ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ വായ്പയ്ക്ക് സമീപിച്ചാല്‍ അവര്‍ ആദ്യം നോക്കുന്നത് വായ്പ എടുത്താല്‍ നിങ്ങള്‍ക്ക് അത് കൃത്യമായി തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോ എന്നാണ്. അതിന് ഇപ്പോള്‍ നിങ്ങളെ മൊത്തം അരച്ചുകലക്കികുടിച്ചുനോക്കുകയൊന്നും വേണ്ട. ക്രെഡിറ്റ് സ്‌കോര്‍ നോക്കിയാല്‍ മതി. കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന സ്വകാര്യപണമിടപാടുസ്ഥാപനങ്ങള്‍ പോലും ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ നോക്കിയേ വായ്പ നല്‍കൂ എന്ന സ്ഥിതി ആയിട്ടുണ്ട്.

നിങ്ങള്‍ എടുത്തിട്ടുള്ള വായ്പകളുടെ എണ്ണം, അതിന്റെ സ്വഭാവം, തിരിച്ചടവില്‍ വരുത്തുന്ന വീഴ്ചകള്‍ തുടങ്ങിയവയൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കും. എന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നിങ്ങളറിയാതെ തന്നെ മോശമാക്കുന്ന മറ്റൊന്നുണ്ട്. അത് ക്രെഡിറ്റ് കാര്‍ഡാണ്.

കൃത്യമായി ബില്ലടയ്ക്കുന്നതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡിനെ പേടിക്കേണ്ട എന്നാണ് നമ്മളെല്ലാം കരുതുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് ആണ് ഇവിടെ വില്ലനാകുന്നത്. ഓരോമാസവും പരമാവധി എത്രരൂപയുടെ വരെ പര്‍ച്ചേസ് ക്രെഡിറ്റായി നടത്താം എന്ന് നിശ്ചയിച്ചിരിക്കുന്ന തുകയാണ് ക്രെഡിറ്റ് ലിമിറ്റ്. ഇത് പൂര്‍ണമായും നിങ്ങള്‍ മാസാമാസം വിനിയോഗിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് സന്തോഷം. അതിനവര്‍ നിങ്ങളെ പരമാവധി പ്രോത്‌സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ഓരോ മാസവും കാര്‍ഡ് ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 30-40 ശതമാനത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്.

ഒരു കാരണവശാലും സ്ഥിരമായി ക്രെഡിറ്റ് ലിമിറ്റിന്റെ ഉപയോഗം 50 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപയോഗം 50 ശതമാനത്തില്‍ കൂടുംതോറും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിക്കൊണ്ടിരിക്കും. കാരണം നിങ്ങളുടെ സാമ്പത്തികശേഷി മോശമായതുകൊണ്ടാണല്ലോ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് എന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ചിന്തിക്കുക. ക്രെഡിറ്റ് ലിമിറ്റ് മുഴുവനായും നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുംതോറും നിങ്ങള്‍ക്ക് പണം കയ്യിലില്ലാത്ത അവസ്ഥയാണെന്നും അവര്‍ വിധിയെഴുതും. 

നിങ്ങള്‍ക്ക് പണത്തിന് ആവശ്യവുമുണ്ട്, ക്രെഡിറ്റ് ലിമിറ്റ് കൂടുതലായി ഉപയോഗിക്കുകയും വേണം, അതേസമയം ക്രെഡിറ്റ് സ്‌കോര്‍ മോശമാവുകയും ചെയ്യരുത്. അതിന് വഴിയുണ്ടോ? ഏതാണ്ടെല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്.

വഴിയുണ്ട്. പക്ഷേ തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രം അത് സ്വീകരിച്ചാല്‍ മതി. കാരണം നിങ്ങളുടെ പ്രശ്‌നത്തിന് പൂര്‍ണപരിഹാരമാകില്ലെങ്കിലും താല്‍ക്കാലിക ആശ്വാസം ലഭിക്കും.

നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ഉയര്‍ത്തിവാങ്ങുക എന്നതാണ് അതിലൊന്ന്. ഇങ്ങനെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തിവാങ്ങിയശേഷം ക്രെഡിറ്റ് ലിമിറ്റ് ഉപയോഗം പകുതിയില്‍ താഴെയാക്കി നിര്‍ത്തണം. ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തിക്കിട്ടുന്നില്ലെങ്കില്‍ മറ്റൊരു ക്രെഡിറ്റ് കാര്‍ഡുകൂടി എടുക്കുക. രണ്ട് കാര്‍ഡിന്റെയും ക്രെഡിറ്റ് ഉപയോഗം ലിമിറ്റിന്റെ പകുതിയില്‍ താഴെയാക്കി നിര്‍ത്താന്‍ കര്‍ശനമായി ശ്രദ്ധിച്ചിരിക്കണം. പ്രതിമാസ ബില്ല് അടവ് മുടങ്ങാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. അതുപോലെ സ്ഥിരമായി മിനിമം തുക അടച്ച് ബില്ലടവ് നീട്ടിനീട്ടിക്കൊണ്ടുപോകരുത്. ബില്ലടയ്ക്കാനുള്ള തുക സമീപകാലത്തൊന്നും ലഭ്യമാകില്ല എന്നാണെങ്കില്‍ തുക ഇ.എം.ഐ ആയി അടയ്ക്കാനുള്ള മാര്‍ഗം സ്വീകരിക്കണം.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, ഇമെയില്‍: jayakumarkk8@gmail.com)