
ഹൈദരാബാദിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വൈശാഖിന് അപ്രതീക്ഷിതമായാണ് ജോലി നഷ്ടമായത്. മറ്റൊരു ജോലി കിട്ടുന്നതുവരെ ജീവിതചെലവുകള്‍, വീട്ടുവാടക, കുട്ടികളുടെ സ്‌കൂള്‍ ഫീസ് എന്നിവക്കായി പണം കണ്ടെത്തണം.
വ്യക്തിഗത വായ്പയെടുക്കാമെന്ന് കരുതിയെങ്കിലും ജോലി നഷ്ടപ്പെട്ടതിനാല്‍ അത് തരപ്പെടുത്താനായില്ല. സുഹൃത്തുക്കളോട് ചോദിക്കാന്‍ മനസ് അനുവദിച്ചുമില്ല. ഗത്യന്തരമില്ലാതെയാണ് ഭാര്യയുടെ കൈവശമുള്ള സ്വര്‍ണം പണയംവെക്കാന്‍ തീരുമാനിച്ചത്. രണ്ടുമാസത്തിനുള്ളില്‍ മറ്റൊരു ജോലി കിട്ടിയില്ലെങ്കില്‍ ആ വഴിയേതന്നെ വീണ്ടും പണം കണ്ടെത്തേണ്ടിവരും.
വൈശാഖിന്റെ സേവിങ്‌സ് അക്കൗണ്ടില്‍ കുറച്ചു തുക മാത്രമാണ് അവശേഷിച്ചിരുന്നത്. ഓഹരിയില്‍ നിക്ഷേപമുണ്ടെങ്കിലും നഷ്ടത്തില്‍ വില്‍ക്കേണ്ടിവരും. ജോലി ചെയ്തിരുന്ന സ്ഥാപനം ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കവറേജ് ഇനി കിട്ടില്ല. പെട്ടെന്ന് ചികിത്സ വേണ്ടിവന്നാല്‍ അതിനും പണമില്ല. ഇത്തരം സാഹചര്യങ്ങളുണ്ടാകുക മുന്നറിയിപ്പുകളില്ലാതെയാകും. അതുകൊണ്ടുതന്നെ അടിയന്തിര സാഹചര്യം നേരിടാന്‍ എമര്‍ജന്‍സി ഫണ്ട് കരുതിവെക്കണം.
മൂന്ന് തരത്തില്‍ ക്രമീകരിക്കാം
പെട്ടെന്ന് എടുത്ത് ഉപയോഗിക്കുന്നതിന് നിശ്ചിത തുക പണമായി സൂക്ഷിക്കാം. യു.പി.ഐയുമായി ബന്ധിപ്പിച്ച സേവിങ്‌സ് അക്കൗണ്ടുണ്ടായാലും മതി. ഒരു മാസത്തെ ചെലവുകള്‍ക്കുള്ള പണം ഇത്തരത്തില്‍ ക്രമീകരിക്കുന്നത് ഉചിതമാകും. ബാക്കിയുള്ളതില്‍ നിശ്ചിത ശതമാനം തുക എഫ്.ഡി പോലെ പ്രവര്‍ത്തിക്കുന്ന സ്വീപ്പ് ഇന്‍ ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. അക്കൗണ്ടിലെ ബാലന്‍സ് മുന്‍കൂട്ടി നിശ്ചയിച്ച പരിധിക്ക് താഴെയാകുമ്പോള്‍ എഫ്.ഡിയില്‍നിന്ന് തുക സേവിങ് അക്കൗണ്ടിലേക്കെത്തും. സേവിങ്‌സ് അക്കൗണ്ടില്‍ നിശ്ചിത തുകയില്‍ കൂടുതലെത്തിയാല്‍ അത് എഫ്.ഡിയിലേക്ക് മാറുകയും ചെയ്യും. സാധാരണ സേവിങ്‌സ് അക്കൗണ്ടിലേതിനേക്കാള്‍ ഉയര്‍ന്ന പലിശ നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
എമര്‍ജന്‍സി ഫണ്ടിന്റെ അടുത്ത ഭാഗം ലിക്വിഡ് ഫണ്ടുകളിലോ അള്‍ട്രാ ഷോട്ട് ടേം ഫണ്ടുകളിലോ ക്രമീകരിക്കാം. എഫ്.ഡിയേക്കാള്‍ കൂടുതല്‍ വരുമാനം ഈ ഫണ്ടുകള്‍ നല്‍കിവരുന്നതായി കാണുന്നു. ബാങ്ക് നിക്ഷേപത്തില്‍നിന്ന് വ്യത്യസ്തമായി, പണം പിന്‍വലിച്ചാല്‍ മാത്രമെ നികുതി ബാധ്യതയുണ്ടാകൂ. ടി.ഡി.എസ്. ഈടാക്കില്ല. നിക്ഷേപം പിന്‍വലിച്ചാല്‍ ഒന്നോ രേണ്ടോ ദിവസത്തിനുള്ളില്‍ തുക അക്കൗണ്ടില്‍ എത്തുകയും ചെയ്യും.
എത്ര തുക കരുതണം?
ഓരോരുത്തരുടെയും ജീവിത ചെലവ് കണക്കാക്കി വേണം തുക നിശ്ചയിക്കാന്‍. ആശ്രിതര്‍, വരുമാന സ്രോതസ്സുകള്‍, ബാധ്യതകള്‍ തുടങ്ങിയവ പരിഗണിച്ച് തുക നിശ്ചയിക്കാം. ആറ് മാസത്തെ ചെലവുകള്‍ക്കുള്ള പണമെങ്കിലും എമര്‍ജന്‍സി ഫണ്ടായി കരുതാം.
Content Highlights: how to make emergency fund cash reserve for unplanned expenses
Published: 23 Dec 2024, 12:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented