എച്ച്.ബി.ഒ.യിൽ കഴിഞ്ഞദിവസം റിലീസായ 'ദ യോഗർട്ട് ഷോപ്പ് മർഡേഴ്‌സ്' എന്ന ഡോക്യുമെന്ററി സീരീസ് ചർച്ചയാവുകയാണ്. നാലുഭാഗങ്ങളായിട്ടാണ് സീരീസ് പ്രേക്ഷകരിലേക്കെത്തുക. അതിന്റെ ആദ്യഭാഗമാണ് ഇപ്പോൾ എച്ച്.ബി.ഒ.യിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവന്നതോടെ, 1991-ൽ നടന്ന കൊലപാതകങ്ങളിലേക്ക് കൂടിയാണ് അത് വെളിച്ചംവീശുന്നത്.
ഓസ്റ്റിനിലാണ് കൂട്ടക്കൊലപാതകം നടന്നത്. മരിച്ചതെല്ലാം കൗമാരക്കാരികൾ. അതിനുശേഷം ആ പെൺകുട്ടികളുടെ കുടുംബത്തിനുണ്ടായ മാനസികാഘാതങ്ങളെക്കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബം, സുഹൃത്തുക്കൾ, അന്വേഷണോദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
1991 ഡിസംബർ ആറ്. ടെക്‌സസിലെ ഓസ്റ്റിനിലുള്ള 'I Can't Believe It's Yogturt' എന്ന ഷോപ്പിൽനിന്ന് തീയും പുകയും പുറത്തേക്കുവരുന്നത് കണ്ടത് പ്രദേശവാസികളാണ്. ഉടനെ അവർ ഫയർ ആന്റ് റസ്‌ക്യൂ സംഘത്തെ വിവരമറിയിച്ചു. ഫയർ ആന്റ് റസ്‌ക്യൂ സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. തീ ഏകദേശം ഒന്നടങ്ങിയപ്പോഴാണ് സംഭവം മാറിമറിഞ്ഞത്.
നഗ്നമായ രീതിയിൽ നാലുപെൺകുട്ടികളുടെ മൃതദേഹങ്ങൾ അവിടെ കിടക്കുന്നു. സ്വന്തം അടിവസ്ത്രമുപയോഗിച്ച് വായമൂടിയ നിലയിലായിരുന്നു മൂന്നുപേർ. ഒപ്പം ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. മറ്റുള്ള മൃതദേഹങ്ങളിൽനിന്ന് മാറിയിട്ടായിരുന്നു, ഒരു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പൊള്ളലേറ്റിരുന്നുമില്ല. പക്ഷേ വെടിയേറ്റ് തലച്ചോർ തകർന്നിരുന്നു. ബാക്കി മൂന്നുപേരും തലയ്ക്ക് വെടിയേറ്റ് തന്നെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഒരു തെളിവ് പോലും ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കടയുടെ പിന്നിലുള്ള വാതിൽ അടച്ചിരുന്നില്ല. അതിലൂടെയാവാം പ്രതി പുറത്തേക്കുപോയതെന്ന് അവർ വിലയിരുത്തി. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ്, തീയിട്ടതാണെന്നും മനസ്സിലായി. പെൺകുട്ടികൾ പീഡനത്തിരയായിരുന്നുവെന്നും കണ്ടെത്തി.
ആരാണ് കൊലചെയ്യപ്പെട്ടതെന്ന അന്വേഷണം എത്തിച്ചത് നാലു കൗമാരക്കാരികളിലാണ്. 13 വയസ്സുള്ള എമി, 17 വയസ്സുകാരായ എലിസ, ജെന്നിഫർ, സഹോദരി 15 വയസ്സുള്ള സാറ എന്നിവരാണത്. ജെന്നിഫറും എലിസയും യോഗർട്ട് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. സാറയും എമിയും കടയടയ്ക്കുന്നതിന് കുറച്ചുമുമ്പാണ് അവിടേക്ക് വന്നത്. 11 മണിക്ക് കടയടച്ചശേഷം, ഒരുമിച്ച് വീട്ടിലേക്ക് പോകാമെന്ന് കരുതിയാണ് അവർ അവിടെത്തിയത്.
ഈ കൊലപാതകം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ആളുകളുടെ സുരക്ഷിതത്വബോധത്തെ വരെ ഈ അരുംകൊല ചോദ്യം ചെയ്തു. സംഭവത്തിനുശേഷം ഒട്ടേറെ പേരെ ചോദ്യം ചെയ്തു. കട അടയ്ക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് ഒരാൾ വളരെ ധൃതിയിൽ എത്തിയിരുന്നുവെന്ന് പിന്നീട് ദൃക്‌സാക്ഷികൾ പറഞ്ഞു. സാധനം വാങ്ങാനുള്ള ക്യൂവിൽ അയാൾ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ കടയുടെ പിന്നിലുള്ള ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന ആവശ്യവുമായി അയാൾ പെൺകുട്ടികളുടെ അരികിലേക്ക് പോയി. അവരത് സമ്മതിക്കുകയും ചെയ്തു. അയാൾ കുറേയേറെ സമയമെടുത്താണ് തിരിച്ചുവന്നത്.
11 മണിയായപ്പോൾ കടയിൽനിന്നിറങ്ങിയ രണ്ടുപേർ, കടയിൽ വേറെ രണ്ടുപേരെ കണ്ടിരുന്നുവത്രേ. വളരെ വിചിത്രമായ രീതിയിലായിരുന്നു ആ ആളുകളുടെ പെരുമാറ്റമെന്നും അവർ പറഞ്ഞു. അതിനുപിന്നാലെ പെൺകുട്ടികൾ കടയടയ്ക്കുകയും ചെയ്തു. ഈ രണ്ടുപേരോ ആദ്യം വന്നയാളോ ആയിരിക്കാം കൊലനടത്തിയതെന്നായിരുന്നു ആദ്യത്തെ അനുമാനം.
എന്നിട്ടും കുറ്റവാളിയെ കണ്ടെത്താൻ കഴിഞ്ഞതേയില്ല. തങ്ങളാണ് കുറ്റംചെയ്തതെന്ന് പലരും ആദ്യം മുന്നോട്ടുവന്നു. എന്നാൽ, അന്വേഷണത്തിൽ അത് കള്ളമാണെന്ന് തെളിഞ്ഞു. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് പ്രതിഫലം നൽകുമെന്ന് വരെ വാർത്തകൊടുത്തു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ആളുകൾ പ്രക്ഷോഭം തുടങ്ങി. അതിനെതിരെ അവർ റാലിയും മറ്റും നടത്തി.
ഒടുവിൽ പോലീസിന്റെ അന്വേഷണമെത്തിയത് ഒരു 15-കാരനിലായിരുന്നു. ഒരു ഷോപ്പിങ് മാളിൽവെച്ച് അവനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുമ്പോൾ, അവന്റെ കൈയിൽ ഒരു തോക്കുമുണ്ടായിരുന്നു. കൊലപാതകത്തിനുപയോഗിച്ച തോക്കിനോട് സാമ്യമുള്ളതായിരുന്നുവത്. അവനെ ചോദ്യം ചെയ്തപ്പോൾ പോലീസ് എത്തിനിന്നത് അവന്റെ മൂന്നു കൂട്ടുകാരിലാണ്. പക്ഷേ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ അവരെ കേസിൽനിന്ന് ഒഴിവാക്കി.
കേസന്വേഷണം എവിടെയും എത്തായാതോടെ പുതിയ സംഘത്തെ കേസ് ഏൽപിച്ചു. പഴയ ആൺകുട്ടികളിൽ തന്നെയാണ് പുതിയ സംഘത്തിന്റെ അന്വേഷണവും എത്തിനിന്നത്. 1999-ൽ മൂന്നുപേർ കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാൽ, കേസ് കോടതിയിലെത്തിയപ്പോൾ അവർ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലനടത്തിയ രീതി, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത് എന്നിവയെല്ലാം കണക്കിലെടുത്താണ് അവരല്ല കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്.
ഒരു മുതിർന്നയാൾക്ക് മാത്രമേ ഇത്രമാത്രം ആസൂത്രിതമായ രീതിയിൽ കൊലനടത്താൻ പറ്റൂവെന്ന് കോടതി നിരീക്ഷിച്ചു. അതിനൊപ്പം പെൺകുട്ടികളുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയ സ്രവത്തിന്റെ ഡി.എൻ.എ പരിശോധനയും ആൺകുട്ടികൾക്ക് അനുകൂലമായിരുന്നു. അവരുടെ ഡി.എൻ.എ.യുമായി യോജിച്ചുപോവുന്നതായിരുന്നില്ല, നേരത്തെ മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. അതോടെ അവരെ വിട്ടയച്ചു. ഇവരും കുറ്റക്കാരല്ലെന്ന് തെളിഞ്ഞതോടെ അന്വേഷണവും ഏകദേശം വഴിമുട്ടി. എന്നെങ്കിലുമൊരിക്കൽ കുറ്റവാളികളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആ പെൺകുട്ടികളുടെ കുടുംബം ഇന്നും കഴിയുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: hbo's `the yogurt shop murders` revisits the chilling 1991 austin case of four teenage girls found murdered
Published: 04 Aug 2025, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented