മുസ്സോറിയിലെ ഒരു ആഢംബര ഹോട്ടലായിരുന്നു സാവോയ്. 1820-കളില്‍ ഐറിഷ് വംശജനായ ഒരു ബാരിസ്റ്റര്‍ നിര്‍മിച്ചതാണീ ഹോട്ടല്‍. പ്രശസ്തരും സമ്പന്നരും മാത്രമായിരുന്നു അവിടെ അധികവും താമസിച്ചിരുന്നത്. 1911-ല്‍ ഹോട്ടലില്‍ രണ്ടു സ്ത്രീകള്‍ താമസിക്കാനെത്തി. ഫ്രാന്‍സസ് ഗാര്‍നെറ്റ് അര്‍മെ എന്ന 49-കാരിയും ഇവ മൗണ്ട് സ്റ്റീഫന്‍സ് എന്ന 36-കാരിയും. 

To advertise here,

ലക്‌നൗവിലായിരുന്നു ഇവ താമസിച്ചിരുന്നത്. ആത്മീയതയിലും ക്രിസ്റ്റല്‍ ഗേസിങ്ങിലും (ക്രിസ്റ്റല്‍ ബോളിലൂടെ നോക്കി ഭാവി പ്രവചിക്കുന്നത്)അതീവതാത്പര്യമുള്ളയാള്‍. ഗാര്‍നെറ്റാണെങ്കില്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ പലയിടങ്ങളില്‍ ഒറ്റപ്പെട്ട് ജീവിച്ചുവരികയായിരുന്നു. അവിചാരിതമായി കണ്ടുമുട്ടിയ അവര്‍ പിന്നീട് സുഹൃത്തുക്കളായി. ക്രിസ്റ്റല്‍ ഗേസിങ് പോലുള്ള നിഗൂഢവിദ്യകള്‍ ഇവ, ഗാര്‍നെറ്റിനെ പഠിപ്പിക്കുകയും ചെയ്തു. 

ഗാര്‍നെറ്റിന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് അവരെ നോക്കാനായി താനും കൂടെ നില്‍ക്കുന്നുവെന്നായിരുന്നു ഇവ ഹോട്ടല്‍ജീവനക്കാരോട് പറഞ്ഞിരുന്നത്. സാവോയില്‍ താമസംതുടങ്ങി മൂന്നാമത്തെ ദിവസം അതിരാവിലെ ഇവ ലക്‌നൗവിലേക്ക് തിരിച്ചുപോയി. ഗാര്‍നെറ്റിനെ കാണാതായപ്പോള്‍ ഹോട്ടല്‍ജീവനക്കാര്‍ ചെന്നുനോക്കി. അപ്പോഴാണ് മുറിയിലെ കിടക്കയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡ് അടങ്ങിയിട്ടുളള ഒരുതരം മാരകവിഷമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞു. സ്വാഭാവികമായും ഇവ കുറ്റാരോപിതയായി, അറസ്റ്റ് ചെയ്യപ്പെട്ടു. 

ഗാര്‍നെറ്റിന്റെ കൈയിലുള്ള ആഭരണങ്ങളും മറ്റ് കണക്കില്ലാത്ത സ്വത്തും തട്ടിയെടുക്കാന്‍വേണ്ടി അവരെ ഇവ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. അതുമാത്രമല്ല സുഹൃത്തിനോട് സംസാരിക്കുന്നതിനിടയില്‍ ഗാര്‍നെറ്റിന് ആറുമാസം കൂടിയേ ആയുസ്സുള്ളൂവെന്ന് ഇവ പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാലിത് ആത്മഹത്യയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു ബ്രിട്ടീഷ് ഓഫിസറുമായി ഗാര്‍നെറ്റ് പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിനുമുമ്പ് അയാള്‍ മരിച്ച വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും അവര്‍ പറഞ്ഞു. 

കേസെന്തായാലും പോലീസിനെ നന്നായി കുഴക്കി. ഇവ ലക്‌നൗവിലേക്ക് പോയശേഷമാണ് ഗാര്‍നെറ്റ് മരിച്ചതെന്ന് ഒരുവിഭാഗം പറഞ്ഞു. മാത്രമല്ല, മരിച്ചുകിടക്കുന്ന മുറി ഉള്ളില്‍നിന്ന് പൂട്ടിക്കിടക്കുകയുമായിരുന്നു. ഗാര്‍നെറ്റിന്റെ മരുന്നല്ലാതെ, വിഷത്തിന്റെ കുപ്പിയോ മറ്റോ മുറിയില്‍നിന്ന് കണ്ടെത്താനും കഴിഞ്ഞില്ല. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ഇവയെ കോടതി വിട്ടയച്ചു. 

ഇതില്‍ മറ്റൊരു വലിയ വഴിത്തിരിവുമുണ്ടായി. ഗാര്‍നെറ്റിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറും അതേ വിഷം ഉള്ളില്‍ച്ചെന്ന് മാസങ്ങള്‍ക്കുശേഷം മരണപ്പെട്ടു. ഇത് രണ്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഈ സംഭവം ലോകമൊട്ടാകെയുള്ള പത്രങ്ങളില്‍ വാര്‍ത്തയായി. 

ഈ സംഭവമാണ് അഗത ക്രിസ്റ്റിയുടെ ആദ്യനോവലിന് വിഷയമായതെന്ന് പറയപ്പെടുന്നു. ദ മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്റ്റൈല്‍സ് എന്ന ഡിറ്റക്ടീവ് നോവല്‍ 1916-ലാണ് എഴുതുന്നതെങ്കിലും പ്രസിദ്ധീകരിക്കുന്നത് 1920-ലാണ്. എമിലി ലെഗില്‍തോര്‍പ്പ് എന്ന സ്ത്രീയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് നോവല്‍ നീങ്ങുന്നത്. അനേകം ട്വിസ്റ്റുകള്‍ നിറഞ്ഞ കഥ. ഒട്ടേറെ സാമ്യങ്ങളുണ്ട് ഈ നോവലും സംഭവവും തമ്മില്‍. ഗാര്‍നെറ്റിനെ പോലെ തന്നെ അഗത ക്രിസ്റ്റിയുടെ നായികയും ധനികയാണ്. മാത്രമല്ല നോവലിലും മരിച്ചുകിടന്ന മുറി ഉള്ളില്‍നിന്ന് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.

സംഭവമെന്തായാലും ഗാര്‍നെറ്റിന്റെ മരണശേഷം ഹോട്ടലിലെ ലോബിയിലും മുറികളിലും അവരുടെ പ്രേതമുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നു. വാതിലില്‍ തുടര്‍ച്ചയായി ഇടിക്കുന്ന ശബ്ദത്തിനൊപ്പം വിചിത്രമായ ചില അലര്‍ച്ചകളും കേള്‍ക്കാറുണ്ടായിരുന്നുവത്രേ. മരിച്ച സ്ത്രീ അവരുടെ കൊലയാളിയെ അന്വേഷിച്ച് ഇറങ്ങുന്നതാണെന്ന് വ്യാഖ്യാനങ്ങളുണ്ടായി. അങ്ങനെ ആരും വരാതായി. പിന്നീട് വര്‍ഷങ്ങളോളം ഈ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 2009-ലാണ് ഹോട്ടല്‍ വീണ്ടും തുറന്നത്.