'ഭീഗി ഭീഗി' എന്ന പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടി മൃണാൾ താക്കൂർ. എ.ആർ.റഹ്മാനാണ് മ്യൂസിക് വീഡിയോയ്ക്കായി സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്. അതിൽ മൃണാളിനൊപ്പം ദുൽഖർ സൽമാനും അഭിനയിക്കുന്നു. പ്രൊമോഷനിടയിൽ പ്രണയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയാണിപ്പോൾ താരം.

പ്രണയം മനോഹരമാണെന്നും പ്രണയം ഒരാളെ നല്ല മനുഷ്യനാക്കുമെന്നുമാണ് താരത്തിന്റെ അഭിപ്രായം. ''പ്രണയം ഒരു മനോഹരമായ വികാരമാണെന്നും ഈ ഗ്രഹത്തിലെ എല്ലാവർക്കും പ്രണയമുണ്ടാവണമെന്നും ഞാൻ കരുതുന്നു. അത് നിങ്ങളെ ഒരു മികച്ച വ്യക്തിയാക്കി മാറ്റുന്നു. അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ഉള്ളിലെ കുട്ടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് പോലെയാണ് ഇത്. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം പോലെയാണ് പ്രണയം. എല്ലാവരും അവരുടെ ജീവിതത്തിൽ പ്രണയം കണ്ടെത്തണമെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു''.

പ്രണയത്തിൽ കൂടുതൽ മുഴുകുന്നത് സ്ത്രീകളാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു. ''ചിലപ്പോഴൊക്കെ സ്‌നേഹം സ്വീകരിക്കുന്നതും സ്‌നേഹത്തെ അംഗീകരിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. പ്രണയത്തിന്റെ നിർവചനം മാറിക്കൊണ്ടിരിക്കുന്നു'', മൃണാളിന്റെ വാക്കുകൾ.

''പ്രണയം മാത്രമാണ് സ്ഥിരം. നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. നിങ്ങൾ ആ വ്യക്തിക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നു. നിങ്ങൾ ആ പ്രണയത്തിനുമുന്നിൽ കീഴടങ്ങുകയാണ്''.

നേരത്തെ നടൻ ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നിരുന്നു. ''ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി'', എന്നാണ് അന്ന് മൃണാൾ പ്രതികരിച്ചത്. തെലുഗിലും ഹിന്ദിയിലുമായി കുറേ സിനിമകളുമായി തിരക്കിലാണ് മൃണാൾ ഇപ്പോൾ. ദോ ദീവാനെ ഷെഹർ മേം, ഡക്കോയ്ട്ട്: എ ലവ് സ്‌റ്റോറി, ഹെ ജവാനി തോ ഇഷ്‌ക് ഹോനാ ഹെ, പൂജാ മേരി ജാൻ തുടങ്ങിയവയാണ് അവരുടെ പ്രധാനസിനിമകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi