മഹാരാഷ്ട്രയിലെ ചെറിയൊരു നഗരമാണ് മാന്‍വത്. 1970-കളിലാണ് ആ കൊച്ചുനഗരം രാജ്യമൊട്ടാകെ കുപ്രസിദ്ധി നേടാന്‍ തുടങ്ങി. അവിടെ തുടരെത്തുടരെ പെണ്‍കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നു. ആദ്യത്തെ കൊല നടന്നത് 1972 നവംബര്‍ 14-നായിരുന്നു. പത്തുവയസ്സുള്ള പെണ്‍കുട്ടി. എന്താണ് കാരണം എന്നൊന്നും അറിയപ്പെടാതെയുള്ള ക്രൂരകൊലപാതകങ്ങള്‍. ആദ്യം കൊല്ലപ്പെട്ടത് ഏഴുപേരാണ്. പിന്നീട് മൂന്നുപേരും. പല മൃതദേഹങ്ങളുടെയും മുഖം വികൃതമാക്കപ്പെട്ടിരുന്നു. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായിരുന്നുവത്. 

ഏഴുപേരുടെ മരണം നടന്നിട്ടും ഒരു തെളിവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ്, പോലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത്. ഗ്രാമത്തിലെ ഒരു പ്രമുഖനാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു ആ കത്തില്‍. ആ കത്തിനു പിന്നാലെ പോലീസ് പോയി. അതെത്തിച്ചേര്‍ന്നത് നരബലിയുടെയും നിധിവേട്ടയുടെയും അമ്പരപ്പിക്കുന്ന സത്യങ്ങളിലാണ്. 

ഗ്രാമത്തിലെ ഒരു പ്രമുഖനാണ് ഉത്തംറാവു. മാന്‍വത് മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്നു. ഗ്രാമത്തില്‍ പലരും ഉത്തംറാവുവിനുവേണ്ടി മദ്യമുണ്ടാക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇത് പുറത്തറിഞ്ഞപ്പോള്‍, അയാള്‍ക്ക് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. അതോടെ അയാള്‍ വ്യാജമദ്യമുണ്ടാക്കാന്‍ തുടങ്ങി. അതിന് നേതൃത്വം നല്‍കിയത് ഉത്തംറാവുവിന്റെ പ്രണയിനിയായ രുക്മിണി എന്ന സ്ത്രീയായിരുന്നു. മുപ്പതുകളിലുള്ള രുക്മിണിക്ക് കുട്ടികളുണ്ടാവണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിനിടയില്‍ അവര്‍ക്ക് നേരത്തെ ആര്‍ത്തവവിരാമമുണ്ടാവുകയും ചെയ്തു.  

രുക്മിണിയുടെ സങ്കടം കണ്ട ഉത്തംറാവു അതിന് പരിഹാരമുണ്ടാക്കാനായി തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിനായി പലരെയും കണ്ടു. ഒടുവില്‍ ഒരു മന്ത്രവാദിയുടെ അടുത്തെത്തി. മന്ത്രവാദി അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരം നിര്‍ദേശിച്ചു, നരബലി. ഗ്രാമത്തിലുള്ള ഒരു അരയാല്‍മരത്തില്‍ ആത്മാവിനെ കുടിയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമീണര്‍ വിശ്വസിച്ചിരുന്നു. ഒരു പയ്യന്റെ ആത്മാവാണെന്നത്രേ അവരുടെ വിശ്വാസം. ആ മരത്തിനുതാഴെ മനുഷ്യരക്തം വെച്ചാല്‍, രുക്മിണിക്ക് പ്രസവിക്കാനാവുമെന്ന് മന്ത്രവാദി അവരോട് പറഞ്ഞു. മാത്രമല്ല, ആ മരത്തിനുകീഴില്‍ നിധിയുണ്ടെന്നും അവരെ വിശ്വസിപ്പിച്ചു. മനുഷ്യരക്തം നല്‍കി ആത്മാവിനെ പ്രസാദിപ്പിച്ചാല്‍ നിധിയെടുക്കാന്‍ കഴിയുമെന്നും അവരോട് മന്ത്രവാദി പറഞ്ഞു.   

placeholder
മൂഞ്ച്യ എന്ന സിനിമയില്‍നിന്ന് / ഫോട്ടോ: imdb

കേട്ടയുടനെ രുക്മിണിയും ഉത്തംറാവുവും നരബലി നടത്താനായി ചില ആളുകളെ ഏര്‍പ്പാടാക്കി. അവര്‍ ആദ്യം കൊലചെയ്തത് പത്തുവയസ്സുള്ള പെണ്‍കുട്ടിയെയാണ്. എന്നിട്ട് ആ കുട്ടിയുടെ രക്തം ഒരു ബൗളിലാക്കി, ആത്മാവ് കുടിയിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന മരത്തിനുമുന്നില്‍ വെച്ചു. ആദ്യമൊക്കെ ആര്‍ത്തവപ്രായമെത്താത്ത പെണ്‍കുട്ടികളെ മാത്രം തിരഞ്ഞെടുത്ത് കൊല്ലുകയായിരുന്നു. ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്ന് തോന്നിയപ്പോള്‍, ആര്‍ത്തവമുള്ള സ്ത്രീകളില്‍നിന്നുള്ള രക്തം വേണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്ത്രീകളെ വധിക്കാന്‍ തുടങ്ങിയത്. 

അന്വേഷണം എങ്ങുമെത്താതെ നിന്ന സാഹചര്യത്തിലാണ് പോലീസിന് ഊമക്കത്ത് ലഭിക്കുന്നത്. രുക്മിണിയും ഉത്തംറാവുവും രുക്മിണിയുടെ സഹോദരി സമിന്ദ്രിയും അറസ്റ്റിലായി. ഇവര്‍ അറസ്റ്റിലായശേഷവും ഒരു കൊച്ചുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തങ്ങളല്ല കുറ്റവാളികള്‍ എന്ന് പോലീസിനെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നുവത് ചെയ്തതെന്ന് പറയപ്പെടുന്നു. ആ കൊലകള്‍ നടത്തിയതും അവര്‍ ഏര്‍പ്പാടാക്കിയവര്‍ തന്നെ. പിന്നാലെ കൊലനടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. 

കേസ് ഹൈക്കോടതിയിലെത്തിയെങ്കിലും, തെളിവില്ലെന്ന കാരണത്താല്‍ കോടതി മൂന്നുപേരെയും വെറുതെവിട്ടു. കൊലനടത്തിയ ഏഴുപേര്‍ മാത്രം കുറ്റവാളികളായി. 1977-ല്‍ ശിക്ഷയായി നാലുപേരെ തൂക്കിക്കൊല്ലുകയും ചെയ്തു.

ഈ സംഭവം പിന്നീട് പല സിനിമകള്‍ക്കും കഥയായി മാറി. സര്‍വസഖി (1978), അക്രീത് (1981), മൂഞ്ച്യ (2024) എന്നീ സിനിമകള്‍ മാന്‍വത് കൊലകളെ ആസ്പദമാക്കിയുള്ളതാണ്. ഇപ്പോള്‍ സോണി ലിവില്‍ 'മാന്‍വത് മര്‍ഡേഴ്‌സ്' എന്ന പേരിലുള്ള വെബ് സീരീസും സ്ട്രീം ചെയ്തുതുടങ്ങിയിരിക്കുന്നു. ഈ മാസമാണ് അത് പുറത്തിറങ്ങിയത്. അതോടെ മാന്‍വത് മര്‍ഡേഴ്‌സ് വീണ്ടും ചര്‍ച്ചയാവുകയാണ്.