സ്വീഡനിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് കിരുന പള്ളി. ഈ പള്ളി ഇക്കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് ഒരു പ്രത്യേകകാരണത്താലാണ്. പള്ളി പൊക്കിയെടുത്ത് അഞ്ചുകിലോമീറ്റർ ദൂരത്തേക്ക് മാറ്റിസ്ഥാപിച്ചു. 220 ചക്രങ്ങളുള്ള ട്രെയിലറാണ് പള്ളി കൊണ്ടുപോകുന്നതിനായി തയ്യാറാക്കിയത്. രണ്ടുദിവസം കൊണ്ടാണ് പള്ളി അത്രയും ദൂരത്തേക്ക് മാറ്റിയത്.

മരംകൊണ്ട് നിർമിച്ച സ്വീഡനിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണിത്. 1909-നും 1912-നുമിടയിലാണ് പള്ളി പണികഴിപ്പിച്ചത്. ഗോഥിക് ശൈലിയിലാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.

2001-ൽ സ്വീഡനിലെ ഏറ്റവും ജനപ്രിയകെട്ടിടമായി, വോട്ടെടുപ്പിലൂടെ ആളുകൾ തിരഞ്ഞെടുത്തത് ഈ പള്ളിയെയാണ്. 672 ടണ്ണാണ് ഈ പള്ളിയുടെ ഭാരം.

കിരുന ഖനി വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ്, പള്ളി വേറെ സ്ഥലത്തേക്ക് നീക്കേണ്ടിവന്നത്. എട്ടുവർഷത്തെ കൃത്യമായ പ്ലാനിങ്ങിനുശേഷമാണ് പള്ളി നീക്കാൻ തുടങ്ങിയത്. അതിന്റെ മുന്നോടിയായി ഒരുവർഷം മുമ്പ് പള്ളി അടച്ചിടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അവസാനം, 30 മീറ്ററോളം പള്ളി നീക്കിയിരുന്നു.

അതിനുശേഷമാണ് പൂർണമായും നീക്കാനുള്ള ശ്രമം തുടങ്ങിയത്. പള്ളിയുടെ ഈ യാത്ര സ്വീഡനിലെ ദേശീയചാനൽ തത്സമയം സംപ്രേഷണം ചെയ്തു. 10,000-ത്തിലേറെ ആളുകളാണ് ഇതുകാണാനായി വഴിയരികിൽ കാത്തുനിന്നത്. ഓരോ മണിക്കൂറിലും അര കിലോമീറ്റർ എന്ന രീതിയിലായിരുന്നു പള്ളിയുടെ യാത്ര. അതിനടുത്തായുള്ള ബെൽ ടവർ, അടുത്ത ആഴ്ചയോടെ മാറ്റും. പുതിയ സ്ഥലത്തേക്ക് മാറ്റിയ പള്ളി, ഈ വർഷം അവസാനത്തോടുകൂടി തുറക്കുമെന്നാണ് പറയപ്പെടുന്നത്.

ഖനി വികസനത്തിന്റെ ഭാഗമായി നഗരത്തിലെ കെട്ടിടങ്ങളും വീടുകളുമെല്ലാം മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. 2010-ത്തോടെ പല കെട്ടിടങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ചിലതൊക്കെ തകർത്തുകളയുകയും ചെയ്തു. 2035 ആവുമ്പോഴേക്കേ ബാക്കിയുള്ള കെട്ടിടങ്ങളും മറ്റും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന പ്രക്രിയ പൂർണമാവുകയുള്ളൂ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi