ഇന്ത്യയിലെ സാഹിത്യ, സിനിമ, രാഷ്ട്രീയരംഗങ്ങളിൽ ഏറെ പ്രാധാന്യമുള്ളവരാണ് ബച്ചൻ കുടുംബം. സാഹിത്യകാരനായ ഹരിവംശ് റായ് ബച്ചനിൽ തുടങ്ങി, പല മേഖലകളിൽ കഴിവു തെളിയിച്ചവരാണ് കുടുംബത്തിലെ ഓരോ അംഗങ്ങളും. എന്നാൽ, കുടുംബത്തിനകത്തെ ചില ചിട്ടവട്ടങ്ങളും നിയമങ്ങളും സ്ത്രീകളെ നിയന്ത്രിച്ചുനിർത്തുന്നതും കൂടിയായിരുന്നു.

To advertise here,

അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷം ജയാ ബച്ചൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഹരിവംശ് റായ് ബച്ചൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവത്രേ. "ഈ വീട്ടിൽ പുരുഷന്മാരാണ് സമ്പാദിക്കുന്നത്" എന്നും അതിനാൽ പുതുതായി വിവാഹം കഴിച്ചെത്തിയ മരുമകൾ ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും ബച്ചൻ പറയുകയും ചെയ്തു. വിവാഹത്തിന് തൊട്ടുപിന്നാലെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ജയാ ബച്ചൻ പോയതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ഇത്. അക്കാലത്ത് സ്ത്രീകളുടെ കരിയറിനോട് പൊതുവേയുള്ള മനോഭാവം ഇങ്ങനെയൊക്കെയായിരുന്നു.

ആധുനിക സാഹിത്യ പ്രസ്ഥാനങ്ങളെയും പുരോഗമനപരമായ രാഷ്ട്രീയ ചിന്തകളെയും സ്വീകരിച്ചപ്പോഴും മരുമകളുടെ ഉത്തരവാദിത്തങ്ങൾ പോലുള്ള ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ യാഥാസ്ഥിതികമായിരുന്നു.

വീട്ടിൽ ഇതിനകം തന്നെ "സമ്പാദിക്കുന്ന അംഗങ്ങൾ" ആവശ്യത്തിനുണ്ടെന്നും, ഒരു യുവ വധുവിന്റെ മുൻഗണന കുടുംബത്തിനായിരിക്കണമെന്നുമായിരുന്നു ഹരിവംശറായിയുടെ പക്ഷം. 

1973-ൽ വിവാഹിതയാകുമ്പോൾ, ജയാ ഭാദുരി അവരുടെ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. 'ഗുഡ്ഡി', 'ഉപഹാർ', 'അഭിമാൻ' തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൾ വലിയ നിരൂപക പ്രശംസ നേടി. അന്ന് വളർന്നുവരുന്ന താരമായിരുന്ന അമിതാഭ് ബച്ചനുമായുള്ള വിവാഹത്തോടെ അവരുടെ ജീവിതം മാറി.

ഹരിവംശ് റായുടെ എതിർപ്പുമാത്രമല്ല, ജയയുടെ കരിയർ തീരുമാനങ്ങളെ സ്വാധീനിച്ചത്. മാതൃത്വം, അമിതാഭിന്റെ അതിവേഗത്തിലുള്ള വളർച്ച, ഒരു പ്രമുഖ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം സിനിമയിൽ നിന്ന് അവർ ക്രമേണ പിൻവാങ്ങുന്നതിന് കാരണമായി. തിരഞ്ഞെടുക്കുന്ന സിനിമകളിൽ മാത്രം അഭിനയം തുടർന്നു. 

ബച്ചൻ കുടുംബം പിന്നീട് കാലത്തിനനുസരിച്ച് മാറി. ജയാ ബച്ചൻ സിനിമയിലേക്ക് മടങ്ങിവന്നു. 'ഹസാർ ചൗരാസി കി മാ', 'കഭി ഖുഷി കഭി ഗം' തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തു. പിന്നീട് ശ്രദ്ധേയമായ ഒരു രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi