വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാനകഥാപാത്രങ്ങളായ 'രണബാലി' കഴിഞ്ഞദിവസമാണ് റിലീസായത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിവസം കളക്ട് ചെയ്തത് 16.50 കോടി രൂപയാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ.രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ രണബാലിയാകുന്നത് വിജയ് ആണ്. അദ്ദേഹത്തിന്റെ പങ്കാളിയായ ജയമ്മയാവുന്നത് രശ്മികയും. വർഷങ്ങൾക്കുശേഷം വിജയ്‌യും രശ്മികയും ഒരുമിക്കുന്ന ചിത്രമാണെന്ന പ്രത്യേകത ഇതിനുണ്ട്. വിവാഹശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ആ സംഭവത്തെക്കുറിച്ച് വിജയ് പറഞ്ഞതിങ്ങനെ. ''ഞാൻ ഈ സിനിമ മൂന്നുതവണ കണ്ടു; രണ്ടുതവണ എഡിറ്റിങ്ങിനിടയിലും, ഇന്നലെ കണ്ട ഫൈനൽകട്ടും. എന്നാൽ ഇന്നലെ ആ രംഗങ്ങൾ കണ്ടപ്പോൾ എനിക്ക് തൊണ്ടയിടറിപ്പോയി. എന്റെ പിന്നിലിരുന്ന അമ്മ പൊട്ടിക്കരയാൻ തുടങ്ങി. “അമ്മേ, ഇതൊരു സിനിമ മാത്രമാണല്ലോ' എന്ന് ഞാൻ പലതവണ പറഞ്ഞിട്ടും അമ്മ ഉറക്കെ കരഞ്ഞുകൊണ്ടേയിരുന്നു. പൊതുസ്ഥലങ്ങളിൽ ഞങ്ങൾ സാധാരണയായി ഇങ്ങനെ കരയാറില്ല. ഒടുവിൽ, കുറച്ചുനേരം അമ്മയുടെ അരികിൽ പോയി ഇരിക്കാൻ ഞാൻ റുഷിയോട് (രശ്മിക) ആവശ്യപ്പെടേണ്ടി വന്നു”.

സിനിമയിലെ ചില രംഗങ്ങൾ തന്റെ കുട്ടിക്കാലത്തെ സുഹൃത്തുക്കളിലും സമാനമായ അനുഭവം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: ''അത് സ്വാഭാവികമാണ്, കാരണം അവർ എന്റെ അമ്മയാണല്ലോ. എന്നാൽ എന്റെ സ്‌കൂൾ സുഹൃത്തുക്കൾ എന്റെ മുന്നിലിരിക്കുകയായിരുന്നു, അവരിലൊരാൾ കരയാൻ തുടങ്ങി. കണ്ണുനീർ അടക്കിനിർത്താൻ കഴിയുന്നില്ലെന്നാണ് അവൻ എന്നോട് പറഞ്ഞത്. അതിനാൽ, കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഇതൊരു തീവ്രവും വൈകാരികവുമായ സിനിമയാണ്''.

'രണബാലി'യിലെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, രശ്മിക അവതരിപ്പിച്ച 'ജയമ്മ'യാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് വിജയ് പറഞ്ഞു. ''എനിക്ക് ജയമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്‌ക്രീനിലും സ്‌ക്രീനിന് പുറത്തും എനിക്കവളോട് ഇഷ്ടമുണ്ട്. അതുകൊണ്ട്, ജയമ്മ എപ്പോഴും എന്റെ ആദ്യ പരിഗണനയിലായിരിക്കും. വിവാഹസാരി അണിഞ്ഞ് അവൾ വീട്ടിലേക്ക് കടന്നുവരുന്ന രംഗമുണ്ട്. ആ വേഷത്തിലാണ് ഈ കഥാപാത്രത്തെ ഞാൻ ആദ്യമായി സെറ്റിൽവെച്ച് കാണുന്നത്. അപ്പോൾ ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ വിവാഹിതരായിരുന്നില്ല, അതുകൊണ്ട് തന്നെ അവളെ ഒരു വധുവിന്റെ വേഷത്തിൽ കണ്ടപ്പോൾ ഞാൻ വല്ലാതെ ഇമോഷണലായി'', വിജയ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi