ഒരു മനുഷ്യന്റെ മുഖം ആര്‍ക്കെല്ലാം തിരിച്ചറിയാന്‍ സാധിക്കുമെന്ന ചോദ്യത്തിന് മറ്റൊരു മനുഷ്യന് എന്നുതന്നെയാകും മറുപടി. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല മനുഷ്യരുടെ മുഖം തിരിച്ചറിയാന്‍ ചില മൃഗങ്ങള്‍ക്കും സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. മൃഗങ്ങളെന്നു കേള്‍ക്കുമ്പോഴും

To advertise here,

ഒരുപക്ഷെ ആദ്യം മനസ്സില്‍ തെളിയുന്നത് വളര്‍ത്തുനായയുടേതായിരിക്കും. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റുചില ജീവിവര്‍ഗത്തിനും മനുഷ്യന്റെ മുഖം തിരിച്ചറിയാനുള്ള കഴിവുണ്ടത്രേ... മുഖം ഓര്‍ത്തെടുക്കാന്‍ മാത്രമല്ല, മറിച്ച് ചില സാഹചര്യങ്ങളില്‍ അവയോടുള്ള പെരുമാറ്റരീതിവരെ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അത്തരം ചില ജീവിവര്‍ഗങ്ങളെ പരിചയപ്പെടാം...

കുതിര

കുതിരയ്ക്ക് നിങ്ങളാരാണെന്ന് കൃത്യമായി ഓര്‍മിച്ചെടുക്കാനും ഫോട്ടോഗ്രാഫുകള്‍ നോക്കി മുഖം തിരിച്ചറിയാനും പഴയകാല അനുഭവവുമായി അത് ബന്ധിപ്പിക്കാനും സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവസാനം നിങ്ങള്‍ കുതിരയെ കണ്ടപ്പോള്‍ സ്നേഹത്തിലായിരുന്നോ കര്‍ക്കശമായിട്ടാണോ പെരുമാറിയതെന്ന്  ഓര്‍ത്തെടുക്കാൻ പോലും അവയ്ക്ക് കഴിയും. മാസങ്ങളോളം ചില മുഖങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ കഴിയുമെന്നും  പഠനങ്ങള്‍ പറയുന്നു.

ആട്

പരിചയക്കാരെ തിരിച്ചറിയാന്‍ ആടുകള്‍ മിടുക്കരാണത്രേ. സെലിബ്രിറ്റികളടക്കമുള്ള ആളുകളുടെ മുഖങ്ങള്‍ തിരിച്ചറിയുന്നതിനായി കേംബ്രിജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആടുകള്‍ക്ക് ഫോട്ടോകള്‍ കാണിച്ച് പരിശീലനം നല്‍കിയിരുന്നതായി പറയുന്നു. അതിശയകരമാം വിധം ഇവ കൃത്യമായി  ആളുകളെ തിരിച്ചറിയുകയും ചെയ്തു.

മീൻ

മീനുകള്‍ക്ക് മനുഷ്യനെ തിരിച്ചറിയാന്‍ കഴിയുമെന്നത് അധികമാരും കേട്ടിട്ടില്ലാത്ത ഒന്നാണ്. എന്നാൽ സംഗതി ശരിയാണ്. പതിവായി കാണുന്ന മീനുകള്‍ നമ്മെ തിരിച്ചറിയുമെന്ന് പഠനങ്ങൾ പറയുന്നു. ഒരു കൂട്ടത്തില്‍ നിന്ന് പ്രത്യേക മുഖങ്ങള്‍ തിരച്ചറിയാന്‍ ആര്‍ച്ചര്‍ഫിഷിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിച്ചിരുന്നു. ഇത് വിജയകരമായിരുന്നു. സാധാരണായായി കാഴ്ചയുമായി ബന്ധപ്പെടുത്തുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ മത്സ്യങ്ങള്‍ക്കില്ല, എന്നിരുന്നാലും മനുഷ്യനെ തിരിച്ചറിയാനുള്ള പരീക്ഷണത്തില്‍ മീനുകള്‍ വിജയിച്ചത് പ്രധാനകാര്യമായി കണക്കാക്കപ്പെടുന്നു.

തേനീച്ച

തേനീച്ചകള്‍ക്ക് ചെറിയ ചെറിയ നിരവധി തലച്ചോറുകളാണ് ഉള്ളത്.  പരീക്ഷണങ്ങളില്‍ പ്രത്യേക പാറ്റേണുകളിലുള്ള മുഖങ്ങള്‍ തിരിച്ചറിയാന്‍ തേനീച്ചകള്‍ക്ക് സാധിച്ചിരുന്നു.

പന്നി

വൈകാരിക ബുദ്ധിയുള്ള മൃഗങ്ങളെന്നാണ് പന്നികളെ വിശേഷിപ്പിക്കാറുള്ളത്. അവര്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല അവരോട് ആരാണ് സ്‌നേഹത്തോടെ പെരുമാറിയതെന്ന് ഓര്‍ത്തുവയ്ക്കാനും സാധിക്കും. മനുഷ്യരുടെ മുഖഭാവങ്ങളോട് പോലും പ്രതികരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.

കാക്ക

ബുദ്ധിയുള്ള പക്ഷിയാണ് കാക്ക. അവയ്ക്ക് മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല, അവരോടുള്ള നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്നും ഓര്‍ത്തുവയ്ക്കാന്‍ കഴിയും. എന്നാല്‍ അതിലും അതിശയിപ്പിക്കുന്ന കാര്യം, ഇതവർ മറ്റുപക്ഷികളുമായി പങ്കുവെയ്ക്കുമെന്നുള്ളതാണ്. ‘ജാക്ക്ഡാവ്സ്’  എന്ന പക്ഷിയ്ക്കും ഈ കഴിവുണ്ട്.

കുരങ്ങന്‍

ആദിമമനുഷ്യന്റെ പൂര്‍വികനെന്ന് കരുതപ്പെടുന്ന കുരങ്ങുവര്‍ഗത്തില്‍പ്പെട്ട

ചിമ്പാന്‍സികള്‍, ഒറാങ്ഗുട്ടാന്‍ തുടങ്ങിയവയ്ക്ക് മനുഷ്യന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കും. അവര്‍ക്ക് മുഖവ്യത്യാസത്തിലൂടെ പരസ്പരം തിരിച്ചറിയാനാകും എന്നതുപോലെ മനുഷ്യരേയും മനസ്സിലാക്കാന്‍ സാധിക്കും. മുഖഭാവങ്ങളിലൂടെ മനുഷ്യരുടേതിന് സമാനമായി കാര്യങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇവ.

പാമ്പ്

പാമ്പുകള്‍ക്ക് നമ്മെ കാണാനാകില്ല. എന്നാല്‍ അവരെ കൈകാര്യം ചെയ്യുന്നവരെ തിരിച്ചറിയാന്‍ അവയ്ക്ക് കഴിയും. മുഖത്തെ ഫീച്ചറുകളേക്കാള്‍ അവ തിരിച്ചറിയുന്നതിന് ഗന്ധവും താപനിലയിലെ വ്യത്യാസവുമാണ്. നിരന്തരം ഒരു മനുഷ്യനുമായി ഇടപഴകുന്ന പാമ്പുകള്‍ അപരിചിതരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ആ മനുഷ്യനോട് ഇടപഴകുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi