മുഖത്ത് ഭാവങ്ങളെല്ലാം വ്യക്തമായി വരുത്താൻ കഴിയുന്നവരെയാണത്രേ കുരങ്ങുകൂട്ടങ്ങളിൽ നല്ല നേതാക്കന്മാരാവുന്നത്. കൂടുതൽ ഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന മുഖങ്ങളുള്ള കുരങ്ങുകൾക്ക് സഹിഷ്ണുതയോടെയുള്ള നേതൃത്വ ശൈലിയാണുള്ളതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
നേതാവ് കൂടുതൽ ഭാവങ്ങൾ പ്രകടിപ്പിക്കാനറിയുന്ന ഒരു കുരങ്ങാണെങ്കിൽ കൂട്ടത്തിലുള്ളവർ തമ്മിൽ നല്ല സാമൂഹിക ബന്ധങ്ങളുണ്ടാകുവെന്നാണ് നിരീക്ഷണം.
ചുണ്ടുകൾ ശബ്ദത്തോടെ കൂട്ടിയടിക്കുക, മൂക്ക് ചുളിക്കുക, താടിയെല്ല് താഴ്ത്തുക, പുരികം ഉയർത്തുക, ചെവികൾ പരത്തുക തുടങ്ങിയ വൈവിധ്യമാർന്ന ഭാവങ്ങളിലൂടെ എന്താണ് വേണ്ടതെന്ന് കൃത്യമായി മറ്റുള്ളവരെ മനസ്സിലാക്കിക്കാനും അതുവഴി ആശയക്കുഴപ്പങ്ങൾ കുറയ്ക്കാനും കുരങ്ങുനേതാക്കള്‍ക്ക് സാധിക്കുമത്രേ.
കുരങ്ങുകൾ സാമൂഹിക ജീവികളാണ്. ആധിപത്യം, കളിക്കാനുള്ള ആഗ്രഹം തുടങ്ങിയ ആവശ്യങ്ങൾ അറിയിക്കാൻ അവ മുഖഭാവങ്ങൾ ഉപയോഗിക്കുന്നു.
പഠനമിങ്ങനെ
റോയൽ സൊസൈറ്റി ജേണലായ പ്രൊസീഡിങ്സ് ബി-യിൽ പ്രസിദ്ധീകരിച്ച പഠനം, 66 റീസസ് മക്കാക്കുകളിലാണ് പ്രധാനമായും പഠനം നടത്തിയത്. സോൾസ്ബറിയിലുള്ള മെഡിക്കൽ റിസർച്ച് കൗൺസിലിൻ്റെ സെൻ്റർ ഫോർ മക്കാക്ക്സിൽ (സിഎഫ്എം) പാർപ്പിച്ച ഒമ്പത് കുരങ്ങുകൂട്ടങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഓരോ കൂട്ടത്തിലും പ്രായപൂർത്തിയായ ഒരു ആൺകുരങ്ങും, നിരവധി പെൺകുരങ്ങുകളും, അവയുടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 130 മണിക്കൂറിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.
ഓരോ കുരങ്ങിൻ്റെയും മുഖത്തെ പേശികളുടെ ചലനങ്ങൾ നിരീക്ഷിച്ചു. ചെവികളുടെ ചലനങ്ങളും വായ വലിച്ചുനീട്ടുന്നതും ഉൾപ്പെടെ 17 വ്യത്യസ്ത ഭാവങ്ങൾ അവർ രേഖപ്പെടുത്തി. കൂടുതൽ മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്ന ആൺകുരങ്ങുകൾക്ക് സാമൂഹികമായി കൂടുതൽ ബന്ധങ്ങളുണ്ടെന്നും അവയ്ക്ക് കൂട്ടങ്ങളിൽ കൂടുതൽ നേതൃസ്ഥാനമുണ്ടെന്നും ഗവേഷകർ പറയുന്നു.
സംഘത്തിൻ്റെ അഭിപ്രായത്തിൽ, മുഖഭാവങ്ങൾ നന്നായി പ്രകടിപ്പിക്കാൻ കഴിയുന്നവയ്ക്ക് ശക്തമായ സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും കഴിഞ്ഞേക്കും. ഇത് വിഭവങ്ങളുടെ ലഭ്യത, ഇണചേരാനുള്ള അവസരങ്ങൾ, ഭീഷണികളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലും പ്രതിഫലിച്ചേക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Facial expressions play a key role in monkey leadership, promoting tolerance and stronger social bonds within groups.
Published: 12 Sept 2025, 02:22 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented