ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ ഭക്ഷണത്തിനായി സ്ത്രീകള്‍ പട്ടാളക്കാരുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടിവരുന്നുവെന്ന് റിപ്പോര്‍ട്ട്. പട്ടാളക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക മാത്രമാണിവിടെ ഭക്ഷണം കിട്ടാനുള്ള വഴിയെന്ന് സുഡാനിലെ യുദ്ധമേഖലയില്‍ നിന്ന് രക്ഷപ്പെട്ടോടിയ സ്ത്രീകള്‍ പറയുന്നു. ഓംഡുര്‍മാന്‍ നഗരത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

നഗരത്തിലുടനീളം ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവെച്ചിരിക്കുന്ന ഫാക്ടറികളില്‍ വെച്ചാണ് തങ്ങള്‍ക്കുനേരെ ആക്രമണം നടന്നതെന്ന് ബ്രിട്ടിഷ് പത്രമായ ഗാര്‍ഡിയനോട് സംസാരിച്ച ഒരു സ്ത്രീ പറഞ്ഞു. 'എന്റെ മാതാപിതാക്കള്‍ രണ്ടുപേരും പ്രായമായവരും രോഗികളുമാണ്, എന്റെ മകളെ ഭക്ഷണത്തിനായി വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു, അതിനാല്‍ ഞാന്‍ പട്ടാളക്കാരുടെ അടുത്തേക്ക് പോയി, ഭക്ഷണം ലഭിക്കാനുള്ള ഏക മാര്‍ഗം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു, അവര്‍ ഫാക്ടറി മേഖലയില്‍ എല്ലായിടത്തും ഉണ്ടായിരുന്നു'-കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒരു ഇറച്ചി സംസ്‌കരണ ഫാക്ടറിയില്‍ വെച്ച് സൈനികരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയായ സ്ത്രീ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ നിന്നും ഭക്ഷണവും അടുക്കള സാധനങ്ങളും പെര്‍ഫ്യൂമുകളും എടുക്കാന്‍ ഒരു സൈനികന്‍ തന്നെ അനുവദിച്ചെന്നും പകരമായി അയാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും മറ്റൊരു വനിത വെളിപ്പെടുത്തി. 

പൂട്ടിക്കിടക്കുന്ന വീടിനു പുറത്ത് ഒരുപാട് സ്ത്രീകള്‍ വന്ന് വരിനില്‍ക്കുന്നത് കാണാനിടയായെന്നും പട്ടാളക്കാര്‍ വന്ന് ഓരോരുത്തരെയും കൂട്ടിക്കൊണ്ടുപോയെന്നും പ്രദേശവാസികള്‍ പറയുന്നു. ഉറക്കെയുള്ള നിലവിളികള്‍ ചില സമയങ്ങളില്‍ കേള്‍ക്കാം. പക്ഷേ, എന്തുചെയ്യാനാവുമെന്നും അവര്‍ ചോദിക്കുന്നു. അവരുടെ താത്പര്യത്തിന് നിന്നുകൊടുക്കാത്തതിന് തന്റെ രണ്ടു കാലുകളിലും പട്ടാളക്കാര്‍ പൊള്ളിച്ചുവെന്ന് മറ്റൊരു സ്ത്രീ തുറന്നുപറഞ്ഞു. 

രാജ്യത്ത് സര്‍ക്കാര്‍ സേനയും അര്‍ധസൈന്യവും തമ്മില്‍ ഏറെക്കാലമായി ഏറ്റുമുട്ടലിലാണ്. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഒരു കോടിയിലേറെപ്പേര്‍ക്ക് വീടുനഷ്ടമായി. രാജ്യം കൊടുംക്ഷാമത്തിന്റെ വക്കിലാണ്.