
സ്വര്‍ണം പണയം വെച്ചും വ്യക്തിഗത വായ്പയെടുത്തുമാണ് രാജീവ് ഓഹരിയില്‍ നിക്ഷേപം തുടങ്ങിയത്. വിപണിയില്‍ സമര്‍ഥമായി ഇടപെടുന്നതിനാല്‍ പലപ്പോഴും മികച്ച നേട്ടം അദ്ദേഹത്തിന് ലഭിക്കാറുണ്ട്. വാങ്ങലും വില്‍ക്കലും അതില്‍നിന്നുള്ള നേട്ടവും പലപ്പോഴും അദ്ദേഹത്തെ ആവേശഭരിതനാക്കി. 30 ഓളം ഓഹരികളിലായി 25 ലക്ഷത്തിലേറെ രൂപ ഇതിനകം മുടക്കിയിട്ടുണ്ട്.
കോളേജില്‍ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ജെയിംസ് സാറിനെ കാണാനിടയായത് ആയിടെയാണ്. സംസാരത്തിനിടെ സ്വാഭാവികമായും ഓഹരി നിക്ഷേപവും കടന്നുവന്നു. 30 വര്‍ഷത്തോളമായി സ്റ്റോക്ക് മാര്‍ക്കറ്റില്‍ അനുഭവ പരിചയമുള്ളയാളാണ് ജെയിംസ്. രാജീവന്റെ നിക്ഷേപ രീതിയറിഞ്ഞപ്പോള്‍ സ്വന്തം അനുഭവം പങ്കുവെച്ചു.
2021ന് ശേഷം നിക്ഷേപം തുടങ്ങിയവര്‍ വിപണിയുടെ പ്രയാണം മാത്രമാണ് കണ്ടിട്ടുള്ളത്. ഇടക്കെപ്പോഴൊക്കെയോ ഉണ്ടായ ചെറിയ ഇടിവുകളില്‍ സമര്‍ഥമായി ഇടപെട്ടതിന്റെ അമിത ആത്മവിശ്വാസത്തിലാണ് രാജീവെന്ന് ജെയിംസിന് മനസിലായി. 2008-ലെ കനത്ത തകര്‍ച്ചയില്‍ വലിയൊരു തുക നഷ്ടമായ ജെയിംസ് അക്കാര്യം രാജീവിനോട് പങ്കുവെച്ചു. 2008 ജനുവരിയില്‍ 21,000 ലെത്തിയ സെന്‍സെക്‌സ്, ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2008 ഓക്ടോബറില്‍ 8,000 ത്തിലേക്കാണ് തകര്‍ന്നത്. 2007ല്‍ വലിയൊരു തുക പെന്നി ഓഹരികളില്‍ മുടക്കി കൈപൊള്ളിയ അനുഭവവും തെല്ലൊരു ഉള്‍ക്കിടിലത്തോടെയാണ് വിശദീകരിച്ചത്. ദിനംപ്രതിയുള്ള വാങ്ങലും വില്‍ക്കലും ചിലപ്പോഴൊക്കെ നേട്ടം സമ്മാനിച്ചെങ്കിലും മൊത്തം കണക്കെടുത്തപ്പോഴാണ് നഷ്ടത്തിന്റെ മഞ്ഞുമല ദൃഷ്ടിയില്‍പ്പെട്ടത്.
ഹ്രസ്വകാല നേട്ടങ്ങള്‍ക്കും ട്രെന്‍ഡിങ് ഓഹരികള്‍ക്കും പിന്നാലെ പോകുന്നത് അപകടകരമായ 'ഗെയിം' ആണെന്ന് അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. വിപണി തുടര്‍ച്ചയായി ഉയരുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ ഇപ്പോഴുള്ള ആശങ്കകള്‍ അത്ര ചെറുതൊന്നുമല്ലെന്ന് കൂട്ടത്തില്‍ ജെയിംസ് പറഞ്ഞൊപ്പിച്ചു.
ഓഹരി നിക്ഷേപത്തിന്റെ നേട്ടവും കോട്ടവും അനുഭവത്തില്‍നിന്ന് വിശദീകരിക്കാന്‍ ജെയിംസ് ശ്രമിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുള്ള കടുംബത്തിന് ആവശ്യത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പോലും രാജീവ് എടുത്തിട്ടില്ലായിരുന്നു. നിലവിലെ വിപണി സാഹചര്യത്തില്‍ റിസ്‌ക് കുറച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ അദ്ദേഹം രാജീവിന് മുന്നില്‍വെച്ചു. ഡെറിവേറ്റീവ് ഇടപാടുകള്‍ ഉടനെ നിര്‍ത്തിവെക്കുക. വ്യക്തിഗത വായ്പ തിരിച്ചടച്ച് ബാധ്യത തീര്‍ക്കുക. മൊത്തം നിക്ഷേപത്തില്‍ 40 ശതമാനമെങ്കിലും സ്ഥിര നിക്ഷേപമാക്കുക. ദീര്‍ഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഘട്ടംഘട്ടമായി മാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. വിപണിയില്‍ തകര്‍ച്ചയുണ്ടാകാന്‍ കാത്തിരിക്കുന്നവനാണ് യഥാര്‍ഥ നിക്ഷേപകനെന്നുകൂടി പറഞ്ഞപ്പോള്‍ രാജീവിന് അതത്ര ഉള്‍ക്കൊള്ളാനായില്ല.
2008ലെ തകര്‍ച്ചയില്‍ എന്നന്നേക്കുമായി വിപണിയില്‍നിന്ന് പിന്‍വാങ്ങിയവരില്‍ പലര്‍ക്കും അതിന്റെ നടുക്കത്തില്‍നിന്ന് ഇപ്പോഴും വിടുതല്‍ ലഭിച്ചിട്ടില്ല. അതേതുടര്‍ന്ന് ഓഹരി നിക്ഷേപം എന്നന്നേക്കുമായി ഉപേക്ഷിച്ചവരും കുറവല്ല. അപ്രതീക്ഷിത സംഭവങ്ങള്‍ വിപണിയുടെ ഭാഗമാണെന്ന് മനസിലാക്കി അതിനെ നേരിടാനുള്ള 'പ്ലാന്‍ ബി'യുണ്ടെങ്കില്‍ വിപണിയിലെ തകര്‍ച്ചക്കായി നിങ്ങള്‍ കാത്തിരിക്കും, കാരണം അതില്‍നിന്നാണല്ലോ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുക. ജെയിംസിന്റെ വാക്കുകള്‍ ഇപ്പോഴാണ് രാജീവിന് ബോധിച്ചത്. വിപണിയില്‍ എപ്പോഴും ഒരു കരുതല്‍ ആവശ്യമാണെന്ന തിരിച്ചറിവോടെയാണ് രാജീവ് അന്ന് പിരിഞ്ഞത്.
Content Highlights: money too colum, how to manage money
Published: 15 Oct 2024, 04:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented