മേടവെയില്‍ നെല്‍ക്കതിരുകളില്‍ കണിക്കൊന്നപ്പൂക്കള്‍ പോലെ പൊന്‍പതക്കം പതിക്കുന്ന വിഷുക്കാലം. തീപിടിച്ച ഏപ്രില്‍ വെയിലില്‍ നെല്‍പ്പാടങ്ങള്‍ക്കപ്പുറം തണലുറയുന്ന മരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നെങ്ങോ ഒരു പക്ഷിയുടെ മധുരഗാനം കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല.

പ്ലാവുകളില്‍ ചക്കവിളയുന്ന മാസം കൂടിയാണ് മേടം. മലയാളിയുടെ കുശിനിപ്പുരകളില്‍ ചക്കപ്പുഴുക്ക് വെന്തുടയുന്നതിന്റെ ഗന്ധമറിഞ്ഞിട്ടോയെന്തോ വിഷുപ്പക്ഷി പാട്ടുതുടരും. എന്തിലും ഏതിലും രുചിയെ കൊരുത്തുകെട്ടുന്ന മലയാളി ആ പാട്ടിനെ ഒരു ചോദ്യമാകും കേള്‍ക്കുക. 'ചക്കയ്ക്കുപ്പുണ്ടോ' എന്ന ചോദ്യം. 'കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട' എന്നൊരറിയിപ്പായാകും മറ്റു ചിലരതിനെ കേട്ടിട്ടുള്ളത്. 

എന്തായാലും പാട്ടുകേട്ട് പക്ഷിയെ തേടിപ്പാഞ്ഞ മലയാളിബാല്യങ്ങളും കുറവല്ല. പക്ഷേ, കഥകളിലെ ഗന്ധര്‍വന്മാരെപ്പോലെ പക്ഷി, ശബ്ദത്തിന്റെ മാറ്റൊലിയൊഴികെ മറ്റൊന്നും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞിട്ടുണ്ടാകും. നെല്‍വയലുകളും വരമ്പുകളും ഇടതൂര്‍ന്ന മരങ്ങളും കടന്ന് ഏതോ തണല്‍ക്കൂടാരത്തിന്റെ ചില്ലയില്‍ ഒളിച്ചുകളിക്ക് വീണ്ടും ബാല്യത്തെ പ്രേരിപ്പിക്കാന്‍ അതേ ചോദ്യത്തെ പാട്ടായി പരുവപ്പെടുത്തി പക്ഷി ഒളിച്ചിരിപ്പ് തുടരും. 

placeholder
ഇന്ത്യന്‍ കുക്കു / Wikipedia

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയിടങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. ഇന്ത്യന്‍ കുക്കു എന്നാണ് ഇംഗ്ലീഷ് പേര്. Cuculus microptersu എന്ന് ശാസ്ത്രീയനാമവും. മനുഷ്യര്‍ക്ക് മുമ്പില്‍ വെളിപ്പെടാന്‍ മടിയുള്ള അന്തര്‍മുഖരായാണ് ശാസ്ത്രലോകം പലപ്പോഴും ഈ പക്ഷിയെ വ്യാഖ്യാനിക്കാറുള്ളത്. പക്ഷേ, പക്ഷിയുടെ അന്തര്‍മുഖത്വം എല്ലാ കാര്യത്തിലുമില്ല. കാക്കയുടെയും കാക്കത്തമ്പുരാട്ടികളുടെയും കൂട്ടില്‍ ഒളിച്ചുകടന്ന് മുട്ടയിടുന്നവരാണ് ഇക്കൂട്ടര്‍. കൂട്ടിലെ മുട്ട കൊത്തിക്കുടിച്ച് തോട് എടുത്തുമാറ്റി പകരം തന്റെ മുട്ട അവിടെവെക്കും. 

ഉത്തരായനക്കിളി, കതിരുകാണാക്കിളി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഉയരമുള്ള മരങ്ങളുടെ തുഞ്ചത്തെ ചില്ലയില്‍ കയറിയിരുന്നാണ് പാട്ട്. ഇരുണ്ട ചാരനിറമുള്ള ഈ പക്ഷിയുടെ മാറില്‍ ഭസ്മക്കുറിപോലുള്ള അടയാളങ്ങള്‍ കാണാം. പുഴുക്കളും പ്രാണികളും പഴങ്ങളുമൊക്കെയാണ് ഭക്ഷണം.

വിഷുപ്പക്ഷിയുടെ പാട്ട് മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ ശബ്ദമാണ്. ആ ഗൃഹാതുരത്വത്തെ അടയാളപ്പെടുത്തി കവിതകളിലും സിനിമാഗാനങ്ങളിലും ഒട്ടേറെ വരികളില്‍ വിഷുപ്പക്ഷി ഇടംനേടിയിട്ടുണ്ട്. 
വിഷുപ്പക്ഷി വിളിക്കുന്നേ, വണ്ണാത്തിക്കിളി ചിലയ്ക്കുന്നേ...(മംഗല്യപ്പല്ലക്ക്), വിഷുപ്പക്ഷിയേതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തേ പാടി(മദനോത്സവം), വിഷുപ്പക്ഷി ചിലച്ചു, നാണിച്ചു ചിലച്ചു(ഇലഞ്ഞിപ്പൂക്കള്‍) തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.