ചലച്ചിത്ര സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുമായുള്ള കടുത്ത ഭിന്നതയെക്കുറിച്ച് മൗനം വെടിഞ്ഞ് സംഗീതസംവിധായകന്‍ ഇസ്മായില്‍ ദര്‍ബാര്‍. ബന്‍സാലിയെ 'ഈഗോയിസ്റ്റ്' എന്നു വിശേഷിപ്പിച്ച ദര്‍ബാര്‍ 100 കോടി രൂപ വാഗ്ദാനം ചെയ്താലും ബന്‍സാലിയോടൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിക്കി ലല്‍വാനിയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് ബന്‍സാലിക്കൊപ്പമുള്ള അനുഭവത്തെപ്പറ്റി ദര്‍ബാര്‍ സംസാരിച്ചത്.

'ഹം ദില്‍ ദേ ചുകേ സനം' എന്ന ചിത്രത്തില്‍ അദ്ദേഹം ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാര്‍' സീരീസിന്റെ 'നട്ടെല്ല്' ദര്‍ബാറിന്റെ സംഗീതമാണെന്ന് ഒരു ലേഖനത്തില്‍ പ്രശംസിച്ചതോടെയാണ് അവര്‍ക്കിടയിലെ തൊഴില്‍പരമായ ബന്ധത്തില്‍ മാറ്റങ്ങള്‍ വന്നത്. റിപ്പോര്‍ട്ടില്‍ താരനിരയെ അംഗീകരിച്ചിരുന്നുവെങ്കിലും, ഷോയുടെ ഏറ്റവും ശക്തമായ ഘടകമായി സംഗീതത്തെയാണ് എടുത്തു കാണിച്ചത്. ഇത് വായിച്ചതിനു ശേഷം, ദര്‍ബാര്‍ മനഃപൂര്‍വം കൊടുത്ത വാര്‍ത്തയാണിതെന്ന് ബന്‍സാലി വിശ്വസിച്ചതായും ഇത് അവര്‍ക്കിടയില്‍ ഒരു വിള്ളലുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഞാന്‍ പറഞ്ഞു, 'നോക്കൂ, എനിക്ക് വാര്‍ത്ത പുറത്തുവിടണമെന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഭയപ്പെടില്ല; ഞാന്‍ തന്നെയാണ് അത് പറഞ്ഞതെന്ന് ഞാന്‍ തുറന്നു പറയും' ആ വ്യക്തി ആരാണെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ അദ്ദേഹം ആ വാര്‍ത്ത പുറത്തുവിട്ടു, സഞ്ജയ് അതറിഞ്ഞു. അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ചോദിച്ചു.

'ഇസ്മായില്‍, നിങ്ങള്‍ക്ക് അങ്ങനെയെങ്ങനെ പറയാന്‍ കഴിഞ്ഞു?' അതിനുശേഷം അദ്ദേഹം പറഞ്ഞു, 'ശരി, അത് വിട്ടേക്കൂ.' അങ്ങനെ പറഞ്ഞതിനർഥം താമസിയാതെ ഹീരാമണ്ഡിയില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകുന്ന ഒരു സാഹചര്യത്തില്‍ എന്നെ എത്തിക്കുമെന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് സംഭവിക്കുന്നതിന് മുന്‍പ് ഞാന്‍ അവിടുന്ന് പോയി.' ദര്‍ബാര്‍ പറഞ്ഞു.

'ഗുസാരിഷ്' എന്ന ചിത്രത്തില്‍ ബന്‍സാലിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, 'ഹം ദില്‍ ദേ ചുകേ സന'മിന്റെ സമയത്തുണ്ടായ തര്‍ക്കങ്ങള്‍ 'ദേവദാസി'ന്റെ സമയമായപ്പോഴേക്കും വഷളായിരുന്നതിനാൽ അതു നടന്നില്ല. മാത്രമല്ല, ദര്‍ബാറിന്റെ അഭിമുഖങ്ങള്‍ എടുക്കരുതെന്ന് ബന്‍സാലി പിആര്‍ ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്നത്തെ നിലയില്‍ താനും ബന്‍സാലിയും തമ്മില്‍ നൂറുശതമാനം ഭിന്നതയിലാണ്. 'ഇന്ന് സഞ്ജയ് എന്റെയടുത്ത് വന്ന് 'എന്റെ സിനിമയ്ക്ക് സംഗീതം ചെയ്യൂ, ഞാന്‍ 100 കോടി രൂപ തരാം' എന്ന് പറഞ്ഞാല്‍, ഞാന്‍ അദ്ദേഹത്തോട് പറയും, 'ദയവായി ഇപ്പോള്‍ തന്നെ ഇവിടുന്ന് പോകൂ' എന്ന്.' അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi