍ പിയാനോയും ഓര്‍ഗനും പഠിപ്പിച്ചു... ഇതെല്ലാം കഴിഞ്ഞ് രണ്ട് വര്‍ഷത്തെ നൊവിഷിയേറ്റിന് വേണ്ടി ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് ഞങ്ങളെ മാറ്റി.

ഒരു ദിവസം അവിടെ ഒരു പഴയമുറിയില്‍നിന്ന് എനിക്ക് കുറച്ച് റെക്കോഡ്സ് കിട്ടി. ജര്‍മന്‍ സംഗീതവും സിംഫണിയുമൊക്കെയായിരുന്നു അക്കൂട്ടത്തില്‍ ഏറെയും. ടാഗോര്‍ സ്വയം തയ്യാറാക്കിയ ഒരീണത്തില്‍ 'വന്ദേമാതരം' ശാന്തിനികേതനിലെ പാട്ടുകാരെക്കൊണ്ട് പാടിച്ച റെക്കോര്‍ഡും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആ റെക്കോഡുകള്‍ സംഗീതപഠനത്തില്‍ മുതല്‍ക്കൂട്ടായി. രണ്ട് വര്‍ഷം കഴിഞ്ഞ് പുണെയിലെ ദ പേപ്പല്‍ സെമിനാരിയിലേക്ക് എന്നെ അയച്ചു. അവിടെവച്ചാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നത്. വിനായക് റാവു പട് വര്‍ധന്‍ എന്ന പ്രശസ്തനായ സംഗീതജ്ഞന്‍ നടത്തിയിരുന്ന ഗന്ധര്‍വ മഹാവിദ്യാലയം എന്നൊരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റ മകന്‍ മധുസൂദന്‍ പട് വര്‍ധനാണ് സെമിനാരിയില്‍വന്ന് ഞങ്ങളെ വായ്പാട്ട് പഠിപ്പിച്ചത്. അന്ന് എനിക്ക് 20 വയസ്സ്. പിന്നെയും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കുതോന്നി വൈദികനാകേണ്ടതില്ല. പാട്ടിന്റെ വഴിയേപോകണം എന്ന്.

എന്തായിരുന്നു വഴിത്തിരിവ് ?
പുണെയില്‍നിന്ന് സുപ്പീരിയര്‍ അച്ചന്റെ നിര്‍ദേശമനുസരിച്ച് ബോംബെയില്‍ പോയി. അവിടെവെച്ചാണ് സംഗീതസംവിധായകന്‍ നൗഷാദ് അലിയെ കാണുന്നത്. പാട്ടില്‍ എന്തെങ്കിലും അവസരമുണ്ടാകുമോ എന്നറിയാന്‍ ഒരുദിവസം ഞാനദ്ദേഹത്തിന്റെ വീട്ടിലെത്തി. കാര്‍ട്ടര്‍ റോഡിലെ ആഷിയാന എന്ന വീടിന്റെ വാതില്‍തുറന്നത് നൗഷാദ് സാബാണ്. 'ഞാന്‍ ജെറി, കേരളത്തില്‍നിന്നാണ്, സാബിന്റെ വലിയ ഫാനാണ്...' എന്നൊക്കെ പറഞ്ഞു. കേരളത്തില്‍ ആരാണ് ഹിന്ദിപ്പാട്ട് കേള്‍ക്കുന്നത് എന്ന സംശയമായി സാബിന്. ഞങ്ങള്‍ ഹിന്ദിപ്പാട്ട് പാടും സാബ് എന്നായി ഞാന്‍. എന്നാല്‍ നീ വാ, ഇരിക്ക് എന്നിട്ടൊരു പാട്ടുപാടിക്കേള്‍പ്പിക്ക് എന്ന് അദ്ദേഹവും.

അദ്ദേഹത്തിന്റെ പ്രശസ്തമായ ഒന്നുരണ്ട് പാട്ടുകള്‍ ഞാന്‍ പാടി. എന്റെ ആഗ്രഹമെന്താണെന്ന് അദ്ദേഹം ചോദിച്ചു. എനിക്കൊരു പിന്നണി ഗായകനാവണം എന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്. അദ്ദേഹം എന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു, മുഹമ്മദ് റഫിയുള്ള കാലത്തോളം അത് നടക്കില്ല. എനിക്ക് വേറെയൊരു കഴിവുണ്ട്, താങ്കളുടെ പാട്ടുകളെടുത്ത് മറിച്ചിടും എന്ന് ഞാനും. അങ്ങനെ സാബിന്റെ 'മദര്‍ ഇന്ത്യ'യിലെ ഒരു പാട്ട് മറ്റൊരു ട്യൂണില്‍ പാടിക്കേള്‍പ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടമായി. ഫോണ്‍നമ്പര്‍ എഴുതിയ കാര്‍ഡ് തന്ന് ഇടയ്ക്ക് വിളിക്കണം എന്നും പറഞ്ഞു.

അങ്ങനെ മാസത്തിലൊരിക്കല്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കും. അദ്ദേഹത്തിന് പത്ത് മക്കളുണ്ട്, ഫോണ്‍ അവരില്‍ ആരെങ്കിലും എടുക്കും. അബ്ബു വീട്ടിലില്ല എന്ന് പറഞ്ഞുവയ്ക്കും. അങ്ങനെ പതിനൊന്ന് മാസം കഴിഞ്ഞാണ് അദ്ദേഹത്തെ ഫോണില്‍ കിട്ടിയത്. 'നീ ഇപ്പോഴും ഇവിടെത്തന്നെയുണ്ടോ?' എന്ന ചോദ്യമാണ് സാബ് ആദ്യം ചോദിച്ചത്. 'പാട്ടില്ലാതെ രക്ഷയില്ല, സാബ് ഒരവസരം തരണം' എന്നായി ഞാന്‍. 'നാളെത്തന്നെ വീട്ടിലേക്ക് വന്നോളൂ' എന്ന് സാബ് പറഞ്ഞു. അങ്ങനെ പിറ്റേന്ന് നൗഷാദ് സാബിന്റെ വീട്ടിലെത്തി.

അദ്ദേഹം ഒരു പാട്ടുപാടി. വെസ്റ്റേണ്‍ നോട്ടേഷനില്‍ എഴുതി അതിനുള്ള കോട്ട്സ് ഇടണം. ശേഷം ഇത് രണ്ടുംവായിക്കുമ്പോള്‍ അതിനുമുകളില്‍ ഒരു കൗണ്ടര്‍ മെലഡിയുണ്ടാക്കണം എന്നും പറഞ്ഞ് അദ്ദേഹം പോയി. വിയര്‍ത്തും വിറച്ചും ഞാന്‍ എങ്ങനെയൊക്കെയോ ഒന്ന് തട്ടിക്കൂട്ടി. സാബിന്റെ പാട്ടുകള്‍ക്ക് കൗണ്ടര്‍മെലഡികള്‍ ചെയ്തിരുന്നത് ഗോവക്കാരനായ പിന്റോ എന്ന ഓര്‍ക്കസ്ട്രേറ്ററായിരുന്നു. ഞാന്‍ ചെയ്ത ഈണം സാബ് അദ്ദേഹത്തെ കേള്‍പ്പിച്ചു. 'ഇയാള്‍ക്ക് പണിയറിയാം' എന്ന് പിന്റോ അഭിപ്രായപ്പെട്ടു. അങ്ങനെ ഞാന്‍ നൗഷാദ് സാബിന്റെ വീട്ടിലെ ഒരംഗമായി. ഉച്ചഭക്ഷണത്തിനുപോലും ഒപ്പമായി. മാസം 100 രൂപയായിരുന്നു പ്രതിഫലം. ഒരുമാസം കഷ്ടിച്ച് ജീവിക്കാനുള്ള പണം.

മുംബൈ ജീവിതത്തെപ്പറ്റി?
അന്ന് സാബിന്റെ ഫസ്റ്റ് അസിസ്റ്റന്റായിരുന്ന മുഹമ്മദ് ഷഫി എന്നെ നൗഷാദ് സാബ് വര്‍ക്കുചെയ്യുന്ന ഒരു സിനിമയുടെ നിര്‍മ്മാതാവിന്റെ അടുത്ത് കൊണ്ടുപോയി. സാബിന്റെ പുതിയ അസിസ്റ്റന്റ് ആണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. 500 രൂപ പ്രതിഫലവുംനല്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു. ഒപ്പം 500 രൂപ ശമ്പളത്തില്‍ സ്റ്റുഡിയോയിലും ജോലിചെയ്തു. ഭാവിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ഒരു സ്വാര്‍ഥതയുമില്ലാതെ എന്നെ പ്രോത്സാഹിപ്പിച്ചയാളാണ് മുഹമ്മദ് ഷഫി.

ഹിന്ദിയില്‍ നൗഷാദ് സാബിന്റെ കൂടെ കുറെയേറെ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1965 മുതല്‍ 69 വരെ അവിടെനിന്നു. 'സംഘര്‍ഷ്' എന്ന സിനിമയുടെ ടൈറ്റില്‍ ഓപ്പണിങ് മ്യൂസിക്ക് ഞാനാണ് ചെയ്തത്.
 

പാശ്ചാത്യസംഗീതം കൂടുതല്‍ പഠിക്കാനുള്ള തീരുമാനം എങ്ങനെയാണ് ഉണ്ടായത്?
അന്ന് ഇന്ത്യന്‍ സംഗീതസംവിധായകര്‍ക്ക് ഓര്‍ക്കസ്ട്രേഷനെപ്പറ്റി അറിവുണ്ടായിരുന്നില്ല. വരികള്‍ക്കനുസരിച്ച് ട്യൂണ്‍ നല്‍കുക മാത്രമായിരുന്നു അവര്‍ ചെയ്തിരുന്നത്. ഗോവയില്‍ നിന്നുള്ള സംഗീത വിദഗ്ധരാണ് ഓര്‍ക്കസ്‌ട്രേഷന്‍. പക്ഷേ, അവര്‍ക്ക് ഇന്ത്യന്‍ സംഗീതം അറിയില്ല.

അതോടെ പാശ്ചാത്യസംഗീതം കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെയായി ഞാന്‍. എന്റെ മൂത്ത സഹോദരനായ കാര്‍മല്‍, യു.എസിലെ ന്യൂ ഓര്‍ലീന്‍സിലെ ഒരു യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. അദ്ദേഹത്തിന് പരിചയമുള്ള ഒരു സിസ്റ്റര്‍ വഴി സേവിയര്‍ യൂണിവേഴ്സിറ്റി ഓഫ് ലൂയിസിയാനയില്‍ പ്രവേശനം ലഭിച്ചു. കുറെയേറെ പാഠങ്ങള്‍ ഞാന്‍ സെമിനാരിക്കാലത്തുതന്നെ പഠിച്ചതായിരുന്നു. അതുകൊണ്ട് രണ്ടുവര്‍ഷംകൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അനുമതി കിട്ടി. ബാച്ചിലര്‍ ഓഫ് മ്യൂസിക് ഡിഗ്രി കിട്ടിക്കഴിഞ്ഞാല്‍ അമേരിക്കയിലെ ഏത് യൂണിവേഴ്സിറ്റികളിലും ഉന്നതപഠനത്തിനായി കയറാം. അങ്ങനെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. അവിടെ പഠിക്കുന്നതിനൊപ്പം ജൂനിയര്‍ ക്ലാസുകളില്‍ സംഗീതം പഠിപ്പിക്കാനും തുടങ്ങി.

മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഇന്‍ കോംപോസിഷനിലായിരുന്നു പോസ്റ്റ് ഗ്രാജുവേഷന്‍. പിന്നെ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കോളേജില്‍ സംഗീത അധ്യാപകനായി. രണ്ടുവര്‍ഷം അവിടെ നിന്നു. വിദ്യാര്‍ഥികളൊക്കെ ഏഴടിപൊക്കക്കാരാണ്. കുറച്ച് ബഹുമാനമൊക്കെ അവര്‍ക്ക് തോന്നട്ടേ എന്നുകരുതി താടി വളര്‍ത്തി. അന്നുമുതല്‍ താടി കൂടെയുണ്ട്.

1975-ല്‍ വിപണികളെ ഓയില്‍ ക്രൈസിസ് പിടിച്ചുലച്ച സമയം. ശമ്പളം നല്‍കാന്‍ കോളേജിന് പണമില്ലാതായി. അതോടെ ജോലിപോയി. വരുമാനത്തിനായി അമേരിക്കന്‍ കുടുംബങ്ങളില്‍ പോയി ചെറിയ കുട്ടികളെ പിയാനോ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ അത് മടുത്തു. അതിനല്ലല്ലോ ഞാന്‍ അമേരിക്കയില്‍ വന്നതും സംഗീതം പഠിച്ചതുമൊന്നും.

തിരിച്ചുവരവില്‍ എന്ത് സംഭവിച്ചു?
നാല്പതാം വയസ്സില്‍ കേരളത്തില്‍ തിരിച്ചെത്തി. അപ്പോള്‍ അമ്മ ചോദിച്ചു: ''നീ കിളവനായല്ലോ... കല്യാണം കഴിക്കേണ്ടേ...'' ആ അന്വേഷണം പാലായില്‍ചെന്നെത്തി. പാരമ്പര്യമായുള്ള ഫാമും ടീ ഫാക്ടറിയുമൊക്കെ നോക്കി നടത്തുന്ന ഒരു കുടുംബം. അവിടുത്തെ മൂത്ത പെണ്‍കുട്ടി ജോളി എന്റെ ഭാര്യയായി. ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കള്‍. മൂത്തയാള്‍ മേരി, മീര എന്ന് വിളിക്കും. അവള്‍ക്ക് കുറച്ചൊക്കെ പാട്ട് ഇഷ്ടമാണ്. രണ്ടാമത്തെയാള്‍ റോസ്, വിളിപ്പേര് സംഗീത. അവള്‍ക്ക് സംഗീതത്തോട് ഒട്ടും താത്പര്യമില്ല. മൂന്നാമത്തെയാള്‍ ഡാലിയ. കുറച്ചൊക്കെ പാടും. പക്ഷേ, അവള്‍ വരയുടെ വഴിയെയാണ് പോയത്. ഭാര്യ മരിച്ചിട്ട് 17 വര്‍ഷമായി.

മലയാളസിനിമ വിളിച്ചത് എപ്പോഴാണ്?
കല്യാണമൊക്കെ കഴിഞ്ഞ സമയത്താണ് നവോദയ അപ്പച്ചന്‍ ചെയ്യുന്ന പുതിയ സിനിമയിലേക്ക് ഒരു സംഗീതസംവിധായകനെ വേണം എന്ന് അറിഞ്ഞത്. എന്റെ ഒരു സഹോദരിയുടെ ഭര്‍ത്താവ് എം.എക്സ് ജോസഫിന്റെ അങ്കിള്‍ നവോദയ അപ്പച്ചന്റെ കാര്യസ്ഥനായിരുന്നു. അങ്കിള്‍ വഴി ഒരവസരം തേടി ആലപ്പുഴയ്ക്ക് ചെന്നു. നവോദയ അപ്പച്ചന്‍ എന്നെ സ്വീകരിച്ചിരുത്തി. ''അടുത്ത മുറിയില്‍ എന്റെ മകന്‍ ജിജോ, കൂട്ടുകാരന്‍ ഫാസില്‍, സിബി മലയില്‍, മധു മുട്ടം... അങ്ങനെ കുറച്ചുപേരുണ്ട്. അവരുടെ വിചാരം എന്തെങ്കിലുമൊരു സിനിമയുണ്ടാക്കി ഇട്ടാല്‍ ആളുകള്‍ വരുമെന്നാണ്. അവരെ സമാധാനിപ്പിക്കാനൊരു ചെറിയ സിനിമയുണ്ടാക്കാനാണ്. പിള്ളേരുടെ കൂടെ എന്തേലും ചെയ്യാന്‍ പറ്റുമോ...'' എന്നദ്ദേഹം. അങ്ങനെ അവര്‍ക്കൊപ്പം ചേര്‍ന്നു.

ഫാസില്‍ കഥയുടെ ചുരുക്കം പറഞ്ഞു. അങ്ങനെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയും പാട്ടുകളും പിറന്നു. ഞാന്‍ മലയാളസിനിമയിലെത്തി. ആദ്യത്തെ മുപ്പത്തഞ്ചുദിവസം ഒരീച്ചപോലും ആ സിനിമ കാണാന്‍ വന്നില്ല. നവോദയ അപ്പച്ചന്‍ തിയേറ്ററുകാരോട് പറഞ്ഞു, ''സിനിമ നിങ്ങള്‍ ഓടിച്ചോളൂ, കാശ് ഞാന്‍ തന്നോളാം'' എന്ന്. ഈ സമയത്ത് പാട്ടിന്റെ റെക്കോഡ്സ് കേരളത്തില്‍ മുഴുവനുള്ള കോളാമ്പിക്കാര്‍ക്ക് വിതരണം ചെയ്തു. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. ഇതേത് സിനിമ എന്നാളുകള്‍ അന്വേഷിച്ചു തുടങ്ങി. അങ്ങനെ തിയേറ്ററില്‍ ആളുകയറി. സിനിമയും പാട്ടും ഹിറ്റായി.

പാട്ടുകളില്‍ എന്തുകൊണ്ടാണ് ഓര്‍ക്കസ്ട്രേഷന് ഇത്രയും പ്രാധാന്യം?
ഓര്‍ക്കസ്ട്രേഷന്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാട്ടുകളില്‍ ഞാനത് ഉപയോഗിക്കുന്നത്. നിയമങ്ങളെല്ലാം ഉപയോഗിച്ച് പാട്ടിനെ അലങ്കരിക്കുകയാണ് ഓര്‍ക്കസ്ട്രേഷനിലൂടെ. അപ്പോള്‍ പാട്ടിന് നിറവ് വരും. ഇപ്പോഴത്തെ പാട്ടുകളില്‍ ഓര്‍ക്കസ്ട്രേഷന്‍ എന്ന പേരില്‍ ഇന്‍സ്ട്രുമെന്റുകളുടെ അമിതോപയോഗം കാണാം. മണ്ടത്തരമാണത്. പാട്ടില്‍ പ്രധാനം വാക്കുകളാണ്. സാഹിത്യം കേള്‍ക്കാന്‍ പറ്റണം. പാട്ട് നമ്മുടെ ആത്മാവിലേക്ക് എത്തണം. പാട്ടിന്റെ ഹൃദയം ട്യൂണല്ല, വരികളാണ്. ഇത് ഇപ്പോഴത്തെ പിള്ളേരൊക്കെ മറന്നുപോകുന്നുണ്ട്. വെറുതേ കുറച്ച് ഉപകരണങ്ങളൊക്കെ അടിച്ചുപൊളിച്ചാല്‍ സംഗീതമാവില്ല. നല്ല കഴിവുള്ള ഈ കുട്ടികള്‍ക്ക് ആരും അതൊന്നും പറഞ്ഞുകൊടുക്കുന്നില്ല. അവര്‍ പഠിക്കുന്നുമില്ല.

പാട്ടുകള്‍ക്ക് പിന്നിലെ രസകരമായ അനുഭവങ്ങള്‍?

ഒരു ദിവസം ഞാനും എം.ഡി. രാജേന്ദ്രനും കൂടി എറണാകുളത്ത് ഒരു ചായക്കടയില്‍ ഇരുന്ന് ചായകുടിക്കുകയാണ്. ഒരാള്‍ അടുത്തുവന്നിരുന്നു. ഇളയരാജയുടേതുപോലെ രണ്ട് പാട്ട് വേണമെന്നായിരുന്നു അയാളുടെ ആവശ്യം. ഞാന്‍ എങ്ങനെയാണ് ഇളയരാജയെപ്പോലെ പാട്ടുചെയ്യുന്നത്. നിങ്ങള്‍ ഇളയരാജയുടെ അടുത്തുപോയി ചോദിക്ക് എന്നായി ഞാന്‍. ഇളയരാജ തിരക്കിലാണ്, അദ്ദേഹത്തിന് പ്രതിഫലവും കൂടുതലാണ്, സഹായിക്കണമെന്ന മറുപടിയെത്തി. സാധാരണ ഞാന്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായ പാട്ടുകളായിരുന്നു അവര്‍ക്ക് ആവശ്യം. ട്യൂണ്‍ കേട്ടപ്പോള്‍ എം.ഡി. രാജേന്ദ്രന്‍ വരികള്‍ എഴുതാന്‍ തുടങ്ങി. വരിയില്‍ ഉം... ഉം... എന്നവസാനിക്കുന്ന വാക്കുകള്‍ വേണം എന്ന് ഞാന്‍ നിര്‍ബന്ധം പറഞ്ഞിരുന്നു. അങ്ങനെ പിറന്നതാണ് 'കൂടും തേടി' എന്ന സിനിമയിലെ വാചാലം എന്‍മൗനവും.. നിന്‍മൗനവും... തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും... എന്ന പാട്ട്. ആ സിനിമയിലെ സംഗമം ഈ പൂങ്കാവനം എന്ന പാട്ടും അപ്പോള്‍ തന്നെയുണ്ടാക്കിയതാണ്. സിനിമയും പാട്ടുകളും ഹിറ്റായി.

തമിഴ് സിനിമകളില്‍ പാട്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലേ?
ഇളയരാജ കൊടികുത്തിവാഴുന്ന കാലമാണ്. മറ്റാര്‍ക്കും ചെയ്യാനാവാത്ത, അവിശ്വസനീയമായ ഈണങ്ങള്‍ ചെയ്യുന്ന ഒരു സംഗീതസംവിധായകന്‍. ആയിരത്തിലധികം സിനിമകളില്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ വെറും 75 സിനിമകളേ ചെയ്തിട്ടുള്ളൂ. എനിക്ക് രണ്ട് ചാന്‍സ് തമിഴില്‍ കിട്ടി, പക്ഷേ, പടം വിജയിച്ചില്ല. എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ പാട്ടായിരുന്നു ഒന്ന്. 'എന്‍ കണ്‍മണി എന്‍ പാടല്‍ കേളടീ...' എന്ന പാട്ട്.

20 വര്‍ഷത്തെ ഇടവേള വന്നല്ലോ... മാറ്റിനിര്‍ത്തപ്പെട്ടതാണോ
എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിയില്ല. എന്നെയും യേശുദാസിനെയും പിണക്കാനുള്ള ചില സംഭവങ്ങള്‍ നടന്നു. അതിലൊന്നും വലിയ കഴമ്പില്ലായിരുന്നെങ്കിലും സിനിമാമേഖലയിലുള്ളവര്‍ക്കുതോന്നി ജെറി അമല്‍ദേവും യേശുദാസും തമ്മില്‍ അത്ര രസത്തിലല്ല. അതുകൊണ്ട് യേശുദാസിനെ മതി; ജെറിയെ അങ്ങ് വിട്ടുകളയാം എന്ന്. അതുകൊണ്ടാവാം എല്ലാവരും എന്നെ ഒഴിവാക്കിയത്. പിന്നെ തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളില്‍ സംഗീതാധ്യാപകനായി. ആ സമയത്ത് ഭാര്യയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. അങ്ങനെ 25 വര്‍ഷത്തെ മദ്രാസ് ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിച്ചുപോന്നു.

ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഇക്കാലത്ത് ചെയ്തല്ലോ?
സിനിമയ്ക്കു മുന്‍പുതന്നെ ഞാന്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും ചെയ്യുന്നുണ്ട്. വൈദികനാകാന്‍ പഠിച്ചതിന്റെ ഗുണം അത്തരം പാട്ടുകള്‍ ചെയ്യാന്‍ സഹായിച്ചിട്ടുമുണ്ട്. ഫാദര്‍ ജോസഫ് മനയ്ക്കലും ഞാനും ചേര്‍ന്ന് കുറേയേറെ പാട്ടുകളുണ്ടാക്കിയിട്ടുണ്ട്. നിര്‍മലമായൊരു ഹൃദയമെന്നില്‍... എന്ന പാട്ടൊക്കെ വലിയ സംതൃപ്തി തന്നിട്ടുണ്ട്.
 

സിനിമയിലേക്കുള്ള തിരിച്ചുവരവ്…
ഒരു ദിവസം എന്നെ തേടി സംവിധായകന്‍ എബ്രിഡ് ഷൈന്‍ വന്നു. ഒന്നുരണ്ട് പാട്ടുവേണം എന്നായിരുന്നു ആവശ്യം. സിനിമയുടെ പേര് 'ആക്ഷന്‍ ഹീറോ ബിജു'. എനിക്ക് ന്യൂജനറേഷന്‍ പാട്ടുവരുമോന്ന് അറിയില്ലെന്നുപറഞ്ഞ് അയാളെ മടക്കിയയച്ചു. എബ്രിഡ് ഷൈന്‍ പിന്നെയും വന്നു. ഞങ്ങള്‍ക്ക് ഇലക്ട്രോണിക്സ് സ്വരമേ വേണ്ട. കൈയും കാലും കൊണ്ട് വായിക്കുന്ന ഉപകരണങ്ങള്‍ വെച്ചൊരു പാട്ടുവേണം. അതെന്ത് പാട്ടാണെന്നായി ഞാന്‍. മൂളിപ്പാട്ടുപോലുള്ള പാട്ടാണ് വേണ്ടത് എന്ന് അവരും. ഞാനൊരു ഈണം മൂളി. ഇത് മതിയെന്ന് കണ്ണടച്ച് എബ്രിഡ് ഷൈന്‍ പറഞ്ഞു. അങ്ങനെയാണ് പൂക്കള്‍, പനിനീര്‍ പൂക്കള്‍ വരുന്നത്. അതിന്റെ വരികള്‍ എഴുതിയത് സന്തോഷ് വര്‍മയാണ്. ആ മേന്മയും പാട്ടിനുണ്ട്. പക്ഷേ, എന്റെ തിരിച്ചുവരവെന്നൊന്നും പറയാന്‍ പറ്റില്ല. പിന്നെ വിളിച്ചത് രേവതി വര്‍മ്മയുടെ 'ഇ-വലയം' എന്നൊരു സിനിമയിലേക്കായിരുന്നു. സാമൂഹികപ്രതിബദ്ധതയുള്ള സിനിമയായിരുന്നു. അതില്‍ കുറച്ച് നല്ല പാട്ടുകള്‍ ചെയ്തു. അതിനുശേഷം എന്നെയാരും അങ്ങനെ വിളിച്ചിട്ടില്ല. എനിക്ക് പരാതിയുമില്ല.

ബിച്ചു തിരുമല-ജെറി അമല്‍ദേവ് കൂട്ടുകെട്ട് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ?
അദ്ദേഹം കവി മാത്രമല്ല പാട്ടുകാരനും കൂടിയായതുകൊണ്ടാണത്. എന്റെ ട്യൂണ്‍ ബിച്ചുവിന് പെട്ടെന്ന് പിടികിട്ടും. ഞാനൊരു ട്യൂണ്‍ കൊടുത്താല്‍ അദ്ദേഹം അത് മൂളും. അതനുസരിച്ച് വാക്കുകള്‍ ഇടും. മെലഡിയും ലിറിക്സും പാരലലായി ഒരുപോലെ പോകും. ഞങ്ങള്‍ ഒന്നിച്ച് ചെയ്ത എല്ലാ പാട്ടിലും ആ ക്ലാരിറ്റിയുണ്ട്. ഒരു തിരുത്തുപോലും വേണ്ടിവരാറില്ല.

ഇതുവരെ ചെയ്തതില്‍ പ്രിയപ്പെട്ട പാട്ട് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍…
എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്. അവരില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാനെന്ത് മറുപടി പറയും. ചെയ്ത പാട്ടുകളുടെ കാര്യത്തിലും അങ്ങനെയാണ്. എന്നാലും ചോദിക്കുന്നവരുടെ ഒരു സന്തോഷത്തിന് ആയിരം കണ്ണുമായി ('നോക്കെത്താ ദൂരത്തു കണ്ണും നട്ട്') എന്ന പാട്ടാണ് ഞാന്‍ പറയുക. എല്ലാവര്‍ക്കും പാടാന്‍ പറ്റുന്ന പാട്ട്. ആ പാട്ടിന്റെ ഹൃദയം അതിന്റെ ഈണമല്ല. വരികളാണ്. എന്റെ കൊച്ച് ആ പാട്ട് കേള്‍ക്കാതെ ഉറങ്ങില്ല എന്ന് പറഞ്ഞവരുണ്ട്, കേള്‍ക്കുമ്പോള്‍ കണ്ണുനിറയുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്... കേള്‍ക്കുന്നവര്‍ക്ക് അവരുടെ മനോനിലയനുസരിച്ചുള്ള ഫീലിങ്സ് നല്‍കുന്ന ഈണമാണ്. ആ പാട്ട് ചെയ്യുമ്പോള്‍ ഫാസില്‍ എന്നോട് പറഞ്ഞു, ഈ പാട്ട് കേള്‍ക്കുമ്പോള്‍ ആളുകളെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന ഫീല്‍ വേണമെന്ന്. അങ്ങനെയൊരു ട്യൂണ്‍ ഞാനുണ്ടാക്കി, ബിച്ചു വരികളെഴുതി. പാട്ട് വന്നപ്പോള്‍ പലരും എന്നോട് പറഞ്ഞു ഇതൊരു പള്ളിപ്പാട്ട് പോലെയാണല്ലോ എന്ന്. എന്നാല്‍ ഈ പാട്ടിന്റെ വൃത്തം ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമനേക്കൂടെ കൂടാതെ എന്ന പാട്ടിന്റേതാണ്. ഈ താരാട്ടുപാട്ട് മലയാളിയുടെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതാണ്. ആ വൃത്തത്തിന് വെസ്റ്റേണ്‍ ഓര്‍ക്കസ്ട്രേഷന്‍ കൊടുത്തെന്നേയുള്ളൂ...

ഗായിക ചിത്രയുടെ കരിയര്‍ ബ്രെയ്ക്കിങ് ഗാനങ്ങളിലും പങ്കുണ്ടല്ലോ…
'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമ ചെറിയ ബജറ്റില്‍ ചെയ്തതാണ്. എറണാകുളത്തും തിരുവനന്തപുരത്തും നല്ല പാട്ടുകാരുണ്ടല്ലോ, ഇവരെയെല്ലാം ചേര്‍ത്ത് നമുക്ക് തിരുവനന്തപുരത്തുവെച്ച് റെക്കോഡിങ് നടത്താം എന്നായി നവോദയ അപ്പച്ചന്‍. ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന പാട്ട് പാടാന്‍ ജാനകിയമ്മയെ ആണ് ആദ്യം വിചാരിച്ചത്. പക്ഷേ, അവര്‍ക്ക് വിമാനടിക്കറ്റ്, താമസം എല്ലാംകൂടി നല്ല ചെലവ് വരും. എം.ജി. രാധാകൃഷ്ണന്റെ 'ഒരു തിര പിന്നെയും തിര' എന്ന സിനിമയില്‍ ഡ്യുവറ്റ് പാടിയത് അരുന്ധതി, ചിത്ര എന്നീ രണ്ട് പെണ്‍കുട്ടികളായിരുന്നു. സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലത്തില്‍ പാട്ടിന് ഇരുവരും ഒന്നും രണ്ടും സ്ഥാനമൊക്കെ നേടിയവരാണെന്ന് അറിഞ്ഞു. ചിത്രയുടെ ശബ്ദം ഞാനന്ന് ശ്രദ്ധിച്ചിരുന്നു. അങ്ങനെ ചിത്രയെക്കൊണ്ട് ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന പാട്ട് പാടിച്ചു. പിന്നീടാണ് ആയിരം കണ്ണുമായി പാടാന്‍ ചിത്രയെ വിളിക്കുന്നത്. അന്ന് ചിത്രയ്ക്ക് 19 വയസ്സേയുള്ളൂ. ചിത്രയ്ക്ക് അതേ ലാളിത്യം ഇന്നുമുണ്ട്. വലിയൊരാളാണ് എന്ന ഭാവമൊന്നുമില്ലാത്ത പാട്ടുകാരിയാണ് ചിത്ര.

ട്യൂണുകളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ശുദ്ധസംഗീതത്തെ ബാധിക്കുമോ?
മെഷീന്‍ എല്ലാം ചെയ്താല്‍ പിന്നെയെന്താണ് കാര്യം. നമ്മള്‍ പരിണാമത്തിലൂടെ വളര്‍ന്നുവരുന്ന ജീവികളാണ്. ഓരോന്നും കണ്ടെത്തി പഠിച്ച് വളര്‍ന്നാണ് ഇവിടെവരെയെത്തിയത്. പെട്ടെന്നൊരു ദിവസം ഇനി ഇതൊന്നും വേണ്ട ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞാല്‍ അതിലെന്ത് വിവേകമാണ് ഉള്ളത്. നമ്മള്‍ നമ്മളെത്തന്നെ കുഴികുഴിച്ച് മൂടുകയാണ് ചെയ്യുന്നത്.

റിയാലിറ്റി ഷോകള്‍ക്ക് ജഡ്ജ് ആയി പോകാറുണ്ടോ?
അത്തരം മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതിലും മറ്റും കള്ളക്കളികളുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് കഴിയുന്നതും അത്തരം സാഹചര്യങ്ങളെ ഒഴിവാക്കും.

ഇപ്പോള്‍ സിനിമയില്‍ പാട്ടുകള്‍ കുറവാണല്ലോ? 
പാട്ട് സിനിമയില്‍ത്തന്നെ വേണമെന്നില്ലല്ലോ. സിനിമ വന്നിട്ട് നൂറ് കൊല്ലമായതേയുള്ളൂ. അതിനുമുന്‍പ് നമ്മുടെ നാട്ടില്‍ പാട്ടുകളില്ലേ. സിനിമയില്ലെങ്കിലും പാട്ടുണ്ടാവും.

സ്റ്റേജ് ഷോകള്‍, റിയാലിറ്റി ഷോകള്‍, ആല്‍ബങ്ങള്‍, സോഷ്യല്‍ മീഡിയ... പുതിയ പാട്ടുകാര്‍ക്ക് വളരാന്‍ സാഹചര്യങ്ങള്‍ ഏറെയുണ്ടല്ലോ?
പാടാന്‍ കഴിവുള്ള എല്ലാവര്‍ക്കും അവസരം കിട്ടുന്നു, അതിനുള്ള പ്ലാറ്റ്ഫോമുകള്‍ ഉണ്ടാകുന്നു. നല്ലതാണ് അതൊക്കെ. പക്ഷേ, പാട്ട് പഠിച്ച് പാടണം. എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. എടുത്തുചാടി എന്തെങ്കിലും ചെയ്യുകയല്ല, ജ്ഞാനമുള്ളവരാവണം. അറിവോടുകൂടി ചെയ്യണം. ഞാനൊരു അധ്യാപകനല്ലേ. അപ്പോള്‍ പാട്ടുകളില്‍ തെറ്റ് കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലാകും.
 

'സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ ദേവ്' എന്ന ഗായകസംഘത്തെപ്പറ്റി…
പതിന്നാല് കൊല്ലം മുന്‍പ് തുടങ്ങിയതാണ് അത്. കുട്ടികള്‍ക്ക് ഗ്രൂപ്പ് പാട്ട് പഠിപ്പിച്ചുനല്‍കാം എന്ന തോന്നലിലാണ് ആരംഭിച്ചത്. ഗ്രൂപ്പ് പാട്ട് അഥവാ കോറല്‍ മ്യൂസിക് പരസ്പരം വലിയ സഹകരണവും മനസ്സിലാക്കലും വേണ്ട പരിപാടിയാണ്. ഒരുപാട് നിയമങ്ങളുണ്ട് വൃന്ദഗാനത്തിന്. എല്ലാവരും ഒരുപോലെ പാടണം എന്നതാണ് പ്രധാനനിയമം. ആരുടെയും ശബ്ദം വേറിട്ടുനില്‍ക്കാന്‍ പാടില്ല. ഞങ്ങള്‍ എല്ലാ ഞായറാഴ്ചയും മൂന്നു തൊട്ട് ആറുമണി വരെ നിര്‍ത്താതെ പാട്ട് പരിശീലിക്കും. എറണാകുളം ഐ.എസ്. പ്രസ് റോഡിലെ മെറോലാന്‍ഡിന്റെ രണ്ടാം നിലയിലാണ് പാട്ടും പരിശീലനവും. ആദ്യമൊക്കെ അതിലേക്ക് ഞാന്‍ ആളുകളെ തിരഞ്ഞെടുത്തിരുന്നു. പിന്നെ ആളുകള്‍ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് തേടി വന്നുതുടങ്ങി. ആ ഗ്രൂപ്പില്‍ ആളുകള്‍ മാറിക്കൊണ്ടിരിക്കും. ഇതിന്റെ ഉദ്ദേശം പാടാനുള്ള കഴിവിനെ മിനുക്കിയെടുക്കുക എന്നത് മാത്രമാണ്.

ആത്മകഥയെപ്പറ്റി…
'എനിക്കെല്ലാം സംഗീതമാണ്' എന്ന പുസ്തകം എന്റെ ജീവിത കഥ മാത്രമല്ല. ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ചരിത്രം കൂടി ഞാനതില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. എന്നാല്‍ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓര്‍ക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ട് പാടുന്നതിനേക്കാള്‍ പുതിയ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതാണ് രസമെന്ന് എപ്പോഴോ എനിക്ക് തോന്നി. ആ യാത്രയെപ്പറ്റിയൊക്കെ എഴുതിയാല്‍ നന്നായിരിക്കുമെന്ന തോന്നലിലാണ് ഈ പുസ്തകം പിറന്നത്.

പ്രിയപ്പെട്ട പാട്ടുകാരാരാണ്?
പ്രിയപ്പെട്ട പാട്ടുകാരനോ പാട്ടുകാരിയോ ഇല്ല. എല്ലാ പാട്ടുകാരെയും ഇഷ്ടമാണ്. മലയാളത്തില്‍ ഞാന്‍ യേശുദാസിനെക്കൊണ്ട് പാടിച്ചു. അന്ന് അധികം പുതിയ ഗായകരില്ല.  ജര്‍മനിയിലും അമേരിക്കയിലുമൊക്കെ പോയപ്പോള്‍ അവിടെ ഒരുപാട് നല്ല പാട്ടുകാരുണ്ട്.

പുതിയ തലമുറയുടെ പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ടോ?
ഒരുപാട് പാട്ടുകാരുണ്ടല്ലോ. അതുകൊണ്ട് ആരെയും അധികം ശ്രദ്ധിക്കാറില്ല. തിരുവനന്തപുരത്തു നിന്നുള്ള സുദീപ് കുമാറെന്ന പാട്ടുകാരന്‍ നന്നായി പാടുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്.

പഴയ പാട്ടുകളെ പുതിയ സിനിമകളില്‍ കടമെടുക്കുന്നത് പുതിയ സംഗീതസംവിധായകര്‍ക്ക് കഴിവില്ലാത്തതിനാലാണ് എന്ന് ഇളയരാജ പരിഹസിച്ചിരുന്നു. എന്താണ് തോന്നുന്നത്?
പഴയപാട്ടുകള്‍ പുതിയ കുട്ടികള്‍ക്ക് ഇഷ്ടമാകുന്നു എന്നത് സന്തോഷമല്ലേ. അവര്‍ക്ക് ആ പാട്ടുകളില്‍നിന്ന് ആശയങ്ങളും അറിവും കിട്ടും. പക്ഷേ, ഉപയോഗിക്കുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടമാകാതെ നോക്കണം. കേരളത്തില്‍ നല്ല പാട്ട് കേള്‍ക്കുന്നവരാണ് ഉള്ളത്. നല്ല സംഗീതമുണ്ടാക്കി അവര്‍ക്ക് കൊടുക്കണം.

പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഒരു ഇളം ചിരി അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞു. മലയാളിയുടെ മനസ്സുതൊട്ടറിഞ്ഞ സംഗീതശില്പിയെന്ന ഭാവമില്ലാത്ത പുഞ്ചിരി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi