കുതിരകൾ ചെവിയിളക്കുന്നത് മനസ്സിൽ എന്തോ കരുതിക്കൂട്ടിയാണെന്ന് പണ്ടുമുതലേ ആളുകൾക്കറിയാമായിരുന്നു. മനസ്സിലുള്ള എന്തോ ഒന്ന് പ്രകടിപ്പിക്കാനുള്ള ശ്രമം. പക്ഷേ, അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളെപ്പറ്റി അധികമാരും ശ്രദ്ധിച്ചിരുന്നില്ല. മറ്റു കുതിരകളുമായി 'കൊച്ചുവർത്തമാനങ്ങൾ' പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനുമെല്ലാം കുതിരകൾ മുഖത്ത് ഭാവങ്ങൾ വരുത്താറുണ്ടെന്നത് യാഥാർഥ്യമാണ്.

To advertise here,

ദേഷ്യം വരുമ്പോഴും കളിക്കുമ്പോഴും ഇണകളെ കാണുമ്പോഴുമെല്ലാം ഈ ഭാവങ്ങൾ അവർ പുറത്തെടുക്കും. കണ്ടുനിൽക്കുന്നവർക്ക് അതെളുപ്പം പിടികിട്ടണമെന്നില്ല. അതേസമയം, കുതിരകളല്ലാത്ത മറ്റു ജീവികളോടും മുഖഭാവത്തിലൂടെ ആശയവിനിമയം നടത്താൻ അവർ ശ്രമിക്കാറുണ്ട്.

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കുതിരകളുടെ വ്യത്യസ്തഭാവങ്ങളുടെ ഒരു പട്ടിക തന്നെ ഗവേഷകർ തയ്യാറാക്കി. അതിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇവയാണ്.

കുതിരകൾ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നത് ചെവികൾ പിന്നോട്ട് ചായ്ച്ച് പരത്തിവെച്ചുകൊണ്ടാണ്. അപ്പോൾ പുരികത്തിൻ്റെ ഉൾഭാഗം ഉയരുകയും മൂക്കുകൾ വികസിക്കുകയും അവർ തല താഴ്ത്തുകയും ചെയ്യും. ഒരു കുതിര ജാഗ്രതയിലോ ആകാംക്ഷയിലോ ആയിരിക്കുമ്പോൾ, അവയുടെ ചെവികൾ മുന്നോട്ടുന്തി നിൽക്കും, ഇടയ്ക്കിടെ കണ്ണുചിമ്മുകയും ചെയ്യും.

സൗഹൃദഭാവത്തിലായിരിക്കുമ്പോൾ, കുതിരകൾ സാധാരണയായി നിർവികാരരായിരിക്കും, അതായത് ഈ വികാരം പ്രകടിപ്പിക്കാൻ വ്യക്തമായ മുഖഭാവങ്ങൾ ഒന്നും ഉണ്ടാകില്ല. കളിക്കുമ്പോൾ, കീഴ്ചുണ്ട് പലപ്പോഴും താഴ്ത്തുകയും, താടി ഉയർത്തുകയും, ചുണ്ടുകൾ അകത്തുകയും, വായ മലർക്കെ തുറക്കുകയും, ചെവികൾ പിന്നോട്ട് തിരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ, കളിക്കുന്ന സമയത്ത് കുതിരകളുടെ കണ്ണിലെ വെള്ളഭാഗം കൂടുതൽ ദൃശ്യമാകുമെന്നും, മൂക്ക് മുന്നോട്ട് തള്ളുമെന്നും, തല മുകളിലേക്കോ വലത്തോട്ടോ തിരിക്കുമെന്നും സംഘം നിരീക്ഷിച്ചു.

മറ്റ് കുതിരകളുമായി സൗഹൃദപരവും സമാധാനപരവുമായ ഇടപെടലുകൾ നടത്തുമ്പോൾ, അവ മൂക്ക് മുന്നോട്ട് നീട്ടാറുണ്ടെന്നും ഗവേഷകസംഘം പറയുന്നു. അതേസമയം, എന്തെങ്കിലും ശ്രദ്ധിക്കുമ്പോൾ, കുതിരകളുടെ ചെവികൾ സാധാരണയായി മുന്നോട്ടു ചേർത്തുവെച്ച നിലയിലായിരിക്കുമെന്നും കണ്ടെത്തി.

ബ്രിട്ടനിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകരാണ് പുതിയ നിരീക്ഷണത്തിനു പിന്നിൽ. കുതിരകളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ നിരീക്ഷിക്കുകയായിരുന്നു. മനുഷ്യരോടും കുതിരകൾ മുഖഭാവത്തിലൂടെ സംസാരിക്കാൻ ശ്രമിക്കാറുണ്ടെന്നും സംഘം പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi