പുതിയ തലമുറയിലെ ആളുകൾക്ക് ഫോണെടുത്ത് സംസാരിക്കാൻ വിമുഖതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. ആഗോളതലത്തിലുള്ള ഒരു പ്രവണതയാണിത്. ഡിജിറ്റൽ ലോകത്തേക്ക് പിറന്നുവീണ പുതുതലമുറ ഫോണിൽ സംസാരിക്കുന്നതിനെ തലവേദനയായിട്ടാണ് കാണുന്നത്. ബ്രിട്ടനിൽ കഴിഞ്ഞവർഷം നടന്ന ഒരു സർവേയിൽ 70 ശതമാനത്തിലധികം യുവാക്കൾക്കും ടെക്സ്റ്റ് മെസ്സേജ് അയക്കാനാണ് താത്പര്യമെന്ന് കണ്ടെത്തിയിരുന്നു. വോയ്സ് നോട്ടുകൾക്കും സ്വീകാര്യതയുണ്ട്. 40 ശതമാനത്തോളം പേരാണ് വോയ്സ് നോട്ട് അയക്കാൻ താത്പര്യപ്പെടുന്നത്. പക്ഷേ, അപ്രതീക്ഷിതമായ കോളുകളോട് പ്രതികരിക്കാൻ അവർക്ക് താത്പര്യമേയില്ലെന്ന് ദി മെട്രോ നടത്തിയ സർവേയിൽ പറയുന്നു.
അപ്രതീക്ഷിതമായ കോളുകൾ ലഭിക്കുമ്പോൾ പകുതിയിലധികം പേരും മോശം വാർത്തകളാണ് പ്രതീക്ഷിക്കുന്നത്. കോളെടുക്കാത്തതിന് പ്രധാന കാരണം അതുമായി ബന്ധപ്പെട്ട സമ്മർദ്ദംതന്നെ. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച ഫോൺ സംഭാഷണങ്ങൾക്ക് അവർ പ്രാധാന്യവും നൽകുന്നുണ്ട്. അറിയാത്ത നമ്പറുകളിൽ നിന്ന് കോൾ വന്നാൽ കൂടുതലും അവഗണിക്കുകയാണ്.
ദീർഘനേരം ഫോണിൽ സംസാരിക്കാൻ അവരിഷ്ടപ്പെടുന്നില്ല. വലിച്ചുനീട്ടാനില്ല, അത്യാവശ്യമുള്ള കാര്യങ്ങൾ വോയ്സ്നോട്ടായി അയക്കാം. സ്കാം കോളുകളോടുള്ള ഭയവും പുതിയ തലമുറ ഫോണെടുക്കാതിരിക്കാൻ കാരണമാണ്. ഫോൺ കോളുകളോടുള്ള ഈ വിമുഖത 35-നും54-നും ഇടയിൽ പ്രായമുള്ളവരിൽ കാണുന്നില്ല. ഈ പ്രായക്കാരിൽ നടത്തിയ സർവേയിൽ ഒരു ശതമാനം പേർ മാത്രമാണ് കോളുകളെക്കാൾ ടെക്സ്റ്റുകൾക്ക് മുൻഗണന നൽകിയത്.
മെസ്സേജിന്റെ ഗുണങ്ങളായി പുതിയ തലമുറ കാണുന്നത്
- ഇഷ്ടമുള്ളപ്പോൾ പ്രതികരിച്ചാൽ മതി. ഉടനടി മറുപടി പറയണമെന്ന സമ്മർദ്ദമില്ല. മറുപടി പറയുന്നതിന് മുമ്പ് ചിന്തിക്കാനും സമയം കിട്ടും, ഇത് ഉത്കണ്ഠ കുറയ്ക്കും.
- വ്യക്തിപരവും വൈകാരികവുമായ വിഷയങ്ങളിൽ നേരിട്ടു സംസാരിക്കുമ്പോഴുണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാം.
- മറ്റ് കാര്യങ്ങൾ ചെയ്യുന്നതിനിടെ തന്നെ മെസ്സേജിങ്ങും നടക്കും. ലളിതമായ വിവരങ്ങൾ വേഗത്തിൽ കൈമാറാം. കോൾ കണക്ട് ചെയ്യേണ്ട സമയം ലാഭിക്കാം.
ടെലിഫോബിയയും കാരണമാണ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് പറയുന്നതനുസരിച്ച്, ടെലിഫോബിയ ഒരുതരം ഉത്കണ്ഠാ രോഗമാണ്, കോളെടുക്കാനുള്ള ഭയം. വിമർശിക്കപ്പെടുമോ, വിലയിരുത്തപ്പെടുമോ, തിരസ്കരിക്കപ്പെടുമോ തുടങ്ങിയ ഭയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് സാമൂഹിക ഉത്കണ്ഠയുടെ പരിധിയിൽ വരുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 12 Jul 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented