
പ്രതീകാത്മകചിത്രം
'ഞാനൊരു ഈച്ചയെപ്പോലും ഇന്നുവരെ ബലാല്‍സംഗം ചെയ്തിട്ടില്ല...' 'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയിലെ സാഗര്‍ കോട്ടപ്പുറത്തിന്റെ ഡയലോഗ് കേട്ടിട്ടില്ലേ. നായിക പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതികൊടുത്തപ്പോള്‍ സ്വന്തം നിരപരാധത്വം തെളിയിക്കാന്‍ സാഗര്‍ പറയുന്നതാണിത്. സിനിമയിറങ്ങിയ കാലത്ത് ഈ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ഇന്നത്തരം പ്രയോഗങ്ങള്‍ പൊളിറ്റിക്കലി കറക്ടല്ല എന്ന് നമുക്കറിയാം. എതാണ്ടതേ ടോണില്‍ മിക്കവരും പറയുന്ന മറ്റൊരു ഡയലോഗുണ്ട്. അതിതാണ്. ഞാനിന്നേവരെ ഒരു ക്രെഡിറ്റ് കാര്‍ഡ് പോലും എടുത്തിട്ടല്ല, എന്നിട്ടും എനിക്കിങ്ങനെ... സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദുര്‍ച്ചെലവാണ് എന്ന ആരോപണം നേരിടുന്നവരാണ് തനിക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടെന്ന് കാണിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലുമില്ലാത്തയാളാണ് പറഞ്ഞ് നിലവിളിക്കുന്നത്.
ഇന്ന് ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷകമായ ഓഫറുകളുമായി മെസേജുകള്‍ ഫോണിലേക്ക് വന്നു നിറയുകയാണ്. പലരും പേടികൊണ്ട് എടുക്കാതെ പ്രലേഭനത്തെയും വാഗ്ദാനത്തെയും അതിജീവിക്കുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളെ പേടിക്കുകയൊന്നും വേണ്ട. ജാഗ്രത കാണിച്ചാല്‍ മാത്രം മതി. ഒരു ക്രെഡിറ്റ് കാര്‍ഡും വില്ലനായി ജനിക്കുന്നില്ല. നിങ്ങളാണ് അതിനെ വില്ലനോ നായകനോ ആക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ക്രെഡിറ്റ് കാര്‍ഡിനെ ഹീറോയാക്കാം ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
പലരെയും പെട്ടെന്ന് ആകര്‍ഷിക്കുന്നത് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റാണ്. അതായത് 1000 രൂപയുടെ ഒരു പര്‍ച്ചേസ് നടത്തുമ്പോള്‍ ചിലപ്പോള്‍ 10 ഓ 100 ഓ റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ നമ്മുടെ അക്കൗണ്ടില്‍ അനുദിനം കൂടിക്കൊണ്ടിരിക്കും. ഇത്തരം റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് തത്തുല്യമായ വിലയുള്ള വസ്തുകള്‍ ഫ്രീയായി വാങ്ങാം. ഒരു കാര്‍ഡ് എടുക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റ് മുഖ്യലക്ഷ്യമാണെങ്കില്‍ ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കണം. നിങ്ങള്‍ സ്വന്തം വാഹനത്തില്‍ ധാരാളം സഞ്ചരിക്കുന്ന ആളാണെങ്കില്‍ ഇന്ധനം നിറയ്ക്കാന്‍ കാര്‍ഡ് ഉപയോഗിക്കാം. പക്ഷേ ഇന്ധനം നിറയ്ക്കുമ്പോള്‍ നല്ല രീതിയില്‍ റിവാര്‍ഡ് കിട്ടുന്നതരം കാര്‍ഡ് എടുത്തില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. അതുപോലെ പ്രതിമാസം അടയ്‌ക്കേണ്ട ബില്ലുകള്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ ഇത്തരം ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റ് നല്‍കുന്ന കാര്‍ഡുകള്‍ തന്നെ തിരഞ്ഞെടുക്കണം. നിങ്ങള്‍ വാങ്ങിയ കാര്‍ഡ് ഇന്ധനം നിറയ്ക്കുമ്പോള്‍ നന്നായി റിവാര്‍ഡ് നല്‍കുന്നതാണ്. പക്ഷേ നിങ്ങള്‍ക്ക് വാഹനമേ ഇല്ല എങ്കില്‍ എന്തുപ്രയോജനം. അതുകൊണ്ട് കാര്‍ഡ് വാങ്ങുമ്പോള്‍ ഏതിനൊക്കെയാണ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതെന്ന കാര്യം നോക്കി മനസിലാക്കുക.
കടമായി സാധനങ്ങള്‍ വാങ്ങി കൃത്യമായി തിരിച്ചടയ്ക്കാന്‍ ശേഷി ഉള്ള ആളാണോ നിങ്ങള്‍. അതോ കയ്യില്‍ പണമില്ലാത്തപ്പോളും സാധനങ്ങള്‍ വാങ്ങണം. കയ്യില്‍ പണമുണ്ടാകുന്നതെപ്പോഴാണോ അപ്പോള്‍ തിരിച്ചടയ്ക്കും. അതുവരെ പലിശ കൊടുക്കേണ്ടിവന്നാലും കുഴപ്പമില്ല. ഇത്തരത്തില്‍ പെട്ട ആളാണോ നിങ്ങള്‍. രണ്ടുവിഭാഗത്തിലും പെട്ട ആളുകള്‍ കാര്‍ഡ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലിശയും ഫീസും കൂടുതലും കുറച്ചും ഈടാക്കുന്ന കാര്‍ഡുകളുണ്ട്. പലിശ കൂടുതല്‍ ഈടാക്കുന്ന കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് കുറവായിരിക്കും. എന്നാല്‍ പലിശ കുറവ് ഈടാക്കുന്ന കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് കൂടുതലായിരിക്കും. ആദ്യ വിഭാഗത്തില്‍ പെട്ട ആളുകള്‍ പലിശ കൂടിയ, വാര്‍ഷിക ഫീസ് കുറഞ്ഞ കാര്‍ഡുകളാണ് ഉചിതം. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് പലിശ കുറഞ്ഞ, വാര്‍ഷിക ഫീസ് കൂടിയ കാര്‍ഡുകളാണ് ഉചിതം.
അത്യാവശ്യസമയത്ത് എടിഎം വഴി പണം പിന്‍വലിക്കാന്‍ വേണ്ടി കാര്‍ഡ് വാങ്ങാനുദ്ദേശിക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഇത്തരം ഫീസുകള്‍ കുറഞ്ഞ കാര്‍ഡ് വേണം വാങ്ങേണ്ടത്. കാരണം ധാരാളം റിവാര്‍ഡ് പോയിന്റുകളും ഷോപ്പിങ് ഓഫറുകളും നല്‍കുന്ന കാര്‍ഡുകള്‍ പണം പിന്‍വലിക്കാനുള്ള സൗകര്യത്തിനു ഉയര്‍ന്ന ചാര്‍ജ് ഈടാക്കും. നിങ്ങള്‍ കാര്യമായി ഷോപ്പിങ് നടത്താത്തതുകൊണ്ട് അത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും നിങ്ങള്‍ക്ക് ലഭിക്കുകയുമില്ല. അത്യാവശ്യത്തിനു പണം പിന്‍വലിച്ചാല്‍ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുകയും ചെയ്യും.
നിങ്ങള്‍ ഇപ്പോള്‍ ഒട്ടുമിക്ക ഇടപാടുകളും ഓണ്‍ലൈനായി ചെയ്യുന്ന ആളാണോ. അതായത് ഫോണ്‍ ബില്ല്, ഡിടിഎച്ച് ബില്ല്, ഇലക്ട്രിസിറ്റി ബില്ല്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയൊക്കെ എടിഎം കം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കുകയാണോ? എങ്കില്‍ നിങ്ങള്‍ അത്യാവശ്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കുക. ഇതെല്ലാം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റ് ലഭിക്കും. അതായത് ഒരു മാസം ഏകേദശം 15,000 രൂപയുടെ ഇടപാടു നടത്തിയാല്‍ 500 മുതല്‍ 1000 രൂപയുടെ വരെ റിവാര്‍ഡ് ലഭിക്കാം. ഒരു വര്‍ഷമാകുമ്പോള്‍ 6000 മുതല്‍ 12000 വരെ റിവാര്‍ഡ് പോയിന്റു ലഭിക്കാം.
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് ഓട്ടോ ഡെബിറ്റ് വഴി ആക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അതായത് എല്ലാ മാസവും ഒരു നിശ്ചിത തിയതിയില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം എടുക്കുന്ന രീതി. ഒരു മാസം പേയ്‌മെന്റ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ മിനിമം പേയ്‌മെന്റ് സൗകര്യം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.(ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയുടെ ഒരു നിശ്ചിത ശതമാനം മാത്രം തല്‍ക്കാലം അടച്ച് ബാക്കി തുക അടുത്ത മാസത്തേക്ക് മാറ്റുന്ന സൗകര്യമാണ് മിനിമം പേയ്‌മെന്റ് സൗകര്യം.) ബില്ല് നിങ്ങളുടെ അക്കൗണ്ടില്‍ വന്ന് മടങ്ങും. ചെക്ക് മടങ്ങിയതിന്റെ ചാര്‍ജ്, ലേറ്റ് പേയ്‌മെന്റ് ഫീ തുടങ്ങി നിരവധി ചാര്‍ജുകള്‍ അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ മേല്‍ ചുമത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to use credit cards wisely. Avoid pitfalls & maximize rewards. Smart tips for managing your finances.
Published: 05 Jul 2025, 10:57 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented