കയ്യില്‍ കുറച്ച് പണം വന്നാല്‍ അത് എന്തുചെയ്യണമെന്ന സംശയമാണ് മിക്കവര്‍ക്കും. എന്നാല്‍ ഇങ്ങനെയുള്ള വരുമാനത്തെ ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചാല്‍ സ്ത്രീകള്‍ക്കും അതില്‍ നിന്ന് സ്ഥിരമായി മാസവരുമാനം നേടാം. അത്തരം ചില സ്‌കീമുകളെ ഇത്തവണത്തെ പരിചയപ്പെടുത്താം.

1. സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാന്‍

മ്യൂച്വല്‍ ഫണ്ടുകളും യുലിപ് ഇന്‍ഷുറന്‍സ് പോളിസികളും നല്‍കുന്ന ഒരു ഓപ്ഷനാണ് ഇത്. ഇത്തരം നിക്ഷേപത്തില്‍ നിന്ന് ഒരു തുക മാസം തോറും വരുമാനം പോലെ പിന്‍വലിക്കാവുന്ന മാര്‍ഗമാണിത്. നിങ്ങളുടെ നിക്ഷേപം വളരും തോറും അതില്‍ നിന്ന് ഒരു തുക മാസവരുമാനമായി തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കും.
 
2. മ്യൂച്വല്‍ ഫണ്ട് മന്ത്‌ലി ഇന്‍കം പ്ലാന്‍

എം.ഐ.പി. എന്നറിയപ്പെടുന്ന ഈ സ്‌കീമിലെ നിക്ഷേപത്തില്‍ നിന്ന് എല്ലാമാസവും വരുമാനമായി ഒരു തുക ലഭിച്ചുകൊണ്ടിരിക്കും. ഓഹരികളിലും കടപ്പത്രങ്ങളിലും നിങ്ങളുടെ നിക്ഷേപതുക നിക്ഷേപിച്ചുകൊണ്ടാണ് ഫണ്ട് ലാഭമുണ്ടാക്കുന്നത്.

3. സീനിയര്‍ സിറ്റിസണ്‍സ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്

ഒരു തുക മൊത്തമായി ഈ സ്‌കീമില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന കാലയളവ് തിരഞ്ഞെടുക്കുക. ഈ സ്‌കീമില്‍ സാധാരണ പലിശ നിരക്കിനേക്കാള്‍ അരശതമാനം കൂടുതല്‍ സീനിയര്‍ സിറ്റിസണ് ലഭിക്കും. ഓട്ടോ റിന്യൂവല്‍ നല്‍കുക. കാലവധി പൂര്‍ത്തിയാകുമ്പോള്‍ തനിയെ പുതുക്കിക്കൊള്ളും. പലിശ പ്രതിമാസമോ ത്രൈമാസമോ ആര്‍ധ വാര്‍ഷികമോ വാര്‍ഷികമോ ആയി നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

4. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം

ആയിരം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപവരെയും അഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്. കാലാവധി പൂര്‍ത്തിയായാല്‍ മൂന്നുവര്‍ഷത്തേക്ക് കൂടി നീട്ടാം. നിക്ഷേപിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ആവശ്യമെങ്കില്‍ പണം മുഴുവന്‍ പിന്‍വലിച്ചെടുക്കുകയുമാകാം. ഇപ്പോള്‍ 8.2 ശതമാനമാണ് പലിശ നിരക്ക്. പലിശ വരുമാനം മൂന്നുമാസം കൂടുമ്പോള്‍ പിന്‍വലിക്കാം.

5. പോസ്റ്റോഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം രൂപവരെയും  ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപവരെയും നിക്ഷേപിക്കാം. അഞ്ച് വര്‍ഷമാണ് കാലാവധി. എല്ലാ മാസവും പലിശ പിന്‍വലിക്കാം. നിക്ഷേപത്തിനോ ലഭിക്കുന്ന പലിശയ്‌ക്കോ ആദായ നികുതി ഇളവില്ല. പക്ഷേ പലിശയ്ക്ക് റ്റിഡിഎസ് പിടിക്കില്ല.  ഇപ്പോഴത്തെ പലിശ നിരക്ക് 7.4 ശതമാനമാണ്. നിക്ഷേപിച്ച് ഒരു വര്‍ഷം കഴിഞ്ഞ് പെനാല്‍റ്റിക്ക് വിധേയമായി പണം മുഴവന്‍ പിന്‍വലിക്കാം.  

6. ആര്‍.ബി.ഐ. ഫ്‌ളോട്ടിങ് റേറ്റ് സേവിംഗ്‌സ് ബോണ്ട്

ആയിരം രൂപമുതല്‍ എത്ര രൂപവരെയും ഇതില്‍ നിക്ഷേപിക്കാം. ഏഴു വര്‍ഷമാണ് നിക്ഷേപ കാലാവധി. പലിശ ആറുമാസം കൂടുമ്പോള്‍ ലഭിക്കും. ജനുവരി 1 നും ജൂലൈ 1 നും ആയിരിക്കും പലിശ ലഭിക്കുക. ബോണ്ടിന്റെ പലിശ നിരക്ക് മാറിക്കൊണ്ടിരിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ(എന്‍.എസ്.സി) പലിശ നിരക്കിനേക്കാള്‍ 0.35 ശതമാനം കൂടുതലായിരിക്കും എപ്പോഴും ആര്‍.ബി.ഐ. ബോണ്ടിന്റെ പലിശ. ഇപ്പോള്‍ 8.05 ശതമാനം പലിശ ലഭിക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും എന്‍.എസ്.സിയുടെ പലിശ പരിഷ്‌കരിക്കുമെങ്കിലും ആറുമാസം കൂടമ്പോള്‍ മാത്രമേ ആര്‍.ബി.ഐ. ബോണ്ട് പലിശ നിരക്കില്‍ മാറ്റം ഉണ്ടാകൂ.

7. യുലിപ് മംന്ത്‌ലി ഇന്‍കം പ്ലാന്‍

ഇതില്‍ നിക്ഷേപിക്കുന്ന തുക ഓഹരി, കടപ്പത്രങ്ങള്‍ എന്നിവയില്‍ തനിച്ച് മാത്രമായോ രണ്ടിലും കൂടിയോ വിനിയോഗിക്കാവുന്ന ഓപ്ഷന്‍സ് നിക്ഷേപകന് തിരഞ്ഞെടുക്കാം. അഞ്ച് വര്‍ഷമാണ് ചുരുങ്ങിയ നിക്ഷേപ കാലവധി. ഇതില്‍ നിന്നുള്ള ലാഭം പ്രതിമാസം ലഭിക്കാവുന്ന മാര്‍ഗവും ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാം.

8. ഇന്‍ഷുറന്‍സ് പെന്‍ഷന്‍ സ്‌കീമുകള്‍

പോളിസി ഉടമ ഒരു നിശ്ചിതപ്രായം എത്തുമ്പോള്‍ മാസം തോറുമോ  വര്‍ഷംതോറുമോ ഒരു നിശ്ചിത തുക നിശ്ചിത സമയംവരെ
യോ മരണം വരെയോ സ്ഥിരമായി നല്‍കിക്കൊണ്ടിരിക്കുന്ന പോളിസികളാണ് പെന്‍ഷന്‍ പോളിസികള്‍. ഇതിനായി ഒരു നിശ്ചിത തുക ഒറ്റത്തവണ പ്രീമി യമായി നല്‍കി പോളിസിയില്‍ ചേരാം. അല്ലെങ്കില്‍ ഉടമ ഒരു നിശ്ചിതപ്രായം എത്തുന്നതുവരെ പ്രതിമാസമോ പ്രതിവര്‍ഷമോ പ്രീമിയം അടച്ചുകൊണ്ട് പോ ളിസിയില്‍ ചേരാം. ആ പ്രായം എത്തിയാല്‍ പിന്നെ പ്രീമിയം അടയ്‌ക്കേണ്ട. അന്നുമുതല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും . രണ്ടുതരം പെന്‍ഷന്‍ പോളിസികളാണ് ഉള്ളത് ഇമ്മീഡിയറ്റ് ആനുവിറ്റി പോളിസികളും ഡെഫേര്‍ഡ് അനുവിറ്റി പോളിസികളും. വിവിധതരത്തിലുള്ള പെന്‍ഷനുകളും ഉണ്ട്. വേരിയബിള്‍ അന്വിറ്റി, ഇമ്മീഡിയറ്റ് അന്വിറ്റി, ഫിക്‌സഡ് അന്വിറ്റി, ഫിക്‌സഡ് ഇന്‍ഡക്‌സ്ഡ് അനുവിറ്റി എന്നിവയാണവ. പോളിസി ഉടമയ്ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കുന്നവ, ഉടമ മരിച്ചാലും കുടംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവ, ഉടമ മരിച്ചശേഷം അടച്ച പ്രീമിയം മൊത്തമായി തിരികെ നല്‍കുന്നവ എന്നിങ്ങനെ സവിശേഷമായ പോളിസികളും ഉണ്ട്. മുന്‍കൂറായി നല്‍കിയിരിക്കുന്ന തുക അഥവ അടച്ചിരിക്കുന്ന പ്രീമിയത്തെ അടിസ്ഥാനമാക്കിയാണ് എത്ര തുക പെന്‍ഷന്‍ ലഭിക്കും എന്നു നിശ്ചയിക്കുന്നത്.

9. ഡിവിഡന്‍ഡ് ഇന്‍കം

നല്ല അടിസ്ഥാന സാമ്പത്തിക ഗുണവും ഉന്നത മൂല്യം പലുര്‍ത്തുന്ന മാനേജ്‌മെന്റുമുള്ള കമ്പനികള്‍ അവരുടെ ഓഹരി ഉടമകള്‍ക്ക് കൃത്യമായ ലാഭവിഹിതം അഥവ ഡിവിഡന്‍ഡ് നല്‍കുന്നവയാണ്. ഇത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപ നേട്ടത്തിനും മികച്ച ലാഭം ഡിവിഡന്‍ഡിലൂടെ ലഭിക്കുന്നതിനും സഹായിക്കും. ഓഹരി നിക്ഷപം നഷ്ട സാധ്യതയുള്ളതാണ് എന്ന വസ്തുതകൂടി കണക്കിലെടുത്തുവേണം ഈ മാര്‍ഗം തിരഞ്ഞെടുക്കേണ്ടത്.

10. ഇമ്മീഡിയറ്റ് ആനുവിറ്റി പോളിസികള്‍

പോളിസി വാങ്ങിയാല്‍ ഉടന്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങുന്ന പോളിസികളാണ് ഇത്. പെന്‍ഷന്‍ വേണ്ടത് ഏതു കാലയളവിലാണ് എന്ന് തീരുമാനിച്ചിരിക്കണം. പ്രതിമാസമാണോ മൂന്നുമാസം കൂടുമ്പോഴാ ണോ ആറുമാസം കൂടമ്പോഴാണോ അതോ ഒരു വര്‍ഷം കൂടുമ്പോഴാണോ എന്ന്. പോളിസി വാങ്ങി ഒരു പേയ്‌മെന്റ് പീരീഡ് കഴിഞ്ഞാലുടനെ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. ഉദാഹരണത്തിന് പെന്‍ഷന്‍ പ്രതിമാസം വേണം എന്നാണ് കരാറിലെങ്കില്‍ പോളിസി വാങ്ങി ഒരു മാസം കഴിഞ്ഞ് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. ആറുമാസത്തില്‍ ഒരിക്കലാണ് പെന്‍ഷന്‍ വേണ്ടതെന്നാണ് കരാറിലെങ്കില്‍ പോളിസി വാങ്ങി ആറുമാസം കഴിഞ്ഞ് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും .

11. ഡെഫേര്‍ഡ് ആന്വിറ്റി പോളിസികള്‍

ഇതുപ്രകാരം പോളിസിയില്‍ ചേര്‍ന്ന് നിശ്ചിത വര്‍ഷം കഴിഞ്ഞാണ് പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നത്. അതുവരെ പ്രീമിയം അടച്ചുകൊണ്ടിരിക്കാം . ഇത്തരത്തില്‍ അടയ്ക്കുന്ന പ്രീമിയം കൂടിച്ചേര്‍ന്ന് പെന്‍ഷന്‍ ആവശ്യമായ സമയം വലിയ ഒരു തുകയായിമാറിക്കഴിഞ്ഞിരിക്കും.

ഇരുവിഭാഗങ്ങളിലുമായി പരമ്പരാഗത, യുലിപ് പോളിസികള്‍ ഇന്ന് വിപണയില്‍ ലഭ്യമാണ്. നിങ്ങളുടെ പ്രായം, റിസ്‌ക് എന്നിവ അടിസ്ഥാനമാക്കി ഉചിതമായ പോളിസികള്‍ തിരഞ്ഞെടുക്കാം. സഹായത്തിന് ഇന്‍ഷുറന്‍സ് ഏജന്റിനെ സമീപിക്കാം. അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൂചനകള്‍ മനസിലാക്കാം.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, ഇമെയില്‍: jayakumarkk8@gmail.com)