
'ഇത്രകാലം ഞാന്‍ കാത്തിരുന്നത് ഈ വിധിക്കുവേണ്ടി മാത്രമായിരുന്നു...' പത്തനംതിട്ട ആംബുലന്‍സ് പീഡനക്കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ച ശേഷം അതിജീവിതയുടെ വാക്കുകള്‍ ഇതായിരുന്നു. 2020 സെപ്റ്റംബര്‍ 5-ന് രാത്രിയില്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡനത്തിനിരയായത്. ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ കഴിഞ്ഞ നാലരവര്‍ഷമായി വിചാരണത്തടവിലായിരുന്നു. കോവിഡ്കാലത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരുപാട് വെല്ലുവിളികളുയര്‍ത്തിയ കേസായിരുന്നു ഇത്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ അനുകൂല വിധി വന്നെത്തുമ്പോള്‍ അതിജീവിതയുടെ വാക്കുകള്‍ ഓര്‍മപ്പെടുത്തുകയാണ് ഇനിയും തിരുത്തപ്പെടാന്‍ പലതും ഈ സമൂഹത്തില്‍ ബാക്കിയുണ്ടെന്ന്.
'നഷ്ടപ്പെട്ടുപോയത് എന്റെ ജീവിതത്തിലെ അഞ്ചുവര്‍ഷങ്ങളാണ്. അത് തിരികെ തരാന്‍ ലോകത്തൊന്നിനുമാകില്ലെങ്കിലും ഈ വിധി ആശ്വാസമാണ്. ആ സംഭവത്തിനുശേഷം സമൂഹവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത നിലയിലായിരുന്നു. നടന്നതൊന്നും അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ആകപ്പാടെ ഒരു മൂകത പൊതിഞ്ഞു. ഒരു തീരുമാനവും എടുക്കാനാവുന്നുണ്ടായിരുന്നില്ല. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെയായി ആ ദുരനുഭവത്തിന്റെ ചിന്തയില്‍ നിന്നും ഒരു നിമിഷംപോലും വിട്ടുനില്‍ക്കാനാവാത്തതിന്റെ ഗതികേട് ഞാനറിഞ്ഞു. വീട്ടുകാര്‍ക്ക് ഞാനൊരു ബാധ്യതയാവുന്നുണ്ടോ എന്ന തോന്നല്‍ മാനസികമായി തകര്‍ത്തു. മനസിന്റെ ആകുലതകള്‍ ശരീരത്തെയും തളര്‍ത്തി. ആരോഗ്യം നഷ്ടമായി. ചിരിക്കാന്‍പോലും കഴിയാതെയായി. മറ്റൊരാളുടെ തെറ്റിന് ഞാന്‍ പിഴയൊടുക്കേണ്ടതുപോലെയായിരുന്നു. സമൂഹം വല്ലാതെ അവഹേളിച്ചു. മുന്‍വിധിയും കുറ്റപ്പെടുത്തലുംകൊണ്ട് അവശേഷിച്ച ആത്മവിശ്വാസത്തെയും ചോര്‍ത്തിക്കളഞ്ഞു.
ഇത്തരം കേസുകളില്‍ ചെറുത്തുനില്‍ക്കുന്ന എല്ലാ പെണ്‍കുട്ടികളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. സമൂഹത്തിന് സ്ത്രീയെ എതിര്‍പക്ഷത്ത് നിര്‍ത്തി കഥകള്‍ മെനയാനാണ് എപ്പോഴും ഇഷ്ടം. അപവാദങ്ങള്‍ ഉള്‍പ്പെടെ കേള്‍ക്കാന്‍ പാടില്ലാത്തതൊക്കെ കേട്ടു. ആളുകളുടെ തുറിച്ചുനോട്ടത്തെയും പരിഹാസച്ചിരികളെയും അതിജീവിച്ചു. ഇതിനൊന്നും മറുപടി പറയുക എന്റെ ബാധ്യതയല്ലെന്ന തിരിച്ചറിവ് വൈകിയാണുണ്ടായത്. ആത്മഹത്യയെപ്പറ്റി ഇനി ചിന്തിക്കില്ലെന്നുറപ്പിച്ചു. അങ്ങനെയൊരു ആത്മബലം നേടിയെടുക്കാന്‍ മൂന്നുവര്‍ഷത്തോളം വേണ്ടിവന്നു. അവഗണനകളാണ് സത്യത്തില്‍ ബലമായത്. സുരക്ഷയൊരുക്കേണ്ട വ്യവസ്ഥിതിയുടെ വീഴ്ചയാണ് എന്നെ അതിക്രമത്തിന് ഇരയാക്കിയത്. ജോലി തരാമെന്നൊരു വാഗ്ദാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതേ സര്‍ക്കാര്‍ പിന്നെയത് മറന്നു.
എന്നെപ്പോലൊരു പെണ്‍കുട്ടിക്ക് ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ധാരാളമുണ്ടായി. തെറ്റ് എന്റെ ഭാഗത്തല്ല എന്ന കാര്യം ജീവിതം കൊണ്ട് തെളിയിക്കണം എന്നുണ്ടായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി, ഇര എന്നതൊന്നും എന്റെ പേരിനൊപ്പം ചേര്‍ക്കേണ്ട വിശേഷണങ്ങളാകരുതെന്നുണ്ടായിരുന്നു. പാര്‍ട് ടൈം ജോലി ചെയ്തും മറ്റും പഠനം തുടര്‍ന്നു. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് സുരക്ഷയേകാനുതകുന്ന വിഷയമാണ് തുടര്‍പഠനത്തിന് ഞാന്‍ തിരഞ്ഞടുത്തത്. മുന്നോട്ടു ജീവിക്കണം. കഴിഞ്ഞതൊക്കെയും മറക്കാന്‍ കഴിയണം...'' അവള്‍ പറയുന്നു.

തിരിച്ചറിവുപകര്‍ന്ന കേസ്
"2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഞാന്‍ പത്തനംതിട്ട ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസ്‌ക്യൂട്ടറുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടക്കുമ്പോള്‍ പന്തളം സി.ഐ ആയിരുന്ന എസ്.ശ്രീകുമാറുമായും അടൂര്‍ ഡിവൈഎസ്പിആയിരുന്ന ആര്‍. ബിനുവുമായും കേസിന്റെ നിയമവശങ്ങളെ പറ്റി ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാര്യക്ഷമമായ അന്വേഷണമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കോവിഡ് പടര്‍ന്നുപിടിക്കുന്നകാലമായിരുന്നു. സാക്ഷികളും ഇരയും ക്വാറന്റൈനില്‍ പോയി. പോലീസിന് അന്വേഷണം ദുര്‍ഘടമായി. ആ ഒരവസ്ഥയിലും 90 ദിവസത്തിനുള്ളില്‍ ചാര്‍ജ്ഷീറ്റ് കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചു. പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ധാരാളമുള്ള കേസായിരുന്നു. ആംബുലന്‍സില്‍ ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ ആ രാത്രി വാഹനം എവിടേക്കൊക്കെ സഞ്ചരിച്ചു എവിടെയൊക്കെ എത്രനേരം നിര്‍ത്തിയിട്ടു എന്നൊക്കെയുള്ള കാര്യങ്ങളില്‍ പോലീസിന് തെളിവ് കിട്ടി.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ കോടതിയില്‍ വന്നു. പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യാപേക്ഷ കോടതിയിലെത്തുമ്പോള്‍ ഇരയുടെ ഭാഗം കേള്‍ക്കണം എന്നൊരു നിബന്ധനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആ കുട്ടിയെ പോലീസ്, കോടതിയില്‍ എത്തിച്ചു. അടച്ചിട്ട മുറിയിലായിരുന്നു ജാമ്യാപേക്ഷാ വാദം. തനിക്കെതിരായ പ്രതിഭാഗം വക്കീലിന്റെ പരാമര്‍ശങ്ങള്‍ അന്ന് ആ പെണ്‍കുട്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മാനസികമായി തകര്‍ന്ന നിലയിലായിരുന്നു അവള്‍. നിങ്ങളുടെ അമ്മയ്‌ക്കോ സഹോദരിക്കോ ആണിങ്ങനെ സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ എന്ന് പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനോട് ചോദിക്കുകയുമുണ്ടായി. അവള്‍ കടന്നുപോയ ജീവിതാവസ്ഥ വളരെ ദയനീയമായിരുന്നു. കേസില്‍ പ്രതിക്ക് ജീവപര്യന്തം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ സംതൃപ്തി തോന്നി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സംവിധാനങ്ങള്‍ ഇനിയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് പകര്‍ന്ന കേസാണിത്. പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം ഹൈക്കോടതി ഉത്തരവനുസരിച്ച് കേസിന്റെ സാക്ഷി വിസ്താരം മുഴുവന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ഇന്ത്യയിലെ ആദ്യ കേസാണിത്.
അഡ്വ. എ.സി. ഈപ്പന്‍ (പത്തനംതിട്ട ജില്ലാ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ )
Content Highlights: aranmula ambulance rape case
Published: 11 Apr 2025, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented