ഐക്കിയയുടെ ഒറാംഗുട്ടാൻ പാവയെക്കുറിച്ച് ലോകം കൂടുതലറിഞ്ഞത്, പഞ്ച് എന്ന കുട്ടിക്കുരങ്ങനിലൂടെയാണ്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ (Ichikawa City Zoo) പഞ്ച് എന്ന കുരങ്ങൻകുഞ്ഞിന്റെ ഒറ്റപ്പെടലിന്റെ കഥ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. സ്‌നേഹം കൊതിക്കുന്ന ആ കുഞ്ഞുമനസ്സിന് കൂട്ടായെത്തിയതാണ് ഐക്കിയയുടെ സോഫ്റ്റ് ടോയ്. (Ikea soft toy)

To advertise here,

ആദ്യമൊന്നും പഞ്ച് പാവയെ തിരിഞ്ഞുനോക്കിയില്ലെങ്കിലും, പിന്നീട് പതുക്കെ അതിനോടടുത്തു. മറ്റ് കുരങ്ങൻമാർ പഞ്ചിനെ ആട്ടിയോടിക്കുമ്പോഴും, പഞ്ച് അഭയം തേടിയിരുന്നത് പാവയിലാണ്. അതിനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും കൈയിൽ കിട്ടുന്ന പഴങ്ങൾ വായിലേക്ക് വെച്ചുകൊടുത്തും പഞ്ച് പാവയെ സ്‌നേഹിച്ചു. പാവയെ കെട്ടിപ്പിടിച്ചാണ് കുഞ്ഞ് പഞ്ചിന്റെ ഉറക്കം പോലും.

വളരെ പെട്ടെന്ന് പഞ്ചും പാവയും ലോകത്തിന്റെ മനംകവർന്നു. അതോടെ പഞ്ചിന്റെ സുരക്ഷയ്ക്കായി ലക്ഷങ്ങളാണ് പലരും മൃഗശാലയ്ക്ക് നൽകിയത്. മുമ്പെങ്ങുമില്ലാത്തവിധം ക്യൂവാണ് ഓരോ ദിവസവും മൃഗശാലയ്ക്കുമുന്നിൽ. വരുന്നവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രം, പഞ്ചിനെയും അവന്റെ 'ഒറാൻ മമ്മ'യെയും ഒന്നുകാണണം, വീഡിയോ എടുക്കണം.

പഞ്ചിനൊപ്പം തന്നെ സോഫ്റ്റ് ടോയിയുടെയും ഡിമാന്റ് കുത്തനെയുയർന്നു. പല വിലയ്ക്കാണ് ഓൺലൈൻ സൈറ്റുകൾ പാവ വിൽക്കുന്നത്. 100 ഡോളർ (ഏകദേശം 9000 രൂപ) മുതൽ 384 ഡോളർ (34,000 രൂപ) വരെയാണ് പാവയുടെ വില. ജപ്പാൻ, അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ ഈ പാവ മുഴുവൻ വിറ്റുപോയതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ കുറച്ചുദിവസം മുമ്പ് പോസ്റ്റ് ചെയ്ത പഞ്ചിന്റെ ഒരു വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. പഞ്ച് ഒരു മുതിർന്ന കുരങ്ങിനടുത്തേക്ക് പോകുന്നതും, അത് പഞ്ചിനെ നിലത്ത് വലിച്ചിഴയ്ക്കുന്നതുമായിരുന്നു വീഡിയോ. ഒടുവിൽ പഞ്ച് പേടിച്ച് തന്റെ പാവയിൽ അഭയം തേടുന്നതും കാണാമായിരുന്നു.

ഈ ആശങ്കകൾക്കുള്ള ഉത്തരവുമായി മൃഗശാലാ അധികൃതർ പ്രസ്താവനയിറക്കി. ''പഞ്ചിനെ മറ്റു കുരങ്ങുകൾ ഉപദ്രവിക്കുകയും ഇങ്ങനെ പേടിപ്പിക്കുകയും ചെയ്യുമ്പോൾ, അവൻ സഹിഷ്ണുതയും മാനസികശക്തിയും ധൈര്യവും കാണിക്കുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi