വയനാട്ടിലെ കാഴ്ചകൾ, രുചികൾ, സൗഹൃദങ്ങൾ... ഇവയെല്ലാം എന്നും ഒപ്പമുണ്ട്. നാടുവിട്ടുനിൽക്കുമ്പോഴെല്ലാം വീട്ടിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്ന മനസ്സാണ് എന്റേത്. ഒഴിവുസമയങ്ങളിലെല്ലാം വീട്ടിലിരിക്കാനിഷ്ടപ്പെടുന്ന, പോകുന്നിടത്തെല്ലാം നാടിനേയും ചുമന്നുകൊണ്ടുപോകുന്ന പ്രകൃതം.
എട്ടാംക്ലാസുമുതൽക്കാണ് യാത്ര ജീവിതത്തിന്റെ ഭാഗമാകുന്നത്. ഹൈസ്‌കൂൾ കാലത്താണ് വയനാട്ടിൽനിന്ന് ചുരമിറങ്ങി കലാമണ്ഡലത്തിലേക്ക് തിരിക്കുന്നത്. അന്ന് തുടങ്ങിയ സഞ്ചാരം ഇന്നും തുടരുകയാണ്. സിനിമയിലേക്കെത്തിയതോടെ വയനാട്-കൊച്ചി യാത്ര സ്ഥിരമായി. യു.എ.ഇ.യിൽ കമലദളം ഡാൻസ് സ്‌കൂൾ തുടങ്ങിയതോടെ വിദേശയാത്രയും ജീവിതത്തിന്റെ ഭാഗമായി.
ഡാൻസ് സ്‌കൂൾ തുടങ്ങുകയാണെങ്കിൽ അത് യു.എ.ഇ.യിൽ ആയിരിക്കണമെന്നത് കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. അതിനുപറ്റിയ ഒരു ടീമിനെ കിട്ടിയപ്പോൾ ആ മോഹം യാഥാർഥ്യമായി. 'കമലദളം' എന്ന് പേരിട്ടിരിക്കുന്ന നൃത്തവിദ്യാലയത്തിൽ മൂന്നരവയസ്സുമുതൽ അൻപത് വയസ്സുവരെയുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കലാമണ്ഡലത്തിൽനിന്ന് പഠിച്ചിറങ്ങിയ രണ്ടുപേരും കലാക്ഷേത്രയിൽനിന്ന് പി.ജി. കഴിഞ്ഞ ഒരാളും അധ്യാപികമാരായി ഒപ്പമുണ്ട്. വിദ്യാലയത്തിലെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് എന്റെ സഹോദരി അനു സോനാരയാണ്.
യാത്ര
വയനാട്ടിലെയും ഗൂഡല്ലൂരിലെ കർഷകഗ്രാമങ്ങളിലൂടെയുമുള്ള യാത്രകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അവിടത്തെ വീടുകൾക്കെല്ലാം ഭയങ്കരമായൊരു ഭംഗിയുള്ളതായി തോന്നിയിട്ടുണ്ട്.
നൃത്തവിദ്യാലയം തുടങ്ങിയതോടെ ക്ലാസുകൾക്കായുള്ള യാത്രകൾ ജീവിതത്തിന്റെ ഭാഗമായി. നാട്ടിലും യു. എ. ഇ.യിലുമായാണ് ഇപ്പോൾ കഴിയുന്നത്. നൃത്തവിദ്യാലയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സിനിമ ഉൾപ്പെടെ മറ്റുകാര്യങ്ങൾക്കൊന്നും സമയം തികയാതെ വരുന്നുണ്ട്.
വയനാട്ടിലെ വീട്ടിൽ സുഹൃത്തുക്കളെല്ലാം വന്നാൽ മുൻപെല്ലാം സ്ഥിരമായി പോകുന്ന സ്ഥലമായിരുന്നു ചൂരൽമലഭാഗത്തെ കുന്നിൻമുകളിലുള്ള ക്ഷേത്രം. മലയ്ക്കുമുകളിൽനിന്നുള്ള കാഴ്ചകൾ മനോഹരമായിരുന്നു. ചൂരൽമലയിൽ ദുരന്തം നടന്നശേഷം ഞാനങ്ങോട്ട് പോയിട്ടില്ല. അമ്പലത്തിലേക്കും കുന്നിൻമുകളിലേക്കുമുള്ള വഴി അവശേഷിക്കുന്നുണ്ടെങ്കിലും ഇടിഞ്ഞുതകർന്ന ചുറ്റുപാടുകൾ കാണാനുള്ള ശക്തി മനസ്സിനില്ലാത്തതുകൊണ്ട് അവിടേക്കുള്ള യാത്രകൾ വേണ്ടെന്നുവെച്ചു.
യാത്രകൾക്ക് തിരക്കുകൂട്ടുന്ന മനസ്സല്ല പൊതുവേ എന്റേത്. വിനോദയാത്രകളെല്ലാം വല്ലപ്പോഴും മാത്രമേ സംഭവിക്കാറുള്ളൂ. അടുത്തകാലത്ത് അങ്ങനെയൊരു യാത്ര പോയത് തുർക്കിയിലേക്കാണ്. തുർക്കിയെക്കുറിച്ചുള്ള കേട്ടറിവുകൾതന്നെയാണ് ആ നാട്ടിലേക്ക് അടുപ്പിച്ചത്. അവിടത്തെ ഭൂപ്രകൃതിയെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമെല്ലാം പലരിൽനിന്നായി കേട്ടതോടെ തുർക്കിയാത്ര ഒരാഗ്രഹമായി മനസ്സിൽ ഉദിച്ചു. വിഷ്ണുവേട്ടന്റെ (ഭർത്താവ്) ഒരു സുഹൃത്താണ് യാത്രയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കിയത്. ജീവിതത്തിലെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു തുർക്കിയിലൂടെയുള്ള സഞ്ചാരം. മനസ്സിനിഷ്ടപ്പെട്ട ഒരുപാട് നിമിഷങ്ങൾ അവിടം സമ്മാനിച്ചു. ഈസ്താംബൂൾ നഗരത്തിൽതന്നെയായിരുന്നു ഞങ്ങളുടെ താമസം. ഹോട്ടൽ മുറിയുടെ ജനവാതിൽ തുറന്നിട്ടാൽ മനോഹരമായ കാഴ്ചകൾ കാണാം. നേരം പുലരുമ്പോഴേക്കും പുറത്തിറങ്ങിനടക്കുന്ന നഗരവാസികൾ. മഞ്ഞുവീഴുന്ന കാഴ്ചയും മഞ്ഞുമലയുമെല്ലാം ഞാൻ നേരിൽ കാണുന്നത് ഈ യാത്രയിലാണ്. ഈസ്താംബൂൾ നഗരവും ഓട്ടമൻ ചിത്രങ്ങളും ഇവിടത്തെ കാഴ്ചകളുമെല്ലാം ഒരു പരിധിവരെ ഇന്ത്യക്കാരിലേക്കെത്തിയത് നൊബേൽജേതാവായ ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്കിന്റെ 'ചുവപ്പാണെന്റെ പേര്' എന്ന നോവലിലൂടെയാകണം. പറഞ്ഞുകേട്ടും വായിച്ചറിഞ്ഞുമുള്ള അറിവുകൾ മുൻപിലുള്ളതുകൊണ്ടാകണം പല കാഴ്ചകളും മുൻപ് എന്നോ കണ്ടതായുള്ളൊരു ഓർമ്മ മനസ്സിൽ നിറച്ചു.
സിനിമ
അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് 'രാമന്റെ ഏദൻതോട്ട'ത്തിലെ മാലിനി. ഇന്നും, പലരും ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. മൂന്നുവർഷമായി സിനിമയിൽനിന്നുമാറി, നൃത്തക്ലാസുകളുമായി മുന്നോട്ടുപോയിരുന്ന ഞാൻ വീണ്ടുമൊരു സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നതിന്റെ സന്തോഷംകൂടി ഇവിടെ പങ്കുവയ്ക്കട്ടെ. 'ഹെയ്ൽ മേരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. 'ഹെയ്ൽ മേരി'യിലെ കഥാപാത്രത്തിനുവേണ്ടിയാണ് അടുത്തിടെ ശരീരഭാരം കുറച്ചത്. ചാക്കോച്ചനൊപ്പം ഞാനഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വി. പി. സത്യന്റെ ജീവിതം പ്രമേയമാക്കി എത്തിയ ക്യാപ്റ്റൻ സിനിമയുടെ സെറ്റിൽവെച്ചാണ് 'ഹെയ്ൽ മേരി'യുടെ സംവിധായകൻ വിഷ്ണു രവികുമാറിനെ പരിചയപ്പെടുന്നത്. ക്യാപ്റ്റൻ സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം എന്റെ മുഖത്ത് ക്ലാപ്പ് അടിച്ചുകൊണ്ടായിരുന്നു. അന്ന് ക്ലാപ്പ് അടിച്ചത് വിഷ്ണുവായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 02 Oct 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented