ടെലിവിഷന്‍ താരം ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത് കഴിഞ്ഞവര്‍ഷമാണ്. സ്‌റ്റേജ് മൂന്നിലെത്തി നില്‍ക്കുന്ന രോഗാവസ്ഥയെക്കുറിച്ച് നടി തന്നെയാണ് ആരാധകരോടു തുറന്നുപറഞ്ഞത്. ചികിത്സയുടെ ഓരോ ഘട്ടത്തെപ്പറ്റിയും തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റത്തെപ്പറ്റിയും വളരെ പോസിറ്റീവായിട്ടാണ് ഹിന ഖാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ അര്‍ബുദം സ്ഥിരീകരിച്ച ദിനത്തെപ്പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
കുടുംബത്തിനൊപ്പം താന്‍ അത്താഴം കഴിക്കുന്ന സമയത്താണ് പരിശോധനാഫലം അറിയുന്നത്. ''ആ രാത്രി ഞാന്‍ ഭക്ഷണം കഴിക്കുന്നതിനിടെ എന്റെ പങ്കാളി വന്നു, ഞാന്‍ കഴിച്ചുകഴിഞ്ഞശേഷം റിസള്‍ട്ട് പോസിറ്റീവാണെന്ന് അവനെന്നോടു പറഞ്ഞു. അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതെനിക്ക് ആഘാതമായി. പത്തുമിനിറ്റുനേരത്തേക്ക് ഒന്നും മിണ്ടാതിരുന്നു.
റിസള്‍ട്ട് അറിയുന്നതിനു തൊട്ടുമുമ്പ് ഞാനും സഹോദരനും കൂടി ഫലൂദ ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി ബോയ് ബെല്ലടിച്ചപ്പോള്‍ മധുരമുള്ള ഒന്ന് വീട്ടിലേക്ക് വന്നുവല്ലോ എന്നാണ് എനിക്ക് തോന്നിയത്. ആ ഫലൂദ ശരിക്കും നിര്‍ണായകമായി. വിഷമിക്കുന്നതിനു പകരം പോസിറ്റീവ് ആയിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങളൊന്നിച്ച് ഫലൂദ കഴിച്ച് ഉറങ്ങാന്‍ പോയി.''
ചികിത്സയുടെ സമയത്തുടനീളം തന്റെ പ്രിയപ്പെട്ടവരുടെ പ്രധാന്യം ബോധ്യപ്പെട്ടുകൊണ്ടേയിരുന്നുവെന്ന് ഹിന പറയുന്നു. ''നമ്മളേക്കാള്‍ വലിയ അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നതെന്ന് എനിക്കപ്പോള്‍ ബോധ്യപ്പെട്ടു. വീട്ടിലെ സാഹചര്യം പോസിറ്റീവായിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു രോഗിയെപ്പോലെ ഞാന്‍ പെരുമാറിയതേയില്ല. ഞാന്‍ സാധാരണ എങ്ങനെയാണോ അതുപോലെത്തന്നെ.
ശസ്ത്രക്രിയക്ക് എട്ടുമണിക്കൂര്‍ എടുക്കുമെന്നാണ് കരുതിയതെങ്കിലും അത് 15 മണിക്കൂര്‍ വരെ നീണ്ടു. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തേക്കുകൊണ്ടുവന്നപ്പോള്‍ ആദ്യം ചിന്തിച്ചത് പ്രിയപ്പെട്ടവരെപ്പറ്റിയാണ്. അവരെല്ലാം വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാനവരെ നോക്കി ചിരിച്ചു. കൈയില്‍ പിടിച്ചു. ആ ചിരി എല്ലാം മാറ്റിമറിച്ചു.''
2024 ജൂണിലാണ് ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെയാണ് ഹിന ഖാന്‍ പ്രശസ്തയായത്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. റോക്കി ജയ്‌സ്വാളാണ് ഹിന ഖാന്റെ ദീര്‍ഘകാല പങ്കാളി. രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഹിന ഖാനെ സന്തോഷിപ്പിച്ചും ഒപ്പംനിന്നും വലിയ പിന്തുണയാണ് റോക്കി നല്‍കുന്നത്. ഒട്ടേറെ ആരാധകരുള്ള ജോടിയാണ് ഇവരുടേത്.
Content Highlights: hina khan recalls the day of breast cancer diagnosis
Published: 10 Jan 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented