വിരമിച്ച ശേഷമുള്ള ജീവിതത്തിന് കരുതിവെയ്ക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യം. അത് തിരിച്ചറിഞ്ഞാണ് രമ്യ 30-ാമത്തെ വയസ്സില്‍ നിക്ഷേപം തുടങ്ങിയത്. 60 വയസ്സാകുമ്പോള്‍ ജീവിക്കാന്‍ മാസം എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കലായിരുന്ന ആദ്യപടി.

50,000 രൂപയാണ് നിലവിലെ ജീവിതച്ചെലവ്.  ഇപ്പോഴത്തെപ്പോലെ അന്ന് ജീവിക്കണമെങ്കില്‍ മാസം 3.80 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഏഴ് ശതമാനം ശരാശരി വാര്‍ഷിക പണപ്പെരുപ്പ പ്രകാരമായിരുന്നു ഈ വിലയിരുത്തല്‍. പണപ്പെരുപ്പം അര ശതമാനം കൂടിയാല്‍ 60,000 രൂപയോളം മാസംതോറും അധികം കണ്ടെത്തേണ്ടിയുംവരും.  

വിലക്കയറ്റം മൂലം കാലാകാലങ്ങളില്‍ പണത്തിന് മൂല്യശോഷണമുണ്ടാകുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പണം കരുതിവെയ്ക്കുമ്പോള്‍ ദീര്‍ഘകാല ശരാശരി വാര്‍ഷിക പണപ്പെരുപ്പം പരിഗണിക്കേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്.

ഹ്രസ്വകാലയളവില്‍ പണപ്പെരുപ്പം കുത്തനെ കൂടുകയോ കുറയുകയോ ചെയ്യുന്നത് സാധാരണമാണ്. രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഔദ്യോഗിക മാനദണ്ഡ പ്രകാരമാണ് കണക്കാക്കാറെങ്കിലും യഥാര്‍ഥ വിലക്കയറ്റം അതിനും എത്രയോ മുകളിലാണ്. വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ വിലക്കയറ്റം ഇതിന് ഉദാഹരണാണ്. നിലവില്‍ 10 ശതമാനത്തിന് മുകളിലാണ് ഈ മേഖലകളിലെ ചെലവിലെ വര്‍ധന.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് കാലാകാലങ്ങളില്‍ പണപ്പെരുപ്പം നിശ്ചയിക്കുന്നത്. അത് തികച്ചും വിപണിയിലെ മാത്രം കാര്യമാണ്. എന്നാല്‍ വ്യക്തിഗത ജീവിതശൈലിയുമായി ബന്ധപ്പെട്ട ചെലവുകള്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ വര്‍ഷംതോറും എത്ര കൂടിയെന്ന് ആരും കണക്കുകൂട്ടാറില്ല. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യത്തിന്(പ്രത്യേകിച്ച് വിരമിക്കല്‍ ആസൂത്രണം) ഈ വര്‍ധന കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ കുടുംബത്തിലെ ചെലവുകളിലുണ്ടായ വര്‍ധനയെക്കുറിച്ച് ചെറിയതോതിലെങ്കിലും ധാരണ വേണം. ഇത് സാധാരണഗതിയില്‍ ഒമ്പത് മുതല്‍ 12 ശതമാനംവരെയാകാനാണ് സാധ്യത. ദീര്‍ഘകാല ശരാശരി പണപ്പെരുപ്പമായ 7-8 ശതമാനത്തോടൊപ്പം ഇതുകൂടി ചേര്‍ത്തുവേണം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം ആരംഭിക്കാന്‍.

ദീര്‍ഘകാലയളവിലെ ലക്ഷ്യങ്ങള്‍ നേടാന്‍ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന റിട്ടേണിന് പ്രാധാന്യം നല്‍കാം. അതുകൊണ്ടുതന്നെ കുറച്ച് റിസ്‌ക് എടുക്കുന്നതില്‍ തെറ്റില്ല. ഓഹരി അധിഷ്ഠിത പദ്ധതികളാകും യോജിച്ചത്. ഹ്രസ്വ കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങള്‍ക്കായി റിസ്‌ക് ഇല്ലാത്ത സ്ഥിര നിക്ഷേപ പദ്ധതികള്‍ പരിഗണിക്കാം. കൂടുതല്‍ തുക നിക്ഷേപിച്ചുകൊണ്ടായിരിക്കണം ഇവിടെ പണപ്പെരുപ്പത്തെ നേരിടേണ്ടത്.