ജെന്‍സി ജീവിതരീതികളും സ്വഭാവങ്ങളും ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് നാളുകളായി. അവയിലൊന്നാണ് അവരുടെ ട്രീറ്റ് കള്‍ച്ചര്‍. ട്രീറ്റ് കള്‍ച്ചര്‍ ഒരു ജെന്‍സി ജീവിതരീതിയായി മാറിയിരിക്കുന്നു. എന്താണിത്? ഒരു തരത്തില്‍ ട്രീറ്റ് കള്‍ച്ചര്‍ സ്വയം പരിചരണമാണ്. 'ഞാനിത് അര്‍ഹിക്കുന്നു' എന്ന തോന്നലിന്റെ പുറത്ത് സ്വയം പ്രതിഫലം നല്‍കുന്ന ഒരു രീതി. ഉദാഹരണത്തിന്, തുടര്‍ച്ചയായി നാല് ദിവസം ഞാന്‍ ജിമ്മില്‍ പോയി അതിനാല്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു വസ്തു സ്വയം സമ്മാനമായി നല്‍കുന്നു. ചെറിയ ചെറിയ വിജയങ്ങളില്‍ പോലും ആനന്ദം കണ്ടെത്തുന്ന പോസിറ്റീവ് മനോഭാവമായും ഇതിനെ കാണാം.

To advertise here,

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനായി അവര്‍ ചെറിയ ട്രീറ്റുകളും സന്തോഷത്തിന്റെ നിമിഷങ്ങളും തങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ചേര്‍ക്കുന്നു. ജോലിസ്ഥലത്തെ ഒരു പ്രയാസമേറിയ ദിവസം ശാന്തമായി തരണം ചെയ്തതുപോലും സ്വയം അഭിനന്ദിക്കാനും പ്രതിഫലം നല്‍കാനുമുള്ള കാരണങ്ങളിലൊന്നാണ് അവര്‍ക്ക്. ഈ ചെറിയ പ്രതിഫലങ്ങള്‍ മാനസികാവസ്ഥയെ നിയന്ത്രിക്കുകയും, സന്തോഷത്തിന്റെ നിമിഷങ്ങള്‍ സൃഷ്ടിക്കുകയും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ആളുകളെ സഹായിക്കുകയും ചെയ്യുന്നു എന്നാണ് മാനസികാരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നുന്ന ഈ ട്രീറ്റുകള്‍ക്ക് ചില മറഞ്ഞിരിക്കുന്ന മോശം വശങ്ങളുണ്ട്. ഇതൊരു ശീലമായി മാറുമ്പോള്‍ പേഴ്‌സിലെ പണം പോകുന്നതും പലപ്പോഴും നമ്മളറിയാനിടയില്ല. പ്രത്യേകിച്ചും ട്രീറ്റ് കള്‍ച്ചറൊന്നും ഫോളോ ചെയ്യാത്തവരിൽ പോലും  ഡിജിറ്റല്‍ പേയ്‌മെന്റുകൾ ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ട്രീറ്റ് കള്‍ച്ചര്‍ കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും യുവതലമുറ നേരിടുന്ന വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍ ഈ പ്രവണത കൂടുന്നതിന് കാരണമാക്കിയെന്നും പറയാം. ഒരു മാസത്തെ ശമ്പളം ഒന്നിനും തികയാതെ വരുന്നതും ഇതുമൂലമുള്ള മറ്റൊരു പ്രതിസന്ധി കൂടിയാണ്. ഒറ്റനോട്ടത്തില്‍ ട്രീറ്റ് കള്‍ച്ചര്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും, കാലക്രമേണ അവ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദര്‍ക്ക് അഭിപ്രായമുണ്ട്.

സാധനങ്ങള്‍ വാങ്ങുന്നതിനുമുമ്പ് അല്‍പ്പനേരം ചിന്തിക്കുന്നതും പെട്ടെന്നുള്ള വാങ്ങലുകള്‍ ഒഴിവാക്കുന്നതും സാധനങ്ങള്‍ കാര്‍ട്ടില്‍ ഇട്ടുവെച്ച് പിന്നീട് വീണ്ടും പരിശോധിക്കുന്നതും നല്ലതാണ്. എടുത്തുചാടി ചെലവഴിക്കുന്നത് തടയാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗമാണിത്. അടിസ്ഥാനപരമായ മാനസികാരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനു പകരം, ആളുകള്‍ ആശ്വാസത്തിനായി ചെറിയ വാങ്ങലുകളെ ആശ്രയിക്കുന്നത് മാനസികാരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പണം ചെലവഴിക്കാതെ തന്നെ സംതൃപ്തി അനുഭവിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ആദ്യം തന്നെ ഇത്തരം ട്രീറ്റുകള്‍ക്കായി നിശ്ചയിച്ച് മാറ്റിവയ്ക്കുക. പക്ഷേ അതില്‍ കൂടുതല്‍ ഒരു കാരണവശാലും ചെലവഴിക്കരുത്.

ട്രീറ്റ് കള്‍ച്ചര്‍ മോശമാണെന്നല്ല, ഇവിടെ പ്രധാനം സന്തുലിതാവസ്ഥയാണ്. മാനസികാരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും ഒരുപോലെ പരിഗണിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi